Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

ത്വൂഫാനുൽ അഖ്സ്വാ ജ്വലിച്ചുനിന്ന പണ്ഡിത സഭയുടെ ആറാം അന്താരാഷ്ട്ര സമ്മേളനം

കെ.എം അശ്റഫ് നീർക്കുന്നം

അന്താരാഷ്ട്ര മുസ് ലിം പണ്ഡിത സഭ (അൽ ഇത്തിഹാദുൽ ആലമി ലി ഉലമാഇൽ മുസ് ലിമീൻ) യുടെ ആറാം പൊതുസമ്മേളനത്തിന്  കഴിഞ്ഞ ദിവസങ്ങളിൽ (ജനുവരി 6-10) ദോഹ സാക്ഷ്യം വഹിച്ചു. സ്ഥാപക നേതാവ് ശൈഖ് യൂസുഫുൽ ഖറദാവിയുടെ വിയോഗത്തിനു ശേഷം നടക്കുന്ന ആദ്യ ജനറൽ ബോഡി എന്നതിലുപരി, ഗസ്സയിലെ ഹമാസിന്റെ ചെറുത്തുനിൽപ്പും  ഇസ്രയേൽ നരനായാട്ടും അടയാളപ്പെടുത്തിയ ത്വൂഫാനുൽ അഖ്സ്വാ നൂറാം നാളിലേക്ക് അടുക്കുന്ന  സവിശേഷ സാഹചര്യത്തിലായിരുന്നു ഇത്തവണ ഇത്തിഹാദിന്റെ ജനറൽ ബോഡി. സമ്മേളനത്തിന്റെ മുഖ്യ പ്രമേയം “നാം ദീനിനെ സ്ഥാപിക്കും, ഉമ്മത്തിനെ ഉയിർത്തെഴുന്നേൽപിക്കും, നമ്മുടെ പരിപാവനതകളെ സംരക്ഷിക്കും” എന്നതായിരുന്നു. യു.എൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാജ്യങ്ങളിൽനിന്ന് പങ്കാളിത്തമുള്ള അന്താരാഷ്ട്ര പണ്ഡിത വേദിയാണ് ഇത്തിഹാദ്. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ  സഹായത്തോടെയാണ്  ദോഹയിലെ ഷെറാട്ടൺ ഹോട്ടലിൽ അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നായി വനിതകളടക്കം തൊള്ളായിരത്തിലധികം പണ്ഡിതൻമാർ സമ്മേളിച്ചത്.

ജനുവരി ആറിന് ശൈഖ് അബ്ദുർറസാഖ് ഖസൂമിന്റെ  ലഘുവായ അധ്യക്ഷ ഭാഷണത്തിനുശേഷം ഇത്തിഹാദിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെയും നേട്ടങ്ങളെയും പരിചയപ്പെടുത്തുന്ന  വീഡിയോ പ്രദർശനം നടന്നു.  ഇത്തിഹാദിന്റെ പ്രസിഡന്റ് ശൈഖ് സാലിം സഖാഫ് അൽജിഫ്രി, ഇത്തിഹാദ് നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറഞ്ഞു. ശാരീരിക പ്രയാസങ്ങളാൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഇത്തിഹാദിന്റെ വൈസ് പ്രസിഡൻറും  ഒമാൻ ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അഹ്മദ് അൽ ഖലീലിയുടെ സന്ദേശം മകൻ വായിച്ചു. വ്യത്യസ്ത കർമശാസ്ത്ര ധാരകളെ ഉൾക്കൊള്ളാനുള്ള ഇത്തിഹാദിന്റെ വിശാലതയും മുസ് ലിം ഉമ്മത്തിന്റെ പൊതുവായ വിഷയങ്ങളിൽ ഏവരെയും ഒന്നിപ്പിക്കാനുള്ള ഇത്തിഹാദിന്റെ ശ്രമങ്ങളെയും അദ്ദേഹം എടുത്തുപറഞ്ഞു.  ഇത്തിഹാദിന്റെ  മറ്റൊരു വൈസ് പ്രസിഡന്റായ ഡോ. ഇസ്വാമുൽ ബശീർ തന്റെ സ്വതസിദ്ധമായ ഭാഷാ ചാതുരിയോടെ, വർത്തമാനകാല സാഹചര്യത്തിൽ വിവിധ വിജ്ഞാനീയങ്ങളിൽ  നാം നേടിയെടുക്കേണ്ടുന്ന വൈജ്ഞാനിക കരുത്തിനെക്കുറിച്ച്  സംസാരിച്ചു. സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ആന്റ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ലോയുടെ പ്രസിഡന്റും ഐക്യരാഷ്ട്ര സഭയുടെ  സമാധാന നിരീക്ഷണ കാര്യാലയത്തിന്റെ അംബാസഡറുമായ ഡോ. മുജ്ബിൽ മുത്വൈർ അൽ റശീദി ആശംസകൾ നേർന്നു. ഉദ്ഘാടന സെഷന് സമാപനം കുറിച്ചു കൊണ്ട് ഇത്തിഹാദിന്റെ ജനറൽ സെക്രട്ടറി ശൈഖ് ഡോ. അലി ഖറദാഗി സംസാരിച്ചു. പ്രവാചകൻമാരുടെ അനന്തരാവകാശികളെന്ന നിലയിൽ പണ്ഡിതരുടെ ദൗത്യം ഓർമിപ്പിച്ചു  സംസാരം തുടങ്ങിയ അദ്ദേഹം ഇത്തിഹാദിന്റെ സ്ഥാപകനായ ശൈഖ് ഖറദാവിയെ പ്രത്യേകം അനുസ്മരിച്ചു. ഇത്തിഹാദിന്റെ പ്രവർത്തനങ്ങൾക്ക് ഖത്തർ ഭരണകൂടവും ജനതയും  നിർലോഭമായ സഹായ സഹകരണങ്ങളാണ് നൽകിയതെന്നും പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ദിവസം പണ്ഡിത സഭയുടെ കഴിഞ്ഞ ടേമിലെ പ്രവർത്തനങ്ങളെ കുറിച്ച റിപ്പോർട്ടവതരണവും അവലോകനവുമായിരുന്നു മുഖ്യ അജണ്ട.  റിപ്പോർട്ടിന് ശേഷം ചർച്ചകളും നിരൂപണവും നടന്നു.  വരുംകാലയളവിൽ ഇത്തിഹാദ്‌ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ പ്ലാനുകളുടെയും സ്ട്രാറ്റജികളുടെയും അവതരണമായിരുന്നു പിന്നീട്.  സദസ്സിനെ നാല് ഗ്രൂപ്പുകളായി തിരിച്ച് നയപരിപാടികളുടെ മുൻഗണനകളെ കുറിച്ചും സ്ട്രാറ്റജികളെ കുറിച്ചുമുള്ള  വർക് ഷോപ്പുകൾ  നടന്നു.

ഇത്തിഹാദിന്റെ സ്ഥാപകൻ, നൂറ്റാണ്ടിന്റെ പണ്ഡിതൻ  ഇമാം യൂസുഫുൽ ഖറദാവിയെ കുറിച്ച അനുസ്മരണമായിരുന്നു മൂന്നാം നാളിലെ ആദ്യ സെഷനിലെ മുഖ്യ അജണ്ട.  ശൈഖ് സാലിം സഖാഫ് അൽ ജിഫ്രി, ഡോ. അലി ഖറദാഗി, ഡോ. ഇസ്വാമുൽ ബശീർ തുടങ്ങിയവർ സംസാരിച്ചു. ഹമാസിന്റെ വിദേശകാര്യ വകുപ്പ് പ്രസിഡന്റ് ഖാലിദ് മിശ്അലിന്റെ പ്രഭാഷണമായിരുന്നു ഈ സെഷന്റെ ഹൈലൈറ്റ്. പ്രാദേശികമോ അറബികളുടേതോ ആയ ഒരു വിഷയമായി ന്യൂനീകരിക്കപ്പെട്ടു പോകുമായിരുന്ന ഫലസ്ത്വീൻ പ്രശ്നത്തെ ആ തലത്തിൽനിന്ന്  മുസ് ലിം ഉമ്മത്തിന്റെ പൊതു പ്രശ്നമാക്കി വിന്യസിച്ചതിൽ ഇമാം ഖറദാവിയുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.  ഫലസ്ത്വീൻ സംബന്ധമായ പ്രഭാഷണങ്ങൾ നടത്തുമ്പോഴും രചനകൾ നിർവഹിക്കുമ്പോഴും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കാനും അവയുടെ കൃത്യത ഉറപ്പു വരുത്താനും നിരന്തരമായി ശൈഖ് ബന്ധപ്പെടുമായിരുന്നുവെന്ന് ഖാലിദ് മിശ്അൽ ഓർമിച്ചു. 

പിന്നീടുള്ള സെഷനിൽ പണ്ഡിത സഭയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിൽ ജനറൽ സെക്രട്ടറിയായ ഡോ. അലി ഖറദാഗിയുടെ പേര് മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. അദ്ദേഹം ഐകകണ്ഠ്യേന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  ശൈഖ് അഹ്മദ് അൽ ഖലീലി (ഒമാൻ, ഗ്രാൻറ് മുഫ്തി), ശൈഖ് സാലിം സഖാഫ് അൽ ജിഫ്രി (ഇന്തോനേഷ്യ), ഡോ. ഇസ്വാമുൽ ബശീർ (സുഡാൻ), ശൈഖ് മുഹമ്മദ് അൽ ഹസൻ അദ്ദുദു (മൗറിത്താനിയ), ഡോ. മുഹമ്മദ് ഗൂർമാസ് (തുർക്കിയ), ഡോ. അബ്ദുൽ മജീദ് അന്നജ്ജാർ (തുനീഷ്യ) എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ. മുപ്പത്തിയേഴംഗ സെക്രട്ടറിയേറ്റ് അംഗങ്ങളിൽ മുപ്പത്തിയൊന്നംഗങ്ങളെ  തെരഞ്ഞെടുത്തു. ബാക്കി ആറംഗങ്ങളെ സെക്രട്ടറിയേറ്റാണ് തെരഞ്ഞെടുക്കുക. മൗലാനാ സൽമാൻ നദ് വിയാണ് ഇന്ത്യയിൽനിന്നുള്ള സെക്രട്ടറിയേറ്റ് അംഗം. പണ്ഡിത സഭയുടെ ജനറൽ സെക്രട്ടറി ലിബിയയിൽനിന്നുള്ള ഡോ. അലി മുഹമ്മദ് സ്വല്ലാബിയാണ്.

ഫലസ്ത്വീനിനു  വേണ്ടി മാറ്റിവെച്ച ദിനമായിരുന്നു നാലാം നാൾ. 'ത്വൂഫാനുൽ അഖ്സ്വായും ഉമ്മത്തിന്റെ പങ്കും' എന്നതായിരുന്നു സമ്മേളന സെഷന്റെ തലക്കെട്ട്. ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയുടെ ആത്മവിശ്വാസം ജ്വലിക്കുന്ന പ്രഭാഷണമായിരുന്നു ഗസ്സ കോൺഫറൻസിലെ ഏറ്റവും ഗംഭീരമായ പരിപാടി. ശൈഖ് ഇസ്സുദ്ദീനുൽ ഖസ്സാമിനെ ഉദാഹരിച്ച് ഫലസ്ത്വീൻ വിഷയത്തിൽ ഉലമാക്കളുടെ പങ്കിനെ പറ്റി പറഞ്ഞുകൊണ്ടാണ് ഇസ്മാഈൽ ഹനിയ്യ തന്റെ സംസാരം തുടങ്ങിയത്. എന്തുകൊണ്ട് ത്വൂഫാനുൽ അഖ്സ്വാ എന്ന ചോദ്യത്തിന് കൃത്യവും വ്യക്തവുമായ മറുപടിയായിരുന്നു ആ പ്രഭാഷണം (അതിന്റെ പൂർണരൂപം അടുത്ത ലക്കം പ്രബോധനത്തിൽ പ്രസിദ്ധീകരിക്കും).
പോരാളികളുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവു വന്നിട്ടില്ലെന്നും പോരാളി സംഘങ്ങൾ തികഞ്ഞ ഒത്തൊരുമയിലൂടെയാണ് മുന്നേറുന്നതെന്നും ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. ഒക്‌ടോബർ ഏഴിനു ശേഷമുള്ള ഗസ്സയുടെ സാമൂഹിക-സാമ്പത്തിക-ആരോഗ്യ മേഖലകളിലെ സ്ഥിതിഗതികളെ വിലയിരുത്തുന്ന അവതരണങ്ങളാണ് പിന്നീട് നടന്നത്. ഗസ്സക്ക് വേണ്ടി മുസ് ലിം ഉമ്മത്തിനും ഭരണകൂടങ്ങൾക്കും പണ്ഡിതർക്കും എന്തൊക്കെ ചെയ്യാമെന്ന ഗൗരവമുള്ള ആലോചനകൾ, നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ഗസ്സക്കു വേണ്ടിയുള്ള പ്രാർഥനകളും സഹായ വാഗ്ദാനങ്ങളും പെരുമഴയായി പെയ്തുതീർന്നാണ് അന്നത്തെ പരിപാടികൾ സമാപിച്ചത്.

രണ്ട് സിമ്പോസിയങ്ങളാണ് സമ്മേളനത്തിന്റെ അഞ്ചാം ദിനത്തെ സമ്പുഷ്ടമാക്കിയത്. ഗസ്സയുടെ പശ്ചാത്തലത്തിൽ കുടുംബ സംസ്കരണത്തെക്കുറിച്ച ആലോചനകളാണ് അതിൽ ഒന്നാമത്തേത്. പൊതുവിൽ കുടുംബ ഘടന നേരിടുന്ന സാംസ്കാരികവും ധാർമികവുമായ അപചയങ്ങളെ കുറിച്ച ബോധവൽക്കരണം, അന്താരാഷ്ട്ര തലത്തിൽ  നടക്കുന്ന കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള നിഗൂഢ പദ്ധതികൾ, ഉമ്മത്തിനെ സംരക്ഷിക്കുന്ന കോട്ടയെന്ന നിലയിൽ കുടുംബ സംരക്ഷണത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളെ കുറിച്ചായിരുന്നു ചർച്ചകൾ.  കുട്ടികളെയും സ്ത്രീകളെയും കുറിച്ച അന്താരാഷ്ട്ര കരാറുകളിലെ  നിഗൂഢ അജണ്ടകൾ (ഡോ. കാമിലിയാ ഹിൽമി ത്വൂലോൻ), ഗസ്സയിലെ  സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ (ഡോ. സിനാ അൽ ഹദ്ദാദ്), ഫലസ്ത്വീൻ കുടുംബങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ (ഡോ. മർവാൻ അബൂ ഫാരിസ്), കുടുംബ സംരക്ഷണം: സ്ട്രാറ്റജികൾ (ഡോ. ഫാത്വിമ അസ്സാം) തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ നടന്നു. ഡോ. മുഹമ്മദ് അൽ യാഫിഈ,  ഡോ. മുഹമ്മദ് സാലിം അദ്ദുദു,  ഡോ. അബ്ദുൽ ഹയ്യ് യൂസുഫ്, ഡോ. ഉമർ അബ്ദുൽ അസീസ് ബഹാഉദ്ദീൻ,  ഡോ. ഡെലിക് ഷെലൻക് എന്നിവരുടെ അവതരണങ്ങളും ശ്രദ്ധേയമായി.

രണ്ടാമത്തെ സിമ്പോസിയം, മുസ് ലിം ലോകത്തെ ചെറുപ്പങ്ങളിലേക്ക്  പടർന്നുകൊണ്ടിരിക്കുന്ന നിരീശ്വരവാദ- ലിബറൽ ആശയധാരകളെ കുറിച്ചായിരുന്നു. ഇതിന്റെ ഒന്നാമത്തെ സെഷൻ നിരീശ്വരവാദം ഉയർത്തുന്ന വെല്ലുവിളികളാണ് ചർച്ച ചെയ്തത്.  ഡോ. അലി ഖറദാഗി, ഡോ. ഇസ്വാം അൽ ബശീർ, ഡോ. അബ്ദുൽ മജീദ് അന്നജ്ജാർ എന്നിവർ പങ്കെടുത്തു. നിരീശ്വരത്വത്തെ ഇസ് ലാം എങ്ങനെ അഭിമുഖീകരിക്കുന്നു എന്ന രണ്ടാം സെഷനിൽ ഡോ. അലി സ്വല്ലാബി, ഡോ. ഹാത്വിം അബ്ദുൽ അളീം, ഡോ. മഹ്മൂദ് അന്നഫ്ഫാർ, ഡോ. സാലിം അശ്ശൈഖി എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. 'നവനാസ്തികത: വെല്ലുവിളികളും പ്രതിരോധ മാർഗങ്ങളും' എന്ന മൂന്നാം സെഷനിൽ ഡോ. ജാസിർ അൽ ഔദ, ഡോ. ഖാലിദ് ഹനഫീ, ഡോ. ഖാലിസ്വ് ഐദമീർ, ഡോ. ഫാദിൽ സുലൈമാൻ എന്നിവരുടെ പ്രബന്ധാവതരണങ്ങളുണ്ടായി.

പണ്ഡിത സഭ പാസ്സാക്കിയ പ്രമേയത്തിൽ, ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ഗസ്സയിൽ നരമേധം നടത്തുന്ന അധിനിവേശകരെ പിന്തുണക്കുകയോ അല്ലെങ്കിൽ മൗനം പാലിച്ചുകൊണ്ട് കൂടെ നിൽക്കുകയോ ചെയ്യുന്നവരുടെ നിലപാടുകളെ കടുത്ത ഭാഷയിൽ അപലപിച്ചു. മനുഷ്യാവകാശം ഘോഷിക്കുന്ന വേദികളുടെ ഇരട്ടത്താപ്പ് ലോകത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് പണ്ഡിത സഭ മുന്നറിയിപ്പ് നൽകി. സയണിസ്റ്റ് ഹുങ്കിനെ ലോക കോടതിയിൽ ചോദ്യം ചെയ്ത ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ സഭ പ്രത്യേകം പ്രശംസിച്ചു.

വർഗ, വർണ, ജാതി, മത ഭേദമന്യേ എല്ലാ മർദിതരേയും സഹായിക്കുന്ന ഒരു 'ഹലഫുൽ ഫുളൂൽ' (സമാധന കരാർ) സന്ധി രൂപപ്പെടുത്താനും പണ്ഡിത സഭ  ആഹ്വാനം ചെയ്തു.
 വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് അൽ ഹസൻ അദ്ദുദുവിന്റെ ദീർഘമായ പ്രാർഥനയോടെയാണ് അഞ്ചു ദിവസം നീണ്ട സമ്മേളനത്തിന് തിരശ്ശീല വീണത്. പണ്ഡിത സഭാംഗങ്ങൾ തയാറാക്കിയ നാലു വാള്യങ്ങളുള്ള ഇസ് ലാമിക സാങ്കേതിക പദങ്ങളെ കുറിച്ച വിജ്ഞാനകോശവും, ഖത്തർ ഔഖാഫിന്റെ വകയായി ഇസ് ലാമിക ഗ്രന്ഥങ്ങളും സമ്മേളന ഉപഹാരങ്ങളായി പ്രതിനിധികൾക്ക് വിതരണം ചെയ്തിരുന്നു.

ഈ ലേഖകനെ കൂടാതെ ഡോ. ബഹാവുദ്ദീൻ നദ്്വി, കൊടുങ്ങല്ലൂർ ചേരമാൻ പള്ളി ഇമാം സലീം നദ്്വി, ഡോ. അബ്ദുസ്സലാം അഹ്്മദ്, ഡോ. ഇൽയാസ് മൗലവി, ഡോ. യൂസുഫ് നദ്്വി, ഡോ. അലിഫ് ശുക്കൂർ എന്നിവരാണ് സമ്മേളനത്തിൽ സംബന്ധിച്ച മലയാളികൾ.  l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി