Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

മലബാറിൽനിന്നൊരാൾ ഭരണ സിരാകേന്ദ്രത്തിൽ എത്തിയപ്പോൾ

പി.ടി കുഞ്ഞാലി

സ്വന്തം തൊഴിൽ മേഖലയിൽ പരമാവധി  സൂക്ഷ്മപ്രതിബദ്ധതയോടെയും സമർപ്പണത്തോടെയും സേവന ജീവിതം തുഴയുന്നവർ  നാട്ടിൽ അപൂർവമല്ല. പ്രലോഭനങ്ങളുടെയും ഭൗതിക സുഖാസക്തികളുടെയും കള്ളക്കാമനകളെ ധർമബോധം കൊണ്ട് തുരത്തിയാണ് ഇത്തരക്കാർ  നിയോഗം പൂർത്തിയാക്കി പടിയിറങ്ങുന്നത്. നികുതിപ്പണത്തിൽനിന്ന് കിട്ടുന്ന കനത്ത മാസപ്പടി സംഖ്യക്ക് പുറത്ത് കട്ടും കവർന്നും പിടിച്ചുപറിച്ചും ഫയലുകളെ ബന്ദിയാക്കിയും ലക്ഷങ്ങൾ നേടുന്ന ഉദ്യോഗസ്ഥ സംഘത്തിനിടയിലാണ് ഇങ്ങനെയുള്ള അപൂർവം നിഷ്കാമകർമികളും കഴിഞ്ഞുപോകുന്നത്.  ഇത്തരക്കാർ പക്ഷേ, ജീവിതത്തിൽ സംതൃപ്തരായിരിക്കും. സ്വസ്ഥമാനസരായി അവർ അടുത്തൂൺ ജീവിതം കുടുംബ സമേതം ആസ്വദിച്ചു തീർക്കും. അങ്ങനെ സത്യസന്ധതയോടെ സർക്കാർ സേവനജീവിതം തുഴഞ്ഞ ഒരാൾ തന്റെ ഔദ്യോഗിക അനുഭവകാലം രേഖപ്പെടുത്തിയാൽ അത് സത്യമായും വായനക്കാരെ ത്രസിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ വായനക്കാരെ അമ്പരപ്പിക്കുന്ന ഒരു സർവീസ് സ്റ്റോറിയാണ് അബ്ദുല്ലത്തീഫ് മാറഞ്ചേരിയുടെ 'നീളെ തുഴഞ്ഞ ദൂരങ്ങൾ.'
ഒരു സർവീസ് സ്റ്റോറി ഏറ്റവും ഗംഭീരവും വായനക്ഷമവുമാവുന്നത് അത് സത്യസന്ധവും അനുഭവ സാന്ദ്രവുമാവുമ്പോഴാണ്. അബ്ദുല്ലത്തീഫിന്റെ 'നീളെ തുഴഞ്ഞ ദൂരങ്ങൾ' ഇത്തരമൊരു രചനാനുഭവമാണ് നമുക്ക് നൽകുന്നത്. മറ്റേതൊരു സർവീസ് സ്റ്റോറിയും ദൃശ്യമാക്കാത്തതും ദൃശ്യമാക്കാൻ തയാറാകാത്തതുമായ നേരിന്റെ നിരവധി ഹരിതത്തുരുത്തുകൾ നീളെ തുഴഞ്ഞു പോകുമ്പോൾ എഴുത്തുകാരൻ നമുക്കായി കണ്ടെത്തുന്നു.

അബ്ദുല്ലത്തീഫിന്റെ സർവീസ് സ്റ്റോറിയിലെ ഒരു സുപ്രധാന അധ്യായമാണ് 'മലബാർ മറ്റെങ്ങുമല്ല കേരളത്തിൽ തന്നെയാണ്' എന്ന ഭാഗം. കേരളത്തിലെ നാൽപത്തി രണ്ട് ശതമാനം ജനം താമസിക്കുന്ന മലബാറിലെ ആറ് ജില്ലകൾക്ക് ജനസംഖ്യാനുപാതികമായ വികസന ഓഹരികൾ ഒരു മേഖലയിലും ലഭിച്ചിട്ടില്ലായെന്നത് മാത്രമല്ല, ലഭിക്കാത്തതിന്റെ പിന്നിലെ നിഗൂഢ കാരണവും  ലത്തീഫ്  ഉന്നയിക്കുന്നത് കൃത്യമായി തന്നെയാണ്. 

വിദ്യാഭ്യാസ മേഖലയിൽ  നടക്കുന്ന  പെരും വിവേചനങ്ങൾ  കണക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം നിരത്തുന്നത്.  ഇനിയെന്തെങ്കിലുമൊരു വികസന പദ്ധതി മലബാറിലേക്ക് നൽകുമ്പോൾ അതൊക്കെയും വിവാദങ്ങൾകൊണ്ട് തകിടം മറിക്കാൻ ഉദ്യോഗസ്ഥ, രാഷ്ട്രീയ ലോബികൾ എങ്ങനെ ഗൂഢാലോചനകൾ പെരുപ്പിക്കുന്നു എന്നത്, ജെ.ആർ.വൈ പദ്ധതി പ്രകാരം മലബാറിലേക്കനുവദിച്ച പ്രാഥമിക പള്ളിക്കൂടങ്ങളെ പ്രതിസന്ധിയിലാക്കിയ സംഭവങ്ങൾ ഉദ്ധരിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്;  തന്റെ വാദങ്ങൾ ഉറപ്പിക്കുന്നത് രേഖകൾ മുമ്പിൽ വെച്ചും.   
കരാറുകാരുമായി ഒത്തുചേർന്ന് പറഞ്ഞുറപ്പിച്ച വൻ കൈക്കൂലിത്തുക സ്വന്തമാക്കിയ പൊതുമരാമത്തിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ അവിചാരിതമായി വിജിലൻസിന്റെ വലയിൽ വീണപ്പോൾ തൊഴിലാളി യൂനിയൻ ഇടപെട്ട് വിജിലൻസുമായി മറ്റൊരു കരാർ തുക ഉറപ്പിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കസേരയിൽ തിരിച്ചിരുത്തിയ സംഭവം അബ്ദുല്ലത്തീഫ് ഉദ്ധരിക്കുന്നത് പുസ്തകത്തിൽ ഒറ്റപ്പെട്ടതല്ല. ഇതിലൊക്കെയും നമ്മുടെ രാഷ്ട്രീയ നേതൃത്വം കാട്ടുന്ന ശ്രദ്ധയുടെ ഒരു അംശമെങ്കിലും ജനത്തിന് വേണ്ടി ചെലവഴിച്ചിരുന്നുവെങ്കിൽ കേരളം എന്നോ സർവ വികസിത ദേശമായി മാറിയേനേ എന്ന സത്യം ഏറെ ഖേദത്തോടെയാണ് അദ്ദേഹം അനുസ്മരിക്കുന്നത്. 

നിത്യ നിദാനങ്ങൾക്ക് തന്നെ കഷ്ടപ്പെടുന്ന സാധു പൗരജനത്തിൽനിന്ന് നികുതിയായി കൊള്ളയടിക്കുന്ന പണസഞ്ചി അപ്പാടെ ഏതൊക്കെ സ്വാർഥ കരങ്ങളിലേക്കായാണ് മറിഞ്ഞ് കുമിയുന്നതെന്ന് പുസ്തകം കൃത്യമായും അന്വേഷിക്കുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രീയക്കാർക്കും സഹപ്രവർത്തകർക്കും സമ്മതനല്ലാതിരിക്കുമ്പോഴും പൊതു സമൂഹം അയാളെ  സമാദരിക്കുകയും ബഹുമാനത്തോടെ പരിഗണിക്കുകയും ചെയ്യുമെന്നതും സത്യമാണ്. എനിക്ക് കൈക്കൂലിപ്പണം വേണ്ടെന്നും ഞാൻ മാസ ശമ്പളം കൊണ്ട് മാന്യമായി ജീവിച്ചുകൊള്ളാമെന്നും പറയുമ്പോൾ സഹപ്രവർത്തകരും രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരും ആദരപൂർവം അയാളെ പരിഗണിക്കുന്നത് നിരവധി തവണ അബ്ദുല്ലത്തീഫ് തന്നെ അനുഭവിക്കുന്നുണ്ട്. ഇത്തരം അനവധി സന്ദർഭങ്ങൾ   പുസ്തകത്തിലുണ്ട്. അപ്പോഴും തന്റെ നിയോഗപർവത്തിൽ സത്യസന്ധനായാൽ അയാൾ അനുഭവിക്കുന്ന ഒരു മനോവിശ്രാന്തിയുണ്ട്. കട്ടു നേടിയ കാണക്കോവിലുകളിൽനിന്ന് ഒരിക്കലും ലഭിക്കാത്ത  കുടുംബസ്വസ്ഥതയാണത്. അതിന് ഉലർന്ന് നിൽക്കുന്ന മനോബലം വേണം. ഉജ്ജ്വലിച്ചു നിൽക്കുന്ന ധർമബോധം വേണം. തന്റെ ജീവിത ലക്ഷ്യത്തെ പ്രതിയുള്ള കണിശ നിശ്ചയം വേണം. ആ അനവദ്യ സുന്ദരമായ മനോവിശ്രാന്തിയുടെ തെളിനീർ പൊയ്ക കൂടിയാണീ പുസ്തകം. ഇങ്ങനെയൊരു സർവീസ് സ്റ്റോറി മലയാളത്തിൽ ആദ്യമാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി