Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

സയണിസത്തിന്റെ മുഖംമൂടി വലിച്ചുകീറിയ ത്വൂഫാനുല്‍ അഖ്‌സ്വാ

സയ്യിദ് സആദത്തുല്ലാ ഹുസൈനി

നിങ്ങള്‍ ദൈവഭക്തരെങ്കില്‍ സത്യത്തെയും അസത്യത്തെയും വേർതിരിച്ചറിയാനുള്ള  ഉരകല്ല് (ഫുര്‍ഖാന്‍) നല്‍കുമെന്നത് അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കുന്ന വാഗ്ദാനമാണ് (അല്‍ അന്‍ഫാല്‍ 29). ഒരു ഖുര്‍ആന്‍ വ്യാഖ്യാതാവ് ഈ സൂക്തത്തിന് നല്‍കിയ ഉള്‍ക്കാഴ്ചയുള്ള, ഈമാനികോര്‍ജം പകരുന്ന വ്യാഖ്യാനം ഇങ്ങനെയാണ്: ''ഫുര്‍ഖാന്‍ എന്നാല്‍ പരീക്ഷയാണ്. നന്മയെ തിന്മയില്‍നിന്ന് വേര്‍തിരിക്കാനുള്ള പരീക്ഷ. വിശ്വാസി സമൂഹത്തിന്റെ കൂട്ടായ തീരുമാനങ്ങളും തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള അവരുടെ പോരാട്ടങ്ങളുമൊക്കെ തന്നെ ഈ അര്‍ഥത്തില്‍ ഫുര്‍ഖാന്‍ ആയിത്തീരും. അത്തരമൊരു സമൂഹത്തിന്റെ നിലനില്‍പ് ഇതര സമൂഹങ്ങള്‍ക്ക് നന്മ-തിന്മകള്‍ വ്യവഛേദിച്ചറിയാനുള്ള മാനദണ്ഡമായിത്തീരും. അവരുടെ നേട്ടങ്ങളും ചരിത്രത്തില്‍ ഫുര്‍ഖാന്‍ ആയിത്തീരുകയാണ്. അവര്‍ നയിക്കുന്ന യുദ്ധങ്ങളും സത്യമേത്, അസത്യമേത് എന്ന് നമുക്ക് കാട്ടിത്തരും. ചരിത്രത്തിന്റെ സാക്ഷ്യം എപ്പോഴും അവരുടെ നേട്ടങ്ങള്‍ക്കൊപ്പമായിരിക്കും. ഈ സൂക്തത്തില്‍ അല്ലാഹു പറയുന്നത് ഇതാണ്്: നിങ്ങള്‍ സൂക്ഷ്മതയും ഭയഭക്തിയും ഉള്ളവരാവുകയാണെങ്കില്‍ നിങ്ങളിലൂടെ നാം ഒരു പ്രകാശം പ്രസരിപ്പിക്കും. ആ വെളിച്ചത്തില്‍ ലോകം സത്യവും അസത്യവും തിരിച്ചറിയും. നിങ്ങള്‍ തന്നെയാണ് ലോക സമൂഹങ്ങള്‍ക്ക് സത്യം തിരിച്ചറിയാനുള്ള മാതൃകാ സമൂഹമായി മാറുന്നത്.''1

സംശയമേതുമില്ലാതെ പറയാം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഫലസ്ത്വീനിയന്‍ സ്വാതന്ത്ര്യപോരാട്ടം നമ്മുടെ കാലത്തെ ഒരു വലിയ ഫുര്‍ഖാന്‍ (ഫുര്‍ഖാന്‍ കബീര്‍) ആയി പരിണമിച്ചിരിക്കുന്നു. വഞ്ചനയുടെ ഈ ലോകത്ത് സംസ്‌കാരത്തിന്റെയും മാന്യതയുടെയും കുത്തക അവകാശപ്പെടുന്ന വന്‍ ശക്തികളെ ഇതുപോലെ തുറന്നുകാട്ടിയ ഒരു സംഭവം സമീപകാല ചരിത്രത്തിലൊന്നും ഉണ്ടായിട്ടില്ല.

മനുഷ്യാവകാശങ്ങള്‍, സ്വാതന്ത്ര്യം, നീതി, ജനാധിപത്യം തുടങ്ങി പാശ്ചാത്യ ശക്തികള്‍ അണിഞ്ഞിരുന്ന സുന്ദരമായ മുഖംമൂടികളത്രയും വലിച്ചുകീറപ്പെട്ടിരിക്കുന്നു. അകമേ ആ ശക്തികള്‍ എത്രമേല്‍ വര്‍ണവെറിയുള്ളതും ഹിംസാത്മകവും അക്രമാസക്തവുമാണെന്നും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഈ വന്യജീവി പതിനാറാം നൂറ്റാണ്ട് മുതല്‍ ഭൂഗോളത്തെ രക്തപങ്കിലമാക്കിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് മനുഷ്യരെ അടിമകളാക്കിയ ശേഷം ആ ഹിംസ്ര മൃഗം ലോകം മുഴുക്കെ കൈയേറി അവിടങ്ങളിലുള്ളതെല്ലാം കൊള്ളയടിച്ചു. ധാര്‍മിക അടിത്തറയോ മാനുഷിക മുഖമോ ഇല്ലാത്ത ഒരു ഭീകര സത്വമാണ് ആധുനിക പാശ്ചാത്യ നാഗരികതയെന്ന് ഫലസ്ത്വീന്റെ പോരാട്ട വീര്യം നമുക്ക് കാണിച്ചുതന്നു. ആ നാഗരികത ഒളിപ്പിച്ചുവെച്ച കള്ളങ്ങളത്രയും ഫലസ്ത്വീനിയന്‍ പ്രതിരോധം വലിച്ചു പുറത്തേക്കിട്ടു. ആ നാഗരികതയുടെ കണ്ണില്‍, ഏഷ്യക്കാരും ആഫ്രിക്കക്കാരും ഇപ്പോഴും അവരുടെ പ്രജകളും അടിമകളുമാണ്. അവരുടെ ഭൂമിയും സമ്പത്തും തങ്ങളുടേതാണെന്നും, തോന്നുംപോലെ അവ തങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമാണ് ഇപ്പോഴും അവര്‍ വീമ്പിളക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ മൗലാനാ അലി മിയാന്‍ ഇതെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം എഴുതി: ''ഈ ലോകം ഒരു വേട്ടസ്ഥലമാണ്. വേട്ടക്കാര്‍ ആയുധങ്ങളുമായി വരുന്നു, ദേശങ്ങളെ വേട്ടയാടിപ്പിടിക്കുന്നു. ദേശക്കാരെയെല്ലാം ചവിട്ടി മെതിക്കുന്നു. വന്‍ശക്തികള്‍ക്ക് പൗരസ്ത്യ രാഷ്ട്രങ്ങള്‍ തങ്ങള്‍ക്കു വേണ്ട അസംസ്‌കൃത വിഭവങ്ങളുടെ ഉറവിടം മാത്രമാണ്. പെട്രോളും മറ്റും അവര്‍ക്ക് കിട്ടിക്കൊണ്ടിരിക്കണം. യുദ്ധമുണ്ടാവുകയാണെങ്കില്‍ തങ്ങളുടെ സഹായികളായി അവരെ കൂട്ടാം. കൂലിപ്പട്ടാളക്കാരായി നിര്‍ത്തുകയും ചെയ്യാം. പൗരസ്ത്യരെ പാശ്ചാത്യരുടെ അടുക്കളയിലേക്കുള്ള ഇന്ധനമായിട്ട് മാത്രമേ കാണുന്നുള്ളൂ. ഒരു മൂല്യവും പരിഗണനയും അവര്‍ക്ക് നല്‍കുന്നില്ല. ദേശരാഷ്ട്രങ്ങളുടെ ഭാഗധേയം തീരുമാനിക്കുന്നത് തങ്ങളാണെന്ന് അവര്‍ കരുതുന്നു. മൃഗങ്ങളോടെന്ന പോലെ അല്ല, കേവലം വസ്തുക്കളോടെന്ന പോലെ അവരോട് പെരുമാറുന്നു. ആ ശക്തികളോട് ഏറ്റുമുട്ടാന്‍ ഇന്നൊരു ശക്തിയും ഇല്ല. മറ്റു മുഴുവന്‍ സമൂഹങ്ങള്‍ക്കും അവരുടെ ശക്തി നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ദൗത്യവും അവര്‍ മറന്നുപോയിരിക്കുന്നു. കര്‍മഭൂമിയില്‍നിന്ന് അവര്‍ പിൻവാങ്ങിക്കഴിഞ്ഞിരിക്കുന്നു.''2

ഇങ്ങനെയുള്ള പരിതാപകരമായ ഒരു ലോക സാഹചര്യത്തിലാണ് ഫലസ്ത്വീനികള്‍ തങ്ങളുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച്, ഈ കാട്ടാളന്മാരുടെ ഇന്ധനമാകാന്‍ തങ്ങളെ കിട്ടില്ലെന്ന് പ്രഖ്യാപിച്ചത്. എന്നല്ല, മൂന്നാം ലോകത്തെ ഇന്ധനമാക്കാന്‍ അനുവദിക്കില്ലെന്നും തുറന്നടിച്ചു. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ഒരു പ്രക്രിയക്ക് തടയിടാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാലിത് 'വലിയ ഫുര്‍ഖാന്‍' മാത്രമല്ല, 'മഹാ മതില്‍' (സദ്ദെ അളീം) കൂടിയാണ്. ദുല്‍ഖര്‍നൈന്റെ അണക്കെട്ടുപോലെ മുഴുവന്‍ ലോകത്തെയും, പാശ്ചാത്യ നാഗരികതയുടെ മലവെള്ളപ്പാച്ചിലില്‍നിന്ന് അത് സംരക്ഷിച്ചു നിര്‍ത്തുന്നു. ഇങ്ങനെയൊരു പ്രതിരോധമില്ലെങ്കില്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പാശ്ചാത്യ ചോരക്കൊതിയന്‍ കൊളോണിയലിസത്തിന്റെ രണ്ടാം തരംഗമാവും വരാനിരിക്കുന്നത്. അതിനാല്‍, ത്വൂഫാനുല്‍ അഖ്‌സ്വായുടെ പ്രയോജനം മുഴുവന്‍ മൂന്നാം ലോകത്തിനുമാണ്. ദുര്‍ബലരായ രാഷ്ട്രങ്ങള്‍ക്ക് സംരക്ഷണമൊരുക്കുകയാണ് അവര്‍ ചെയ്തത്. അതിനാല്‍, മാനവത ഫലസ്ത്വീന്‍ പോരാളികളോട് കടപ്പെട്ടിരിക്കുന്നു. ത്വൂഫാനുല്‍ അഖ്‌സ്വാ തുറന്നുകാട്ടിയ ഈ ദുഷ്ട ശക്തികളുടെ ഭീകര മുഖങ്ങള്‍ എണ്ണിപ്പറയാനാണ് ഈ ലേഖനത്തില്‍ നാം ശ്രമിക്കുന്നത്.

വംശവെറിയന്‍ സയണിസം

നമ്മുടെ കാലത്തെ ഏറ്റവും ഭീകരമായ വംശവെറിയന്‍ പ്രത്യയശാസ്ത്രമാണ് സയണിസം. തങ്ങള്‍ മനുഷ്യ സമത്വത്തിന് വേണ്ടി നിലകൊള്ളുന്നവരാണെന്ന് നിരന്തരം വാചകമടിക്കുന്നുണ്ട് പാശ്ചാത്യര്‍. അതിനാല്‍, വംശീയത തുടച്ചുനീക്കുക തങ്ങളുടെ വലിയ അഭിലാഷമാണെന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. പല നാടുകളെയും അവര്‍ വംശവെറിയന്‍ എന്ന് മുദ്രകുത്താറുമുണ്ട്.  1966-ല്‍ യു.എന്‍ സകല വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്ന ഒരു അന്താരാഷ്ട്ര നിയമാവലി പ്രഖ്യാപിച്ചിട്ടുണ്ട്് (International Convention on the Elimination of All Forms of Racial Discrimination).3 
ഇക്കാര്യത്തില്‍ വലിയ ധാര്‍മികത അവകാശപ്പെട്ടുകൊണ്ട്, ഈ അന്താരാഷ്ട്ര നിയമം പല മൂന്നാം ലോക രാജ്യങ്ങള്‍ക്കെതിരെയും പാശ്ചാത്യര്‍ പ്രയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ ഫലസ്ത്വീന്‍ പ്രതിരോധ പ്രസ്ഥാനങ്ങള്‍, ഇന്ന് ലോകത്തെ ഏറ്റവും കടുത്ത വംശവെറിയന്മാര്‍ സയണിസ്റ്റുകളും അവരെ പിന്തുണക്കുന്നവരുമാണെന്ന് ലോകസമക്ഷം തുറന്നുകാണിച്ചിരിക്കുകയാണ്. 

ഇസ്രയേല്‍ നിര്‍മിതിയുടെ അടിക്കല്ല് എന്ന് പറയുന്നത് വംശീയതയാണ്. ഇന്ന് ഭൂമുഖത്ത്, പൗരത്വത്തിന്റെ അടിസ്ഥാനം വംശീയതയാണെന്ന് ഭരണഘടനാപരമായി (Basic Law) തന്നെ എഴുതിവെച്ച ഏക രാഷ്ട്രം ഇസ്രയേലാണ്. ഇസ്രയേലിലെ കുപ്രസിദ്ധമായ തിരിച്ചുവരല്‍ നിയമം (Law of Return) ബേസിക് ലോയുടെ ഭാഗമാണ്. ആ നിയമങ്ങള്‍ക്ക് ഭരണഘടനാ സ്ഥാനം തന്നെയാണുള്ളത്.4 വംശത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു. വംശീയ വിവേചനത്തിന്റെ (apartheid) മതില്‍ അവിടെ കെട്ടിപ്പൊക്കിയിരിക്കുന്നു (വിശദാംശങ്ങള്‍ വരുന്നുണ്ട്). 
വംശീയത ഇസ്രയേല്‍ ചരിത്രത്തില്‍ പരിമിതമായ ഒന്നല്ല. പാശ്ചാത്യരുടെ ചരിത്രം തന്നെ വെള്ള വംശീയതയുടെ ചരിത്രം കൂടിയാണ്. ഇസ്രയേല്‍ എന്ന രാഷ്ട്രമുണ്ടാക്കിയതും അതിനെ ഇതുവരെ സംരക്ഷിച്ചു നിര്‍ത്തിയതും വെള്ള വംശീയ പ്രോജക്ടിന്റെ തുടര്‍ച്ചയായി മനസ്സിലാക്കണം.

ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഇസ്രയേല്‍ ഏഷ്യാ ഭൂഖണ്ഡത്തിനകത്താണ്. 'നാഗരിക' വീക്ഷണ കോണിലൂടെ നോക്കിയാല്‍ (വംശീയമായി നോക്കിയാല്‍ എന്നതാണ് കൂടുതല്‍ കൃത്യമായ പ്രയോഗം) ഇസ്രയേല്‍ യൂറോപ്പിന്റെ ഭാഗവുമാണ്.5 ഈ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂനിയനില്‍ അത് അംഗത്വത്തിന് അപേക്ഷിച്ചിട്ടുമുണ്ട്. ഗൗരവപൂര്‍വം അതെക്കുറിച്ച് ആലോചന നടക്കുന്നുമുണ്ട്.6 ഇപ്പോള്‍ തന്നെ നിരവധി യൂറോപ്യന്‍ കൂട്ടായ്മകളില്‍ ഇസ്രയേല്‍ അംഗമാണ്.7

ഇസ്രയേല്‍ 'ഇസ്രാഈല്‍ സന്തതികള്‍' എന്ന് പേരിട്ട് വിളിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫലസ്ത്വീന്‍ മണ്ണില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ച് പൗരത്വം കൊടുത്ത ആളുകള്‍ പല വംശക്കാരും നിറക്കാരും ആണെന്ന വസ്തുത അധികമാളുകള്‍ക്കും അറിയില്ല. ഇങ്ങനെ കൊണ്ടുവന്നവരില്‍ 32 ശതമാനം വെള്ളക്കാരാണ്. നീലക്കണ്ണും ചെമ്പന്‍ മുടിയുമുള്ളവര്‍. അവരെ അശ്കനാസി (Ashkenazi) ജൂതന്മാര്‍ എന്നാണ് വിളിക്കുന്നത്. അവര്‍ യൂറോപ്യന്‍ വംശജരുമാണ്.8 (അമേരിക്കന്‍ ജൂതന്മാരില്‍ എഴുപത്തിയഞ്ച് ശതമാനവും ഇവരാണ്). ഇസ്രയേലില്‍ 45 ശതമാനത്തോളം മിസ്‌റാഹി (Mizrahi) ജൂതന്മാരാണ്.9 നേരത്തെ ഫലസ്ത്വീനില്‍ താമസിക്കുന്നവരോ, ഇസ്രയേല്‍ നിലവില്‍ വന്ന ശേഷം മധ്യപൂര്‍വ ദേശങ്ങളില്‍നിന്നോ വടക്കനാഫ്രിക്കയില്‍നിന്നോ ഒക്കെ കുടിയേറിയവരോ ആണ് മിസ്‌റാഹി ജൂതന്മാര്‍. നിറം കൊണ്ടും വംശീയമായും ഇവര്‍ അറബ് വംശജരോട് സാദൃശ്യമുള്ളവരാണ്. ബേത്താ ഇസ്രയേല്‍ (Beta Israel) എന്നൊരു വിഭാഗം ജൂതന്മാരുമുണ്ട്. അവര്‍ ആഫ്രിക്കന്‍ വംശജരായ കറുത്ത വര്‍ഗക്കാരാണ്. അവര്‍ ഇസ്രയേല്‍ ജനസംഖ്യയുടെ മൂന്ന് ശതമാനമാണ്.10 ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് (മഹാരാഷ്ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൾ പോലുള്ള പ്രദേശങ്ങളില്‍നിന്ന്) ഇസ്രയേലിലേക്ക് കുടിയേറിയവരെ ബെനെ ഇസ്രയേല്‍ (Bene Israel) എന്നോ ശാനിവാര്‍ തെലി (Shaniwar Teli) എന്നോ ആണ് വിളിക്കുക.11

ഇസ്രയേല്‍ ഭരണകൂട മെഷിനറിയുടെ മുഖ്യ ലക്ഷ്യം, വെള്ള വംശക്കാരായ അശ്കനാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലാണെന്ന് ഇസ്രയേല്‍ രാഷ്ട്രീയത്തെ പിന്തുടരുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള വസ്തുതയാണ്.12

ഈ വെള്ളക്കാരായ ജൂതന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തങ്ങളുടെ സകല ധാര്‍മിക നാട്യങ്ങളും വലിച്ചെറിഞ്ഞുകളയും യൂറോപ്പും അമേരിക്കയും. ഇസ്രയേലിലെ ഒരു വെള്ള ജൂതന് വേണ്ടി ആയിരക്കണക്കിന് അറബ് വംശജരെ, അല്ല, അറബ് അധിവാസ പ്രദേശങ്ങളെ തന്നെ ബലി കൊടുക്കേണ്ടിവന്നാലും അവരത് പ്രശ്‌നമാക്കില്ല. യുദ്ധം നടക്കുമ്പോള്‍ അത്യന്തം അപകടം പിടിച്ച മേഖലകളില്‍ ഇസ്രയേല്‍ വിന്യസിക്കുക മിസ്‌റാഹി, ബേത്താ ഇസ്രയേല്‍, ശാനിവാര്‍ തെലി വംശങ്ങളില്‍ പെടുന്ന സൈനികരെയാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.13 

നമ്മുടെ നാട്ടില്‍ 'താഴ്ന്ന ജാതി' അയിത്തം നിലനില്‍ക്കുന്ന പോലെ, അവിടെയും 'താഴ്ന്ന ജാതി' ജൂതന്മാരുമായുള്ള വിവാഹം അപമാനമായി കണക്കാക്കപ്പെടുന്നുണ്ട്.14 കലാലയങ്ങളിലും മറ്റും ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേകം സീറ്റുകള്‍ സജ്ജീകരിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.15 ഇതിനെതിരെ കലാപങ്ങളും ഉണ്ടായിട്ടുണ്ട്.16 ഈ വംശീയ വിവേചനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ ഇന്ത്യന്‍ ജൂതന്മാരാണെന്നും പറയപ്പെടുന്നു.17 l

(തുടരും)

കുറിപ്പുകള്‍

1. ഡോ. മുഹമ്മദ് അസ്്‌ലം സിദ്ദീഖി- തഫ്‌സീര്‍ റൂഹുല്‍ ഖുര്‍ആന്‍ - അല്‍ അന്‍ഫാല്‍ 29-ാം സൂക്തത്തിന്റെ വ്യാഖ്യാനം.
2. അബുല്‍ ഹസന്‍ അലി നദ് വി- ദഅ്‌വത്ത് ഫിക് ർ വൊ അമല്‍ (തഹ്ഖീഖാത്ത് വനശ് രിയ്യാത്തെ ഇസ്്‌ലാം, 2003 - പേജ് 100-101).
3. https://www.ohchr.org/sites/default/files/cerd.pdf (പൂര്‍ണ ടെക്സ്റ്റ്).
4. Suzie Navot (2014) - The Constitution of Israel: A Contextual Analysis, Hart Publishing; Oregon, pages 72-79.
5. ഇസ്രയേൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന: Interfax News Agency. 'Israel Foreign Minister Wants Israel to be EU Member (2010, Nove. 3).
6. https: //www.europarl.europa.eu/doceo/document/E-6-2006-3701 EN - htm.
7. https://news.sky.com/story/why-does-Israel-football team-play.in-europe-10359083.
8. Noah Lewin- Epstein- Yinon Cohen (2018). Ethnic origin and Identity in the Jewish population of Israel, Journal of Ethnic Migration studies.
9. അതേ പഠനം.
10. Teshome Wagaw (2018) - For Our Soul: Ethiopean Jews in Israel; United states, Wayne University Press.
11. ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ (https://www.britannica.com/topic/Bene-Israel).
`12. വിശദാംശങ്ങള്‍ക്ക് നോക്കുക: 
(i) Ein-Gil, E; Machover, M (2009) - Zionism and Oriental Jews: A Dialectic of Exploitation and Co-optation, Race, Class, 50 (3) 62-76.
(ii) Joseph Massad: Mizrahi Jews in Israel Faced decades of Injustice... https://www.middleeasteye.net/opinion/Israel-ashkinazi-mizrahi divide-still-extreme-right.
(iii) Hen Mazzig (2022): The Wrong Kind of Jew: A mizrahi Manifesto: wicked son.
13. Dana kachtan (2012):  The Construction of Ethnic Identity in the Military- Israel studies, Indiana University Press, vol. 17, no: 3, Fall 2012, pp. 150-175.
14. S. Zalman Abramov (1976): Perpetual Dilemma: Jewish Religion in The Jewish State- Fairleigh Dickinson University Press, p. 277-278.
15. David Shasha (2010): Sephardim, Ashkinazim and Ultra-Orthodox Racism in Israel. https://www.huffpost.com/entry/sephardim-ashkinazim.
16. Sheera Frankel (2012): Violent Riots Target African Nationals Living in Israel. https: //www.npr.org/2012/05/24/153634901
17. Adrija Roychowdhury (2023): The First Indian Jews in Israel and the Racism they faced. https://indianexpress.com/article/research/israel-first-indian-jews-racism.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി