Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

സത്യാനന്തര കാല  ഇന്ദ്രജാലങ്ങള്‍

ഏയാര്‍ ഒതുക്കുങ്ങല്‍

ഇന്ന് വ്യക്തികള്‍ക്ക് ചുറ്റുമുള്ളത് സത്യത്തെയും വസ്തുതകളെയും അവഗണിക്കുകയോ ചുരുക്കുകയോ ചെയ്യുന്ന ജീവിത സാഹചര്യങ്ങളാണ്. ഇതുമൂലം പലരും സത്യത്തെ തള്ളിക്കളയുന്നു. എന്നു മാത്രമല്ല, സ്വന്തം ആശയ പ്രചാരണത്തിന് ഉതകുംവിധം ചരിത്രനിര്‍മിതിയും നടത്തുന്നു. ഇതുകാരണം സത്യത്തോടും വസ്തുതകളോടും കൂറുള്ളവരുടെ എണ്ണം തുലോം കുറഞ്ഞു. സത്യത്തിന്റെയും വസ്തുതകളുടെയും വെളിച്ചത്തില്‍ ലോകത്തെ കാണാനും മനസ്സിലാക്കാനും ആളുകള്‍ക്ക് താല്‍പര്യവുമില്ലാതെയായി. ഈ അവസ്ഥയെ ആലങ്കാരികമായി വിളിച്ചുവരുന്ന പേരാണ് സത്യാനന്തര കാലം അഥവാ post truth era. സത്യാനന്തര കാലത്തിന്റെ പ്രത്യേകത, പറയുന്നത് കള്ളം ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നിരന്തരം ആ കള്ളം ആവര്‍ത്തിച്ച് സമൂഹത്തില്‍ കള്ളങ്ങളെ സത്യമാക്കി എടുക്കുക എന്നതാണ്. വസ്തുതകളെ മാറ്റിനിര്‍ത്തി കള്ളങ്ങളെ വസ്തുതകളാക്കി മാറ്റുന്ന ഇന്ദ്രജാലം.
സത്യാനന്തര കാലത്ത് ഭരണകൂടവും കോര്‍പ്പറേറ്റ് മുതലാളിമാരും തങ്ങളുടെ ഗൂഢ താല്‍പര്യങ്ങള്‍ക്കായി ധാരാളം കെണികള്‍ ഒരുക്കിയിട്ടുണ്ടാവും. ഭൂരിപക്ഷ സമുദായത്തിന്റെ 'മേല്‍ക്കോയ്മ'ക്കായുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. സുസ്ഥിര നിലനില്‍പിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യും. അതിനു വേണ്ടി നിയമനിര്‍മാണങ്ങളും നടത്തും. സാധാരണ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വന്ന വന്‍ പാളിച്ചകളില്‍നിന്ന് അവരുടെ ശ്രദ്ധ തിരിച്ചുവിടാനായി വാഗ്ദാനങ്ങളുടെ ബഹുവര്‍ണ പീലികള്‍ ഉയര്‍ത്തി കാണിച്ചുകൊണ്ടിരിക്കും. ഒന്നുകില്‍ ഭരണകൂടത്തെ അനുസരിക്കുക, അല്ലെങ്കില്‍ ജയില്‍വാസത്തിന് തയാറാവുക എന്നൊരു ഭീഷണിയും ഒപ്പമുണ്ടാവും.

ഏക പരിഹാരം ജ്ഞാന സമ്പാദനവും അതിലൂടെ സത്യത്തെ തിരിച്ചറിയലുമാണ്. അപ്പോഴേ സത്യമാണെന്ന് പറഞ്ഞ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് കള്ളമാണെന്ന് ബോധ്യപ്പെടൂ. അതിനാല്‍ മരവിച്ച മസ്തിഷ്‌കത്തിലെ കോടിക്കണക്കിന് വരുന്ന ന്യൂറോണുകളെ (നാഡി കോശങ്ങളെ) തട്ടിയുണര്‍ത്തി ധൈഷണിക പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.

വിശുദ്ധ ഖുര്‍ആനിലെ മുഹമ്മദ് എന്ന അധ്യായത്തിലെ ഇരുപത്തിയൊന്നാം വചനത്തില്‍ ഓര്‍മപ്പെടുത്തുന്നതുപോലെ, സ്രഷ്ടാവിനോടുള്ള പ്രതിജ്ഞ സത്യസന്ധമായി നിറവേറ്റി ജീവിക്കലാണ് മാനവരാശിക്ക് ഏറ്റവും ഗുണകരം. സര്‍വ തലങ്ങളിലും സത്യസന്ധത പാലിച്ചും അങ്ങനെ തന്റെ അസ്തിത്വം തിരിച്ചറിഞ്ഞും അല്ലാഹുവിന്റെ നിയമവ്യവസ്ഥക്ക് വിധേയപ്പെട്ടും തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയുള്ള ഒരു ജീവിതം. അതിലേക്കെത്തുക എന്നതാണ് നമ്മുടെ കടമ.

 

ചിന്തകളെ ശക്തിപ്പെടുത്തുക

യാന്ത്രികമായ മനസ്സിന്റെ ഉടമകളാണ് നമ്മില്‍ പലരും. ആരോഗ്യമുള്ള തലമുറ, ആരോഗ്യമുള്ള മനസ്സ് ഇതായിരിക്കണം നമ്മുടെ മുദ്രാവാക്യം. ജീവിതത്തിന് ആനന്ദം പകരുകയും സാമൂഹിക ബന്ധങ്ങള്‍ സുഖകരമാക്കുകയും ചെയ്യുന്ന ഒരു പ്രക്രിയ മനുഷ്യ മനസ്സുകളില്‍നിന്ന് ആദ്യം ഉരുത്തിരിഞ്ഞുവരണം.
നമ്മുടെ ഉപബോധ മനസ്സുകളെ നിയന്ത്രിച്ച് നല്ല ചിന്തകളിലൂടെ മനക്കരുത്തിനെ ഉത്തേജിപ്പിച്ച് പ്രതീക്ഷയോടും പ്രത്യാശയോടും കൂടി സ്വയം സന്നദ്ധരായാല്‍ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളെ തരണം ചെയ്യാന്‍ നമുക്ക് കഴിയും. ആരോഗ്യമുള്ള മനസ്സും ശരീരവും സമ്പൂര്‍ണ ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്.

മനുഷ്യന്റെ വീക്ഷണത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ സംജാതമാക്കുന്ന പ്രധാന ഘടകങ്ങള്‍ മനസ്സും ചിന്തയുമാണ്. എന്തിനെയെങ്കിലും ഉപാസിക്കാതെ മനുഷ്യന് ജീവിക്കാന്‍ കഴിയുകയില്ല. മനസ്സ്, ആരോഗ്യം സാമൂഹിക വശങ്ങളോട് ഇണങ്ങുന്നതായി അവനവന് തോന്നേണ്ടതാണ്.
മനുഷ്യന് തന്റെ ദൈനംദിന ജീവിതത്തില്‍ ഒട്ടേറെ സാമൂഹിക, ധാര്‍മിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. അതിനാല്‍, മനസ്സും ശരീരവും ചിന്തകളുമൊക്കെ സെലക്ടീവാക്കാന്‍ കഠിന പ്രയത്‌നം ചെയ്‌തെങ്കിലേ ജീവിതത്തിന് അര്‍ഥം കൈവരികയുള്ളൂ.

മനുഷ്യ മനസ്സ് ഒരു മഹാ സമുദ്രം പോലെയാണ്. എല്ലാവരുടെയും ചിന്താധാര മനസ്സെന്ന ഫോക്കസിലേക്ക് തിരിയട്ടെ! ജനുവരി ലക്കം (3334) പ്രബോധനത്തില്‍ ചിന്താവിഷയത്തില്‍ ഡോ. താജ് ആലുവ പറഞ്ഞ കാര്യങ്ങള്‍ നാം മുഖവിലക്കെടുക്കുക തന്നെ വേണം.

ആചാരി തിരുവത്ര 8281123655

 

കമ്യൂണിസം മ്യൂസിയത്തിലേക്കോ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ ചെറുപ്പകാലത്ത് മുഹമ്മദ് ഖുത്വ്്ബിന്റെ Islam the Misunderstood Religion എന്നൊരു പുസ്തകം വായിക്കാനിടയായി. താമസിയാതെ ആ പുസ്തകം പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ 'ഇസ് ലാം തെറ്റിദ്ധരിക്കപ്പെട്ട മതം' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അതില്‍ ഒരു അധ്യായമുണ്ട്; മതം മ്യൂസിയത്തിലേക്കോ എന്ന പേരില്‍. പ്രബോധനം വാരിക 3330-ാം ലക്കത്തില്‍ നവ കേരള യാത്രോത്സവത്തെക്കുറിച്ച പ്രതിവിചാരം വായിച്ചപ്പോള്‍ അതോര്‍മവന്നു. അതിനുപയോഗിക്കുന്ന ആഡംബര വാഹനം കാലാവധി കഴിഞ്ഞാല്‍ കാഴ്ചബംഗ്ലാവില്‍ വെച്ചാല്‍ ധാരാളം പേര്‍ കാണാനെത്തുമെന്നാണ് സഖാവ് ബാലന്‍ പറയുന്നത്.

കഴിഞ്ഞ നൂറ്റാണ്ടില്‍ കമ്യൂണിസ്റ്റുകളും മെറ്റീരിയലിസ്റ്റുകളും ഭൗതികവാദികളും നാഷ്‌നലിസ്റ്റുകളും പറഞ്ഞിരുന്നത് മതത്തെ ഇനി മ്യൂസിയത്തില്‍ വെക്കാമെന്നാണ്. ഇസ് ലാം മതമായിരുന്നു അവരുടെ ഉന്നം. അതിനെ തിരുത്തിക്കൊണ്ടുള്ളതായിരുന്നു പുസ്തകത്തിലെ ആ അധ്യായം. അന്ന് മതത്തെ മ്യൂസിയത്തില്‍ വെക്കാന്‍ ഒരുമ്പെട്ടവര്‍ ഇന്ന് സ്വയം മ്യൂസിയത്തിലേക്ക് നടന്നടുക്കുന്നുവോ?
ഈ നവകേരളം ആര്‍ക്കു വേണ്ടിയെന്ന് ചോദിച്ചാല്‍ കേരളത്തിലെ ഏതു സാധാരണക്കാരനും നിഷ്പ്രയാസം മറുപടി പറയാനാകും: അത് അദാനിക്കും അംബാനിക്കും മറ്റു കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണെന്ന്. വിഴിഞ്ഞം തുറമുഖം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന്റെ പങ്ക് കൊടുക്കാന്‍ പണമില്ല. വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയായാല്‍ പിന്നെ ആ പ്രദേശത്തൊന്നും മത്സ്യത്തൊഴിലാളികളോ സാധാരണക്കാരോ ഉണ്ടാകില്ല. ഇനി ഇവിടുന്നങ്ങോട്ട് സർക്കാര്‍ ഉദ്യോഗസ്ഥന്മാരും പെന്‍ഷന്‍കാരും അത്താഴപട്ടിണി കിടക്കേണ്ടിവരുമോ? അത്രക്ക് രൂക്ഷമാണ് സാമ്പത്തിക പ്രതിസന്ധി. പണ്ടുള്ളവര്‍ പറയും 'അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടു കിലുക്കാന്‍ മോഹം'- എന്ന്. സാധാരണക്കാരന്റെ ജീവിതം ഈ ഗവണ്‍മെന്റിനൊരു പ്രശ്‌നമേയല്ല.

വി.എം ഹംസ മാരേക്കാട് 9746100562

 

സംഘി ദുഷ്ടലാക്ക് തിരിച്ചറിയാതെ പോവുകയോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രൈസ്തവ പ്രമുഖര്‍ക്കായി മണിപ്പൂരില്‍ വിരുന്നൊരുക്കി. ദല്‍ഹിയിലെ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആശംസകളുമര്‍പ്പിച്ചു. ബി.ജെ.പിയുടെ ഈ ക്രൈസ്തവ പ്രേമത്തിന്റെ ഗുട്ടന്‍സ് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ? മണിപ്പൂരിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടെ ദേവാലയങ്ങള്‍ തകർക്കപ്പെട്ടപ്പോള്‍, പ്രധാനമന്ത്രിയോ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയോ മൗനം പാലിക്കുകയല്ലേ ചെയ്തത്? 

2008-ല്‍ ഒഡീഷയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ നൂറുകണക്കിന് ക്രിസ്തീയ വിശ്വാസികള്‍ കൊല്ലപ്പെട്ടില്ലേ? മഠങ്ങള്‍ കൈയേറപ്പെടുകയും കന്യാസ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും  ചെയ്തില്ലേ? ഒട്ടേറെ പള്ളികളും പള്ളിക്കൂടങ്ങളും ചുട്ടു ചാമ്പലാക്കിയില്ലേ? പോയ വര്‍ഷം രാജ്യത്ത് 700 വര്‍ഗീയ അതിക്രമങ്ങളല്ലേ ക്രൈസ്തവര്‍ക്കെതിരെ നടന്നത്? മണിപ്പൂരില്‍ മാത്രം നൂറു കണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെട്ടില്ലേ? നിങ്ങള്‍ക്കിപ്പോള്‍ വിരുന്നൊരുക്കിയവര്‍ക്ക് മുന്നില്‍ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് തുറന്നു പറയാന്‍ എന്തേ ആര്‍ജവമില്ലാതെ പോയത്? തല്‍പര കക്ഷികളുടെ ദുഷ്ടലാക്ക്, ഗോള്‍വാള്‍ക്കറുടെ 'വിചാരധാര'യില്‍ രാജ്യത്തിന്റെ ആഭ്യന്തര ശത്രുവായി എണ്ണപ്പെട്ട ക്രൈസ്തവ സമൂഹം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമല്ലേ?

റഹ്്മാന്‍ മധുരക്കുഴി
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി