Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

പൊട്ടാതെ പോയ ബോംബ്

എ.ആര്‍

സംഘടനയോ പാര്‍ട്ടിയോ ഏതാവട്ടെ അതിന്റെ ഭരണഘടന സ്വന്തം അംഗങ്ങള്‍ക്ക് മാത്രം ലഭ്യമാകുന്നതും അവര്‍ക്കു മാത്രം ബാധകമാവുന്നതുമാണ്. സംഘടനയുടെ പുറത്തുള്ളവര്‍ അതിന്റെ പരിധിയില്‍ വരില്ല. മിക്കവാറും സംഘടനകള്‍ അത് സര്‍ക്കുലേറ്റ് ചെയ്യാറ് പോലുമില്ല. പൊതുവായ ഈ കീഴ്്വഴക്കത്തിന് അപവാദമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി. 1956-ല്‍ നിലവില്‍ വന്ന ജമാഅത്ത് ഭരണഘടന സംഘടനക്ക് പുറത്തുള്ളവര്‍ക്കും ലഭ്യമാണ്, അതേപ്പറ്റിയുള്ള അഭിപ്രായങ്ങളോ വിമര്‍ശനങ്ങളോ തുറന്ന രീതിയില്‍ പ്രകടിപ്പിക്കാവുന്നതുമാണ്. കാരണം, മറ്റെല്ലാ കാര്യങ്ങളിലും വ്യത്യസ്തമായ നിലപാടും സമീപനവും സ്വീകരിച്ച പ്രസ്ഥാനമെന്ന നിലയില്‍ ഇക്കാര്യത്തിലും വേറിട്ടതും തുറന്നതുമായ സമീപനമാണ് ജമാഅത്ത് സ്വീകരിച്ചിട്ടുള്ളത്. ഒളിയജണ്ടയോ രഹസ്യ പരിപാടിയോ ഇല്ലാത്ത ഇസ്്‌ലാമിക പ്രസ്ഥാനം, ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തന പരിപാടിയും തുറന്ന ചര്‍ച്ചക്ക് വിധേയമാക്കി പൂര്‍ണ മനസ്സോടെ അംഗീകരിക്കാന്‍ തയാറുള്ളവര്‍ക്ക് മാത്രം സംഘടനയുടെ അംഗത്വ കവാടം തുറന്നിട്ടിരിക്കുന്നു. ദൈവപ്രീതിയും പാരത്രിക വിജയവും മാത്രം കാംക്ഷിച്ചു പ്രവര്‍ത്തന നിരതമായ ഇസ്്‌ലാമിക പ്രസ്ഥാനത്തിന് ഒളിക്കാനോ മറയ്ക്കാനോ ഒന്നുമില്ല. തെറ്റുകളും വീഴ്ചകളും സംഭവിക്കാം. അതാര് വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടിയാലും സമ്മതിക്കാനും തിരുത്താനും തയാറാണെന്നതാണ് സ്ഥാപിതമായത് മുതല്‍ ഇന്നു വരെ സ്വീകരിച്ച നിലപാട്. രാഷ്ട്ര വിഭജനത്തിനു ശേഷം 1948-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി അതിന്റെ ലക്ഷ്യമായി അംഗീകരിച്ചത് ഇസ്്‌ലാമിന്റെ സംസ്ഥാപനം അഥവാ ഇഖാമത്തുദ്ദീനാണ്; ആദര്‍ശം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന ഇസ്്‌ലാമിന്റെ മൗലിക സമവാക്യവും.

രണ്ടിന്റെയും ആധാരം വിശുദ്ധ ഖുർആനാണ്. സംഘടനയുടെ പ്രവര്‍ത്തന മാര്‍ഗം തീര്‍ത്തും സമാധാനപൂര്‍വവും വര്‍ഗീയമോ വര്‍ഗപരമോ ആയ പ്രവര്‍ത്തനങ്ങളില്‍നിന്ന് മുക്തവുമായിരിക്കുമെന്നും ഭരണഘടന അനുശാസിക്കുന്നു. ഈ അടിസ്ഥാന തത്ത്വങ്ങളില്‍ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍ പോലും മാറ്റമോ ഭേദഗതിയോ ജമാഅത്ത് വരുത്തിയിട്ടില്ല. എന്നാല്‍, സംഘടനയുടെ വളര്‍ച്ചക്കും വികാസത്തിനും മാറി മാറി വരുന്ന സാഹചര്യങ്ങള്‍ക്കും അനുസൃതമായി മറ്റു വകുപ്പുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഭരണഘടന സംഘടനക്ക് അനുമതി നല്‍കിയിട്ടുണ്ട്. മജ്‌ലിസെ നുമാഇന്തഗാന്‍ അഥവാ അംഗങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധി സഭയാണ് ഭരണഘടനയില്‍ സന്ദര്‍ഭോചിതമായ മാറ്റങ്ങള്‍ വരുത്തേണ്ടത്. അതു പ്രകാരം രാജ്യത്തും ലോകത്തും പ്രവര്‍ത്തിക്കുന്ന മറ്റെല്ലാ സംഘടനകളെയും പോലെ ജമാഅത്തെ ഇസ്്‌ലാമിയും അതിന്റെ ഭരണഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്, ഇനിയും വരുത്താനും സാധ്യതയുണ്ട്. അതൊരു പുതിയ കാര്യമല്ല. 

എന്നാല്‍, 2019-ല്‍ ജമാഅത്ത് അതിന്റെ ഭരണഘടനയില്‍ കൊണ്ടുവന്ന ഒരു ഭേദഗതി നാലു വര്‍ഷത്തിനു ശേഷം ഇപ്പോള്‍ മലയാള സാമൂഹ്യ മാധ്യമങ്ങളിലും, ചില മത സംഘടനകളുടെ ജിഹ്വകളിലും ചർച്ചാ വിഷയമായിരിക്കുന്നു. ജമാഅത്തിലെ അംഗത്വം എന്ന ശീര്‍ഷകത്തിലെ ഖണ്ഡിക എട്ടാമതായി ചേര്‍ത്ത ഉത്തരവാദിത്വങ്ങള്‍ എന്ന ഉപശീര്‍ഷകത്തില്‍ ആറാം നമ്പറായി പ്രതിപാദിച്ചിരുന്ന വാചകം ഇങ്ങനെ: 'ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ, അതിന്റെ നിയമനിര്‍മാണ സഭയിലെ അംഗമോ, അതിന്റെ കോടതി വ്യവസ്ഥയിൻ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിയുക.' ഈ വകുപ്പ് 2019-ല്‍ ഇപ്രകാരം ഭേദഗതി ചെയ്തു: ' ഭരണകൂടത്തില്‍ ഏതെങ്കിലും ഉദ്യോഗം  വരിക്കുകയോ, അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപ സ്ഥാനം വഹിക്കുകയോ, ഏതെങ്കിലും നിയമ നിര്‍മാണ സഭയില്‍ അംഗമായിരിക്കുകയോ ആണെങ്കില്‍ സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊന്നും പ്രവര്‍ത്തിക്കാതിരിക്കുക.'

സത്യസാക്ഷ്യം എന്ന ബൃഹദ് കര്‍ത്തവ്യം തന്റെ ജീവിത ലക്ഷ്യമായി സ്വീകരിച്ചവനാണ് വിശുദ്ധ ഖുര്‍ആന്റെ ദൃഷ്ടിയില്‍ യഥാര്‍ഥ മുസ്്‌ലിം. ഈ മൗലിക യാഥാര്‍ഥ്യം മുസ്്‌ലിംകളെ ഉദ്‌ബോധിപ്പിക്കാനും സാക്ഷാല്‍ ദൗത്യത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാനും രംഗത്തിറങ്ങിയ ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം അതംഗീകരിച്ച് അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ അനിസ്്‌ലാമിക ഭരണകൂടത്തിന്റെ ഉപകരണങ്ങളാവുന്നതിലെ വൈരുധ്യമാണ് ഭരണഘടന തയാറാക്കിയവരുടെ കണ്ണില്‍ സര്‍വഥാ പ്രധാനമായിരുന്നത്. അതാണ് താനും ഭേഗദതിക്ക് വിധേയമായ ഖണ്ഡിക പ്രതിഫലിപ്പിച്ചതും. അതേസമയം മുസ് ലിംകൾ സാമാന്യമായി മതേതര ഭരണകൂടത്തിലെ കുഞ്ചിക സ്ഥാനങ്ങള്‍ വഹിക്കുന്നതിനെ ജമാഅത്ത് എതിര്‍ത്തില്ല. സംഘടനയിലെ അംഗങ്ങളല്ലെങ്കിലും വ്യവസ്ഥാപിത അനുഭാവി-പ്രവര്‍ത്തക വൃത്തത്തില്‍ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ക്ക് പോലും അത് ബാധകമാക്കാന്‍ മിനക്കെടാറുമില്ല. പിന്നീട് പക്ഷേ, രാജ്യത്തിന്റെ സ്ഥിതിഗതികളില്‍ വലുതായ മാറ്റങ്ങള്‍ സംഭവിച്ചു. ജനാധിപത്യവും മതനിരപേക്ഷതയും ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നു. രാഷ്ട്രീയ - സാമൂഹിക-സാംസ്‌കാരിക ജീവിത തുറകളില്‍നിന്ന് മുസ്‌് ലിം മത ന്യൂനപക്ഷത്തെ പാടെ മാറ്റിനിര്‍ത്തി അവരെ പാര്‍ശ്വവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധരായ വംശീയ ശക്തികള്‍ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇസ്്‌ലാമിനോട് പ്രതിബദ്ധതയുള്ളര്‍ ഏതെങ്കിലും നിര്‍ണായക പദവികളില്‍ എത്തിപ്പെട്ടാല്‍ അത് നിരാകരിക്കുന്നതിന് പകരം, ഇസ്്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളായ സത്യവും നീതിയും മുറുകെ പിടിച്ചുകൊണ്ട് തല്‍സ്ഥാനങ്ങളില്‍ തുടരാനാണ് ശ്രമിക്കേണ്ടത് എന്ന വിധത്തില്‍ ഭരണഘടനയിലെ ബന്ധപ്പെട്ട ഖണ്ഡിക ഭേദഗതി ചെയ്തത്. ഇത് ആദര്‍ശ വ്യതിയാനമല്ല, പ്രത്യുത ആദര്‍ശ പ്രതിബദ്ധത ഏത് പരിതഃസ്ഥിതിയിലും കൈയൊഴിയരുതെന്ന നിഷ്‌കര്‍ഷയായേ നിര്‍മത്സര ബുദ്ധികള്‍ വിലയിരുത്തൂ.

പക്ഷേ, ജിന്നും സിഹ്‌റും അതുപോലുള്ള ബാലിശ വിവാദങ്ങളുടെയും പേരില്‍ തമ്മില്‍ തല്ലി മൂന്നും നാലും ഗ്രൂപ്പുകളായി പിരിഞ്ഞവര്‍ക്ക് ഏറെ കാലത്തിനു ശേഷം വീണുകിട്ടിയ ഒരു വൈക്കോല്‍ തുരുമ്പാണ് ഒരു ഇംഗ്ലീഷ് പത്രം വൈകി വാര്‍ത്തയാക്കിയ ജമാഅത്ത് ഭരണഘടനാ ഭേദഗതി. ഇതുവഴി മുമ്പ് പതിറ്റാണ്ടുകളോളം സമയവും പുസ്തക-മാധ്യമങ്ങളും ദുർവ്യയം ചെയ്ത 'ഇബാദത്തി'ന്റെ അര്‍ഥ കല്‍പനാ വിവാദത്തിലേക്ക് തിരിച്ചുപോവാന്‍ ഒരു കൈ നോക്കിയതാണ് പുതിയ സംഭവം. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍, മുന്‍കാലത്ത് സംസ്ഥാന സമ്മേളനങ്ങളില്‍ പോലും പ്രധാന ചര്‍ച്ചാ വിഷയമായിരുന്ന 'ഇബാദത്തി'ന്റെ അർഥ വിവാദം സമീപകാലത്തൊന്നും ഒരു സംസ്ഥാന സമ്മേളനത്തിലും വിഷയമായില്ല. സ്വന്തം ജിഹ്വകളിലും അത് പരാമര്‍ശിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. അത് വിവാദമായിരുന്ന കാലത്ത് തന്നെ കൊച്ചിയില്‍ മുജാഹിദ് പ്രസ്ഥാനത്തിലെ ഒന്നാം നിര നേതാക്കളും, ജമാഅത്തെ ഇസ്്‌ലാമിയിലെ യുവ നിരയിലെ ചിലരും പങ്കെടുത്ത സംവാദത്തിന്റെ ഗതിയെന്തായിരുന്നുവെന്ന് അതിന് സാക്ഷ്യം വഹിച്ച ചിലരെങ്കിലും ഓര്‍ക്കുന്നത് നന്ന്. വിശുദ്ധ ഖുര്‍ആനിലെ സാങ്കേതിക പദങ്ങളായ ദീന്‍, ഇലാഹ്, റബ്ബ്, ഇബാദത്ത് എന്നിവയുടെ വിശാലമായ അര്‍ഥ വിവക്ഷകള്‍ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തന്റെ 'ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദി ഇസ്ത്വിലാഹേം' (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍) എന്ന ഗ്രന്ഥത്തിലൂടെ പുറത്തിറക്കിയിട്ട് പതിറ്റാണ്ടുകളായി. പ്രസ്തുത കൃതിയുടെ മലയാള പരിഭാഷക്ക് തന്നെയും 35 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതുവരെ ഈ പുസ്തകത്തിനൊരു വിമര്‍ശന പഠനമോ മറുപടിയോ സലഫികളില്‍നിന്ന് പുറത്തുവന്നതായി കണ്ടിട്ടില്ല.

സല്‍സബീല്‍ പത്രാധിപര്‍ പരേതനായ ഉമര്‍ മൗലവി തന്റെ ജീവിത ദൗത്യമായി തെരഞ്ഞെടുത്തത്, തൗഹീദില്‍നിന്ന് ജമാഅത്തെ ഇസ്്‌ലാമി വ്യതിചലിച്ചതായി സ്ഥാപിക്കുകയാണെന്ന് തോന്നിപ്പിക്കുന്നതാണ് ജീവിതാന്ത്യം വരെയുള്ള അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. പക്ഷേ, ലോകത്തിലെ ഒന്നാംകിട സലഫി പണ്ഡിതന്മാര്‍ അക്കാര്യം ശരിവെച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം സ്വീകരിച്ച കുറുക്കു വഴികള്‍ വിചിത്രമായിരുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് എന്ന കലിമത്തുത്തൗഹീദിന് മൗദൂദി തെറ്റായ അര്‍ഥവും വ്യാഖ്യാനവും നല്‍കി എന്ന് ആരോപിച്ച് സുഊദി ദാറുല്‍ ഇഫ്തായുടെ മേധാവി അഭിവന്ദ്യനായ ശൈഖ് അബ്ദുല്ലാ ഇബ്നു ബാസിനോട് തന്റെ അഭിപ്രായം ആരാഞ്ഞത് പോലും വളഞ്ഞ വഴിയിലൂടെയായിരുന്നു. 'ഇവിടെ ഒരു കൂട്ടര്‍ ഇങ്ങനെ അര്‍ഥം കല്‍പിക്കുന്നു, അങ്ങനെ വ്യാഖ്യാനം നല്‍കുന്നു' എന്ന് അവകാശപ്പെട്ടുകൊണ്ട് കത്തയക്കുകയായിരുന്നു ഉമര്‍ മൗലവി. സ്വാഭാവികമായും അങ്ങനെയൊക്കെ അഭിപ്രായപ്പെടുന്നവരുണ്ടെങ്കില്‍ അത് തെറ്റാണെന്ന മറുപടിയായിരിക്കുമല്ലോ ശൈഖ് ഇബ്‌നു ബാസില്‍നിന്ന് ലഭിക്കുക. പിന്നീടതിനെ പൊക്കിപ്പിടിച്ചായിരുന്നു പ്രചാരണം. അല്‍ മുസ്ത്വലഹാതുല്‍ അര്‍ബഅ ഫില്‍ ഖുര്‍ആന്‍' (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍) എന്ന മൗദൂദി കൃതിയെക്കുറിച്ച് എന്ത് പറയുന്നു എന്ന ഒരൊറ്റ അന്വേഷണം കൊണ്ട് അവസാനിപ്പിക്കാമായിരുന്ന വിവാദത്തെ അദ്ദേഹം മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. പ്രസ്തുത മൗദൂദി കൃതിയാകട്ടെ അത് സുലഭമായി സുഊദിയില്‍ ലഭ്യമായിരുന്നു താനും. അതല്ലെങ്കില്‍ ഉമര്‍ മൗലവിക്ക് തന്നെ അതിന്റെ കോപ്പി അയച്ചുകൊടുക്കാമായിരുന്നു.  'ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി അവരുടെ ഭരണഘടന തിരുത്തിയിരിക്കുന്നു. മുമ്പ് ഹറാം എന്നു പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ഹലാല്‍ ആക്കിയിരിക്കുന്നു. ഈ ആദര്‍ശ മാറ്റത്തെ പോളിസിമാറ്റം എന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് ജമാഅത്തുകാര്‍. ഉമര്‍ മൗലവിയുടെ പോരാട്ടത്തിന്റെ വിജയമാണിത്' എന്ന് മുജാഹിദ് സുഹൃത്തുക്കള്‍ പ്രചാരണം പുനരാരംഭിച്ച സാഹചര്യത്തിലാണ് ഇത്രയും സൂചിപ്പിക്കേണ്ടിവന്നത്. അല്ലാഹുവിന്റെ ആധിപത്യം നിരുപാധികം അംഗീകരിച്ച് ഈ ഭൂമിയില്‍ ജീവിക്കുമ്പോഴാണ് പരമമായ സമാധാനവും സുരക്ഷയും ഇരു ലോകത്തും കൈവരിക്കാനാവുകയെന്നും, ദൈവികാധിപത്യത്തെയും മാനവികതയെയും ഒരുപോലെ നിരാകരിക്കുന്ന ശക്തികളാണ് ഇസ്്‌ലാം വെടിയണമെന്ന് കല്‍പിച്ച താഗൂത്തെന്നും ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ സ്ഥാപിക്കുന്നതാണ് സയ്യിദ് മൗദൂദി ബീജാവാപം ചെയ്ത ഇസ്്‌ലാമിക പ്രസ്ഥാനം. ഇന്നുവരെ ഈ മൗലിക തത്ത്വത്തില്‍നിന്ന് അത് വ്യതിചലിച്ചിട്ടില്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി