Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

അനാഥരുടെ കപ്പിത്താൻ

ഹാരിസ് അരിക്കുളം

സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ആശയങ്ങളാൽ പ്രചോദിതനായാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ദാറുന്നുജൂം യതീം ഖാനക്ക് വി.ടി കുഞ്ഞാലി മാസ്റ്റർ 1971-ൽ തുടക്കം കുറിക്കുന്നത്.  1948 മുതൽ മൂന്ന് വർഷം പരപ്പിൽ എം.എം ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കുഞ്ഞാലി മാസ്റ്റർ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്ഥാപിച്ച അൽ അമീൻ പത്രത്തിന്റെ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 1945-ൽ മരണപ്പെട്ടെങ്കിലും അൽ അമീൻ ലോഡ്ജിലെ താമസവും, സാഹിബിന്റെ സഹചാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ. മൊയ്തു മൗലവി ഉൾപ്പെടെയുള്ള പ്രമുഖരുടെ സഹവാസവും കുഞ്ഞാലി മാസ്റ്ററുടെ വ്യക്തിത്വ രൂപീകരണത്തിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തിയത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് തുടങ്ങിവെച്ച സാമൂഹിക പരിഷ്കരണ ദൗത്യത്തെ ഹൃദയത്തിൽ ഏറ്റെടുത്തായിരുന്നു കുഞ്ഞാലി മാസ്റ്റർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്. 

കർമ മണ്ഡലത്തിലെ സ്വപ്ന സഞ്ചാരം

കുഞ്ഞാലി മാസ്റ്റർക്ക് പ്രായം തൊണ്ണൂറോടടുക്കുകയാണ്. ഓർമയുടെ അറകളിലേക്ക് സഞ്ചരിക്കുന്നതിന്  മാസ്റ്റർക്ക് പ്രായം  തടസ്സമേയല്ല. 'സ്വപ്നം കാണേണ്ടത് ഉറക്കത്തിലല്ല, പകൽ കാണുന്നതാണ് യഥാർഥ സ്വപ്നം' എന്ന മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു കുഞ്ഞാലി മാസ്റ്റർ സംസാരം ആരംഭിച്ചത്.  വെറും പകൽ കിനാവുകളായിരുന്നില്ല വയൽതൃക്കോവിൽ കുഞ്ഞാലിയെന്ന വി.ടി കുഞ്ഞാലി മാസ്റ്റർ കണ്ടത്. കുറ്റ്യാടി തളീകര മാരാപുതിയോട്ടിൽ മൊയ്തീൻ ഹാജിയുടെയും മറിയത്തിന്റെയും മകനായി പേരാമ്പ്രക്കടുത്തുള്ള കാമ്പ്രം ഇല്ലത്ത് തറവാട്ടിലാണ് ജനനം. പേരാമ്പ്രയിലെ നാടുവാഴികളുടെ തറവാടായ വയൽതൃക്കോവിൽ 1944-ൽ പിതാവ് വിലകൊടുത്തു വാങ്ങിയതോടെ അതായി മേൽവിലാസം. മരക്കച്ചവടക്കാരനായ പിതാവ് മൊയ്തീൻ ഹാജി സമ്പന്നനും ധർമിഷ്ഠനുമായിരുന്നു. പുരോഗമന ആശയങ്ങളോട് അനുഭാവവും താൽപര്യവും ഉണ്ടായിരുന്നു.  മഖ്ദൂം കുടുംബത്തിൽ ജനിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷുകാർ വളപട്ടണത്തേക്ക് നാടുകടത്തുകയും ചെയ്ത അബ്ദുല്ലക്കുട്ടി മൗലവി കുറ്റ്യാടിയിലെ പുരോഗമന പ്രവർത്തനങ്ങളുടെ നായകനായെത്തിയ കാലത്ത് അദ്ദേഹത്തെ പേരാമ്പ്രയിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കുന്നതിന് ഹാജി മുൻകൈയെടുത്തിരുന്നു. കുഞ്ഞാലി മാസ്റ്ററുടെ പത്താം വയസ്സിൽ പിതാവ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. കുഞ്ഞാലി മാസ്റ്ററും ഒരു സഹോദരിയുമുൾപ്പെടെ ബാല്യം പിന്നിടാത്ത 6 മക്കളെയായിരുന്നു ആ മരണം അനാഥമാക്കിയത്.
ആയിടക്കാണ് മലപ്പുറം മേലാറ്റൂരിൽനിന്ന് പി. സെയ്താലിക്കുട്ടി മൗലവിയെന്ന പണ്ഡിതൻ പേരാമ്പ്രയിലെത്തുന്നത്. യാഥാസ്ഥിതിക കാഴ്ചപ്പാടുകളുടെ കെട്ടുകളിൽ കുടുങ്ങിക്കിടന്ന സമുദായത്തിന് മത വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി അദ്ദേഹം നുസ്റത്തുൽ ഇസ് ലാം മദ്റസ ആരംഭിച്ചു.  മദ്റസയിൽ എൽ.പി സ്കൂളിനുള്ള അനുമതികൂടി ലഭിച്ചതോടെ ഭൗതിക വിദ്യാഭ്യാസത്തിനുള്ള അവസരവും പ്രദേശവാസികൾക്ക് കൈവന്നു. ഇന്ന് എൻ.ഐ.എം.എൽ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നുസ്റത്തുൽ ഇസ് ലാം മദ്റസാ എൽ.പി സ്കൂളിലായിരുന്നു കുഞ്ഞാലി മാസ്റ്ററുടെ പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിൽ മിടുക്കനായ കുഞ്ഞാലിക്ക് സെയ്താലിക്കുട്ടി മൗലവി പ്രത്യേക ശ്രദ്ധ നൽകി. അനാഥത്വത്തിന്റെ കയ്പറിഞ്ഞ കുഞ്ഞാലിയെന്ന കുരുന്നിന്  രക്ഷിതാവിന്റെ കരസ്പർശമാവുകയായിരുന്നു സെയ്താലിക്കുട്ടി മൗലവി. കുഞ്ഞാലിയുടെ ഒരു ചുവടും പിഴക്കരുതെന്ന് മൗലവിക്ക് നിർബന്ധമുണ്ടായിരുന്നു. മൗലവിയുടെ തന്നെ പ്രേരണയിലാണ് 1948-ൽ മൂന്ന് വർഷത്തെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുഞ്ഞാലി മാസ്റ്റർ കോഴിക്കോട്ടെത്തിയതും.

ജീവിതത്തിന് ഒരു ലക്ഷ്യവും അതിലേക്ക്  നയിക്കുന്ന ശരിയായ  മാർഗവും കണ്ടെത്തണമെന്ന് കോഴിക്കോട് നഗരത്തിലെ പഠനം പൂർത്തിയാക്കി മടങ്ങുമ്പോൾ തന്നെ അദ്ദേഹം മനസ്സിൽ കുറിച്ചിട്ടതാണ്.  അധ്യാപകനാവാനുള്ള യോഗ്യതയും അദ്ദേഹം നേടിയിട്ടുണ്ട്.  പഠനം പൂർത്തിയാക്കിയതിന്റെ അടുത്ത വർഷം തന്നെ അധ്യാപന ജോലിക്ക് അവസരം ലഭിച്ചു. ഇരിങ്ങത്ത് എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററായിട്ടായിരുന്നു ആദ്യത്തെ നിയമനം. അവിടെ സേവനം ചെയ്തുകൊണ്ടിരിക്കെ തന്റെ അധ്യാപകൻ കൂടിയായ എഴുത്തച്ഛൻ മാഷ് പേരാമ്പ്ര ഹൈസ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. അവിടെ യു.പി സെക് ഷനിൽ അധ്യാപകനാക്കി നിയമിച്ചു. അമ്പതിലധികം അധ്യാപകരുണ്ടായിരുന്ന സ്കൂളിലെ രണ്ട് മുസ് ലിം അധ്യാപകരിൽ ഒരാളായിരുന്നു കുഞ്ഞാലി മാസ്റ്റർ. ഇത്  മുസ് ലിം വിദ്യാഭ്യാസത്തിന്റെ ശോചനീയാവസ്ഥ  വെളിപ്പെടുത്തുന്നുണ്ട്.
സ്കൂളിലെ ജോലിയിലും കുടുംബത്തിലും മാത്രമായി തന്റെ ജീവിതത്തെ പരിമിതപ്പെടുത്താൻ കുഞ്ഞാലി മാസ്റ്റർ തയാറായിരുന്നില്ല.  മുസ് ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്ക സ്ഥിതി  മാസ്റ്ററെ വല്ലാതെ അലട്ടി. രാഷ്ട്രീയ നേതാവായി ഉയരാനുള്ള എല്ലാ സാധ്യതകളും ഒത്തുവന്നിട്ടും സാമുദായിക പരിഷ്കരണ പ്രവർത്തനങ്ങളാണ് തന്റെ ദൗത്യമെന്ന് തീരുമാനിച്ചുറപ്പിക്കാൻ അതാണ് കാരണമായത്. പുരോഗമന ആശയങ്ങളോടും സംഘടനകളോടും ചേർന്നുനിന്നുകൊണ്ട് അദ്ദേഹം തന്റെ കർമമണ്ഡലം ചിട്ടപ്പെടുത്തി. 

ദാറുന്നുജൂം അഥവാ നക്ഷത്രങ്ങളുടെ ഗേഹം

ഇസ് ലാമിക് കൾച്ചറൽ അസോസിയേഷൻ എന്ന പേരിൽ യുവാക്കൾക്ക് വേണ്ടി ഒരു സാംസ്കാരിക വേദി രൂപവത്കരിച്ചുകൊണ്ടായിരുന്നു തുടക്കം. സമപ്രായക്കാരായ സുഹൃത്തുക്കളെയും നാട്ടിലെ യുവാക്കളെയും ചേർത്ത് പരിഷ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള  കൂട്ടായ്മ. അത് സജീവമായതോടെ 1968-ൽ കുഞ്ഞാലി മാസ്റ്ററുടെയും പ്രഫ. ടി അബ്ദുല്ല സാഹിബിന്റെയും നേതൃത്വത്തിൽ നൊച്ചാട് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. എ.വി അബ്ദുറഹ്മാൻ ഹാജിയും പ്രദേശത്തെ രാവുണ്ണി നായരുൾപ്പെടെയുള്ള പൗരപ്രമുഖരും നൽകിയ പിന്തുണയിൽ നൊച്ചാടെന്ന ഗ്രാമത്തിൽ  ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്കൃതമായി.  പിന്നീട് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനം. അതിനെത്തുടർന്ന് കക്കാട് ജുമാ മസ്ജിദ്, കൈതക്കൽ പള്ളി, നൊച്ചാട് പള്ളി, പേരാമ്പ്ര മസ്ജിദുന്നൂർ, പേരാമ്പ്ര ഹൈസ്കൂളിനടുത്തുള്ള സ്രാമ്പി, യതീം ഖാന പള്ളി തുടങ്ങിയവയൊക്കെയും കുഞ്ഞാലി മാസ്റ്ററുടെ നേതൃത്വത്തിൽ യാഥാർഥ്യമായി.

സലഫി ആശയങ്ങളോടും ഇസ് ലാമിക പ്രസ്ഥാനത്തോടും ചേർന്നുനിന്നായിരുന്നു തന്റെ ആശയ പ്രതലം അദ്ദേഹം രൂപപ്പെടുത്തിയത്. യാഥാസ്ഥിതിക ചിന്തകളിൽനിന്ന് സമുദായത്തിന് വെളിച്ചം പകരാൻ നവോത്ഥാന ആശയങ്ങളുടെ അനിവാര്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ആശയങ്ങളെ മനസ്സിൽ താലോലിക്കുമ്പോൾ തന്നെയും, സമുദായ നവീകരണത്തിന് എല്ലാവരുമായും സഹകരിച്ചും അവരെ സഹകരിപ്പിച്ചുമായിരുന്നു കുഞ്ഞാലി മാസ്റ്റർ തന്റെ പരിഷ്കരണ പാത വെട്ടിത്തെളിച്ചത്.

പേരാമ്പ്രയിലെ നാടുവാഴിയായിരുന്ന ഗോശാലക്കൽ എ.ജി.കെ നായർ, തന്റെ ബന്ധുവീടായ വയൽതൃക്കോവിൽ തറവാട് വാങ്ങിച്ച കുഞ്ഞാലി മാസ്റ്ററുടെ കുടുംബവുമായി വളരെ അടുത്ത ബന്ധത്തിലായിരുന്നു. അതുകൊണ്ടുതന്നെ പേരാമ്പ്രയിൽ കുഞ്ഞാലി മാസ്റ്റർ ആരംഭിച്ച നവീകരണ സംരംഭങ്ങൾക്ക് എ.ജി.കെ നായരുടെ നിർലോഭ പിന്തുണ ലഭിച്ചു. എന്നാൽ, വിദ്യാഭ്യാസത്തോട് മുഖംതിരിഞ്ഞു നിന്ന സ്വന്തം സമുദായത്തിൽനിന്ന് ഉണ്ടായത് കയ്പേറിയ അനുഭവങ്ങളായിരുന്നു. പള്ളികളിലൊതുങ്ങിയിരുന്ന മുസ് ലിം വിദ്യാഭ്യാസത്തിന് ഒരു തിരുത്ത് കുറിക്കാൻ കുഞ്ഞാലി മാസ്റ്റർ നിരന്തരമായി ആലോചനകൾ നടത്തി. തന്റെ കോഴിക്കോടൻ വിദ്യാഭ്യാസ ജീവിതത്തിലെ ഹോസ്റ്റൽ അനുഭവം പേരാമ്പ്രയിൽ ഒരു ഹോസ്റ്റൽ തുടങ്ങുന്നതിനെക്കുറിച്ച ചിന്തയിൽ അദ്ദേഹത്തെ എത്തിച്ചു. പണംപയറ്റ് നടത്തി പേരാമ്പ്ര ഹൈസ്കൂളിനടുത്ത് പാറക്കണ്ടത്തിൽ 40 സെന്റ് സ്ഥലം അതിനായി വാങ്ങുകയും ചെയ്തു. ഈ ആശയം കുറ്റ്യാടിയിലെ പൗരപ്രമുഖനും ജമാഅത്തെ ഇസ് ലാമി പ്രവർത്തകനുമായ ഒ.കെ അമ്മദ് സാഹിബിനോട് പങ്കുവെച്ചതോടെ തന്റെ ചിന്തകൾക്ക് ഒരു വഴിത്തിരിവുണ്ടാവുകയായിരുന്നുവെന്ന് കുഞ്ഞാലി മാസ്റ്റർ ഓർത്തെടുക്കുന്നു. കേവലം ഹോസ്റ്റലല്ല, ഒരു യതീം ഖാനയാണ് നമുക്ക് വേണ്ടതെന്ന ഒ.കെയുടെ അഭിപ്രായമാണ് മാസ്റ്ററെ അങ്ങനെയൊരു ഉദ്യമത്തിലേക്ക് നയിച്ചത്. എന്നാൽ, യതീം ഖാനയെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ടായിരുന്നു.

സമുദായത്തിലെ യാഥാസ്ഥിതികരുടെ വിമർശനം തന്നെയായിരുന്നു മുഖ്യ പ്രതിബന്ധം. പക്ഷേ, മുഴുവൻ സമുദായ നേതാക്കളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള സംരംഭമായിരിക്കണമെന്ന നിർബന്ധമുള്ളതിനാൽ കുഞ്ഞാലി മാഷ് മത-രാഷ്ട്രീയ-സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരെ നേരിൽ പോയി കണ്ടു, അവരുടെ സമ്മതവും പിന്തുണയും ഉറപ്പാക്കി. യതീം ഖാനയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോട് 'അത് ജമാഅത്തുകാരുടെ സ്ഥാപനമല്ലേ, തങ്ങൾ എന്തിനാണ് അതിൽ പങ്കെടുക്കുന്നത്' എന്ന പ്രാദേശിക യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ ചോദ്യത്തിന്, 'ഇത് നമ്മൾകൂടിച്ചേർന്ന് വലുതാവട്ടെ’ എന്ന സർഗാത്മക മറുപടിയായിരുന്നു തങ്ങൾ അവർക്ക് നൽകിയതെന്ന് കുഞ്ഞാലി മാസ്റ്റർ ഓർത്തെടുത്തു.
32 മുറികളുള്ള തങ്ങളുടെ കുടുംബവീടായ വയൽതൃക്കോവിൽ തറവാട് യതീം ഖാനക്ക് വേണ്ടി തത്കാലം ഉപയോഗിക്കാമെന്ന കുഞ്ഞാലി മാസ്റ്ററുടെ നിർദേശം സഹോദരങ്ങളൊക്കെയും അംഗീകരിച്ചു. നേരത്തെ പാറക്കണ്ടത്തിൽ വാങ്ങിയ സ്ഥലം വിറ്റ് നിലവിൽ യതീം ഖാനയുടെ ഓഫീസ് പ്രവർത്തിക്കുന്ന കുട്ടമ്പത്ത് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമിക്കുന്നത് വരെ വയൽതൃക്കോവിൽ തറവാട്ടിലായിരുന്നു യതീം ഖാന പ്രവർത്തിച്ചിരുന്നത്. 1971 മെയ് 5-ന് അന്നത്തെ ആഭ്യന്തര-വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയയായിരുന്നു യതീം ഖാന ഉദ്ഘാടനം ചെയ്തത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചവരിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരും ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ അന്നത്തെ ചീഫ് എഞ്ചിനീയർ ടി.പി കുട്ട്യാമു സാഹിബായിരുന്നു നക്ഷത്ര ഗേഹം എന്നർഥം വരുന്ന ദാറുന്നുജൂം എന്ന പേര് നിർദേശിച്ചത്. 1970-ൽ പുതുക്കുടി ബാവാച്ചി ഹാജി പ്രസിഡന്റും പ്രഫ. ടി. അബ്ദുല്ല സാഹിബ് സെക്രട്ടറിയുമായി 23 അംഗ കമ്മിറ്റിക്ക് രൂപം നൽകി. എ.വി അബ്ദുറഹ്മാൻ ഹാജി, പി.വി കുഞ്ഞമ്മദ് ഹാജി, കളത്തിൽ കുഞ്ഞമ്മദ് ഹാജി, പി. അമ്മദ് മാസ്റ്റർ, വി.ടി ഇബ്റാഹീം സാഹിബ്, നെല്ലിയുള്ളതിൽ ആലിക്കുട്ടി ഹാജി, കൊയലോട്ട് അമ്മദ് മാസ്റ്റർ, ആർ.പി അഹമ്മദ് കുട്ടി ഹാജി, പി.സി മാമു ഹാജി, അയനോത്ത് കണ്ണത്താഴ പക്രൻ സാഹിബ്, എ.ജി.കെ നായർ, മുൻ മന്ത്രി ഡോ. കെ.ജി അടിയോടി, ഡോ. ഒ. മുഹമ്മദ് തുടങ്ങിയവർ സ്ഥാപനത്തിന്റെ ആരംഭത്തിൽ പിന്തുണ നൽകിയ പ്രധാനികളിൽ ചിലരാണ്. ജമാഅത്തെ ഇസ് ലാമി മുൻ അമീർ കെ.സി അബ്ദുല്ല മൗലവിക്ക് മരക്കച്ചവടത്തിന്റെ പേരിൽ തന്റെ കുടുംബവുമായി വളരെ നേരത്തെതന്നെ നല്ല ബന്ധമാണുണ്ടായിരുന്നത്. വയൽതൃക്കോവിൽ തറവാട്ടിൽ കെ.സി അബ്ദുല്ല മൗലവി വന്ന് താമസിക്കാറുണ്ടായിരുന്നു. യതീം ഖാനയുടെ ആരംഭം മുതൽതന്നെ കെ.സി അബ്ദുല്ല മൗലവിയും സ്ഥാപനത്തിന്റെ മാർഗദർശിയായി കൂടെയുണ്ടായിരുന്നുവെന്ന് കുഞ്ഞാലി മാസ്റ്റർ ഓർത്തെടുക്കുന്നു.

വയൽതൃക്കോവിൽ തറവാട്ടിൽ 4 വർഷം പ്രവർത്തിച്ച ശേഷം 1975-ലാണ് സ്ഥാപനം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ചെറിയ കെട്ടിടമുണ്ടാക്കി മാറ്റുന്നത്. അന്നത്തെ ഭവന-വിദ്യുഛക്തി വകുപ്പ് മന്ത്രി എം.എൻ ഗോവിന്ദൻ നായരാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
തുടക്കത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ദാറുന്നുജൂമിൽ പ്രവേശനം നൽകിയിരുന്നത്. 1978-ലാണ് പെൺകുട്ടികൾക്ക് വേണ്ടിയുള്ള സംവിധാനമൊരുക്കാൻ തീരുമാനിക്കുന്നത്. വയൽതൃക്കോവിൽ തറവാട്ടിൽ തന്നെയായിരുന്നു അതിന്റെയും ആരംഭം. 1987-ൽ പെൺകുട്ടികളുടെ ഹോസ്റ്റൽ സ്ഥാപിക്കുന്നതു വരെ 10 വർഷത്തോളം അവിടെത്തന്നെ അത് തുടർന്നു. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് വി.എൻ.കെ അഹമ്മദ് സാഹിബാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ജമാഅത്തെ ഇസ് ലാമി കേരള അമീറായിരുന്ന പ്രഫ. കെ.എ സിദ്ദീഖ് ഹസൻ സാഹിബ് ആൺകുട്ടികളുടെ ഹോസ്റ്റലിന്റെയും, മുസ് ലിം ലീഗ് നേതാവായിരുന്ന എ.വി അബ്ദുറഹ്മാൻ ഹാജി പെൺകുട്ടികളുടെ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

സാമ്പത്തിക പരാധീനതകളുടെ മരുഭൂ സഞ്ചാരമായിരുന്നു തുടക്കക്കാലത്തെ യതീം ഖാനാ പ്രവർത്തനങ്ങളെന്ന് കുഞ്ഞാലി മാസ്റ്ററുടെ വാക്കുകളിൽ വ്യക്തം. കമ്മിറ്റികളിൽ നിരവധി പേരുണ്ടായിരുന്നെങ്കിലും ഒരു മുഴുസമയ പ്രവർത്തകന്റെ റോളിൽ കുഞ്ഞാലി മാസ്റ്ററുടെ ഒറ്റയാൾ പോരാട്ടമായിരുന്നു യതീം ഖാനയെ ചലിപ്പിച്ചത്. കാൽനടയായി വീടുകൾ തോറും കയറിയിറങ്ങി ആവശ്യമായ നെല്ലും അരിയും സംഭരിച്ചായിരുന്നു അന്നന്നത്തെ അവശ്യ വിഭവങ്ങൾ കണ്ടെത്തിയത്. പലപ്പോഴും ചില പട്ടിണി ദിനങ്ങൾ കടക്കാരുടെ കനിവുകൊണ്ട് മറികടന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ യതീം ഖാനയിലെ മക്കളുടെ വിശപ്പകറ്റാൻ വല്യുമ്മയായ കാമ്പ്രത്ത് ആയിശുമ്മയുടെ കാതിലെ സ്വർണം മുറിച്ചുവിറ്റ അനുഭവവും ഒരു ദീർഘ നിശ്വാസത്തോടെ കുഞ്ഞാലി മാസ്റ്റർ ഓർത്തെടുത്തു.സർക്കാർ ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്ന സഹോദരൻ വി.ടി ഇബ്റാഹീം സാഹിബിന്റെ പിന്തുണയാണ്, തളർന്നുപോയേക്കാവുന്ന ഘട്ടങ്ങളിൽ ആത്മവിശ്വാസവും ഊർജവും പകർന്നത്. ദാറുന്നുജൂമിനുവേണ്ടി സേവനം ചെയ്യാൻ തന്റെ ഹെൽത്ത് ഇൻസ്പെക്ടർ ജോലിയിൽനിന്ന് വൊളണ്ടിയർ റിട്ടയർമെന്റ്എടുക്കാൻ വരെ വി.ടി ഇബ്റാഹീം സാഹിബ് തയാറായി.
പിതാവിന്റെ വിയോഗാനന്തരം സെയ്താലിക്കുട്ടി മൗലവി തന്റെ രക്ഷാകർതൃത്വം ഏറ്റെടുത്തതു പോലെ മൗലവിയുടെ വിയോഗശേഷം അദ്ദേഹത്തിന്റെ മകനായ വി.പി അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വം കുഞ്ഞാലി മാസ്റ്ററും ഏറ്റെടുത്തു. അതോടെ കുഞ്ഞാലി മാസ്റ്റർക്ക് യതീം ഖാനാ പ്രവർത്തനങ്ങളിൽ ഒരു കൈത്താങ്ങായി അസീസ് മാസ്റ്ററും സഹചാരിയായി.

ദാറുന്നുജൂം ഉൾപ്പെടെ കേരളത്തിലെ യതീം ഖാനകൾ നിർവഹിച്ച സാമൂഹിക ദൗത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞാലി മാസ്റ്റർക്ക് വിശദവും വ്യക്തവുമായ മറുപടിയുണ്ട്. കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ യതീം ഖാനകളില്ലായിരുന്നെങ്കിൽ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വളര ശോചനീയമാവുമായിരുന്നു. യതീം ഖാനകൾ ഏറ്റെടുത്ത അനാഥരും അഗതികളുമായ മക്കളെ സംബന്ധിച്ചേടത്തോളം അത് അവർക്ക് ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറിയിട്ടുണ്ടാകുമെന്നതിൽ സംശയമില്ല.  യതീം ഖാനകളുടെ കീഴിൽ ആരംഭിച്ച എത്രയെത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്! സ്കൂളുകൾ, കോളേജുകൾ, മദ്റസകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ, മറ്റു സംരംഭങ്ങൾ ഇതെല്ലാം യതീം ഖാനാ പ്രസ്ഥാനത്തിന്റെ ഫലമായി ഉണ്ടായി വന്നിട്ടുണ്ട്. 

സംതൃപ്തം ഈ സപ്ത ദശകം

തന്റെ നേരിട്ടുള്ള ശിക്ഷണത്തിൽ വളർന്ന മക്കൾ ഇന്ന് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുവെന്നത് വലിയ ചാരിതാർഥ്യമാണ് പകരുന്നതെന്ന് മാസ്റ്റർ പറയുന്നു.  സംസ്ഥാന മുൻ തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദാറുന്നുജൂമിലെ കുഞ്ഞാലി മാസ്റ്ററുടെ അരുമ ശിഷ്യനായിരുന്നു. ദാറുന്നുജൂമിലെ മറ്റൊരു വിദ്യാർഥിയായിരുന്ന ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ച പ്രഫ. സി ഉമർ ഇന്ന് ദാറുന്നുജൂം കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയാണ്. എഴുത്തുകാരും നിയമ വിദഗ്ധരും അധ്യാപകരും സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരുമായി നൂറുകണക്കിന് പേരെ ഇന്ന് ഈ പട്ടികയിൽ ചേർത്തുവെക്കാൻ കഴിയും.

‘എക്സലൻസ് ആന്റ് എത്തിക്സ്’ ഇതായിരിക്കണം നമ്മുടെ മുഖമുദ്ര എന്ന ഉപദേശം കേൾക്കാത്ത ഒരു സന്ദർശകനും കുഞ്ഞാലി മാസ്റ്റർക്കുണ്ടാവുകയില്ല. നിലവിൽ അനാഥാലയങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയെക്കുറിച്ച ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്. സ്ഥാപനം നടത്തുന്നുണ്ടെങ്കിൽ ഇത് ഉറപ്പാക്കാൻ കഴിയണമെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. യതീം ഖാന എന്ന പേരാണ് തടസ്സമെങ്കിൽ മറ്റു വഴികൾ ആലോചിക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശിക്ഷണവും നൽകാൻ ഹോസ്റ്റൽ സംവിധാനം അത്യാവശ്യമാണ്. അതിലൂടെ മാത്രമേ  മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. അതേസമയം തന്നെ കുട്ടികൾക്ക് മാതാവിന്റെ സ്നേഹവും ലാളനയും അനുഭവിക്കാൻ കഴിയും വിധത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അവരെക്കൂടി പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങളും യതീം ഖാനാ നടത്തിപ്പുകാർ ആലോചിക്കണമെന്ന നിർദേശവും കുഞ്ഞാലി മാസ്റ്റർ പങ്കുവെക്കുന്നു.

ദാറുന്നുജൂം യതീം ഖാനക്ക് കീഴിൽ ഇന്ന് നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഓർഫനേജ് വിദ്യാർഥികൾക്ക് ഖുർആനുൽ ഫജ്ർ എന്ന പേരിൽ ഖുർആൻ ഹിഫ്ള് കോഴ്സ് കൂടി സമന്വയിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് (അൺ എയ്ഡഡ്), എൻ.ഐ.എം.എൽ.പി സ്കൂൾ, ഹെവൻസ് പ്രീസ്കൂൾ, നഴ്സറി, മദ്റസ, കൗൺസലിംഗ് സെന്റർ തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങളും യതീം ഖാനാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്. പ്രഫ. സി. ഉമർ പ്രസിഡന്റും പി.കെ ഇബ്റാഹീം മാസ്റ്റർ ജനറൽ സെക്രട്ടറിയും കെ. ഇമ്പിച്യാലി സാഹിബ് ട്രഷററുമായ 25 അംഗ നിർവാഹക സമിതിയാണ് യതീം ഖാനയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. യതീം ഖാനാ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന നിലവിലെ കേരള ജമാഅത്തെ ഇസ് ലാമി അസി. അമീർ എം.കെ മുഹമ്മദലി സാഹിബ് ഉൾപ്പെടെയുള്ളവരുടെ സമിതിയിലെ സാന്നിധ്യം സ്ഥാപനത്തിന് ദിശാബോധം നൽകുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.

ദാറുന്നുജൂം സ്ഥാപനങ്ങൾ മുഖേനയുണ്ടായ ചലനങ്ങൾ നാടിന്റെ പുരോഗതിക്ക് കാരണമായിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെ സഹായംകൊണ്ട്  മാത്രമാണെന്നായിരുന്നു അതു സംബന്ധിച്ച് കുഞ്ഞാലി മാസ്റ്റർക്ക് പറയാനുണ്ടായിരുന്നത്. അവയുടെ സ്വാധീനഫലമായി നിരവധി സ്ഥാപനങ്ങൾ പ്രദേശത്ത് ഉയർന്നുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം  പറഞ്ഞു. എല്ലാ സാമൂഹിക പ്രവർത്തനങ്ങൾക്കും തന്റെതായ വ്യത്യസ്ത മാനമുണ്ടാകണമെന്ന് കുഞ്ഞാലി മാസ്റ്റർ നിഷ്കർഷിച്ചിരുന്നു. ദാറുന്നുജൂമിന് വേണ്ടി സമൂഹത്തിലെ എല്ലാവരെയും അദ്ദേഹം ചേർത്തുപിടിച്ചു.  വർഷങ്ങൾക്കിപ്പുറം, തന്റെ നന്മയുടെ നനവുള്ള ഗതകാല  സ്മരണകൾക്ക് മുന്നിൽ സന്തോഷാശ്രുപൊഴിക്കുകയാണ് വി.ടി കുഞ്ഞാലി മാസ്റ്ററെന്ന മനുഷ്യസ്നേഹി. സഹധർമിണി മർയം കഴിഞ്ഞ മാസമാണ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. പിതാവ് നിർമിച്ച നൂറിലധികം വർഷം പഴക്കമുള്ള വീട്ടിലാണ് ഇപ്പോഴും കുഞ്ഞാലി മാസ്റ്റർ താമസിക്കുന്നത്. മനസ്സിന് പ്രായത്തിന്റെ പാടുകളേൽക്കാത്ത ഈ ഗുരുവിനെ തേടി നിത്യവും ധാരാളം പേർ സന്ദർശനത്തിനായി വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി