Prabodhanm Weekly

Pages

Search

2024 ജനുവരി 26

3337

1445 റജബ് 14

നിയമ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ച് ദക്ഷിണാഫ്രിക്ക

എഡിറ്റർ

ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. മരണസംഖ്യ ഇതെഴുതുമ്പോൾ 24,000-ത്തോട് അടുക്കുന്നു. സയണിസ്റ്റ് ഭീകരതയെ തടുക്കുന്നതു പോയിട്ട് തള്ളിപ്പറയാന്‍ പോലും ലോക രാജ്യങ്ങള്‍ തയാറാകാത്തപ്പോഴാണ്, ഇസ്രയേലിന്റെ ചെയ്തികള്‍ വംശഹത്യയുടെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിച്ചത്. വംശഹത്യക്കെതിരായ 1948-ലെ കണ്‍വെന്‍ഷന്‍ ലംഘിച്ച ഇസ്രയേലിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കയുടെ ആവശ്യം. പരാതിയില്‍ പെട്ടെന്നൊരു വിധി ഐ.സി.ജെയില്‍നിന്ന് ഉണ്ടാകില്ല. അതിനാല്‍, വെടിനിര്‍ത്തലിന് ഇസ്രയേലിനെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ഇടയ്ക്കാല ഉത്തരവുണ്ടാകണമെന്നും ദക്ഷിണാഫ്രിക്ക അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരെ 84 പേജുകളുള്ള ചാര്‍ജ് ഷീറ്റാണ് ലോക കോടതിയില്‍ സമര്‍പ്പിച്ചത്. വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന യു.എസിനെയും ബ്രിട്ടനെയും കോടതി കയറ്റുമെന്ന മുന്നറിയിപ്പും ദക്ഷിണാഫ്രിക്ക നല്‍കിയിട്ടുണ്ട്.

വംശഹത്യയുടെ പേരില്‍ നാലു വര്‍ഷത്തിനിടയില്‍ ഐ.സി.ജെക്ക് മുമ്പാകെ വരുന്ന രണ്ടാമത്തെ കേസാണിത്. റോഹിംഗ്യ മുസ്‌ലിംകളെ വംശഹത്യ നടത്തുന്ന മ്യാന്‍മര്‍ ഭരണകൂടത്തിനെതിരെ 2019-ല്‍ ഗാംബിയയും ഐ.സി.ജെയെ സമീപിച്ചിരുന്നു. രണ്ട് കേസുകളിലും ചില സമാനതകളുണ്ട്. ദക്ഷിണാഫ്രിക്കക്ക് ഇസ്രയേലുമായോ ഗാംബിയക്ക് മ്യാന്‍മറുമായോ നേരിട്ട് തര്‍ക്കങ്ങളില്ല. എന്നാല്‍, അന്താരാഷ്ട്ര സമൂഹം നിഷ്‌ക്രിയമായി നില്‍ക്കുന്ന രണ്ട് വംശഹത്യകളിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കാനും, നിസ്സഹായരായ മനുഷ്യര്‍ ഇനിയും ഭരണകൂട ഭീകരതക്ക് ഇരയാകാതിരിക്കാനും തങ്ങളാലാവുന്നത് ചെയ്യുകയെന്ന മഹല്‍കൃത്യമാണ് ഇരു രാജ്യങ്ങളും നടത്തിയത്. കൊളോണിയലിസത്തിന്റെയും വര്‍ണവിവേചനത്തിന്റെയും ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയവയാണ് ഇരു ആഫ്രിക്കന്‍ രാജ്യങ്ങളും എന്ന പ്രത്യേകതയുമുണ്ട്.

ഗസ്സയിലെ നരമേധത്തിന്റെ ആരംഭത്തില്‍ തന്നെ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച് ഫലസ്ത്വീനികള്‍ക്കൊപ്പം നിലയുറപ്പിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. മുസ്‌ലിം രാജ്യങ്ങളും ചില മൂന്നാം ലോക രാഷ്ട്രങ്ങളും ഐ.സി.ജെയില്‍ ദക്ഷിണാഫ്രിക്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ബെല്‍ജിയം മാത്രമാണ് ഇസ്രയേലിന്റെ വംശഹത്യക്ക് എതിരെ രംഗത്തുവന്ന ഏക പാശ്ചാത്യ രാജ്യമെന്നത് ഞെട്ടലുളവാക്കുന്നില്ല. കോളനിവത്കരണ കാലത്ത് ചെയ്ത പാതകങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി വേണമെങ്കില്‍ ബെല്‍ജിയത്തിന്റെ ഈ നിലപാടിനെ കാണാം. ഒരു രാജ്യമെന്ന നിലയില്‍ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സ്‌പെയിന്‍ മുന്നോട്ടു വന്നില്ലെങ്കിലും ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി പോഡെമോസ് ദക്ഷിണാഫ്രിക്കയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നേതാവ് ജെറമി കോര്‍ബിന്‍ നേരിട്ട് ഹേഗിലെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി സംഘത്തില്‍ പങ്കുചേര്‍ന്നു.

അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും പരസ്യമായി ഇസ്രയേലിന്റെ പക്ഷം ചേര്‍ന്നപ്പോള്‍ ഹോളോകോസ്റ്റിന്റെയും മറ്റനേകം കൂട്ടക്കൊലകളുടെയും ചരിത്രം പേറുന്ന ജര്‍മനിയുടെ ഒരു മന്ത്രി നടത്തിയ പരസ്യപ്രസ്താവന ധിക്കാരം നിറഞ്ഞതും സയണിസ്റ്റ് കൊളോണിയല്‍ ഭീകരതയെ വെള്ളപൂശുന്നതുമായിരുന്നു. ഗസ്സയിലേത് വംശഹത്യയല്ലെന്നും ഇസ്രയേലിന്റേത് പ്രതിരോധ പ്രവര്‍ത്തനമാണെന്നുമാണ് സര്‍ക്കാര്‍ വക്താവ് സ്റ്റെഫന്‍ ഹെബെസ്‌ട്രെയിറ്റ് പ്രസ്താവിച്ചത്. ഇസ്രയേലിനെ സംരക്ഷിക്കാന്‍ ഐ.സി.ജെയില്‍ മൂന്നാം കക്ഷിയായി ജര്‍മനി ഇടപെടുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.  ജര്‍മനിയുടെ കാപട്യത്തിനെതിരെ ആഫ്രിക്കന്‍ രാജ്യമായ നമീബിയ രംഗത്തുവന്നു. ഏറക്കാലം നമീബിയയെ കോളനിയാക്കി ഭരിച്ച ജര്‍മനിയാണ് ഇരുപതാം നൂറ്റാണ്ടിലെ പ്രഥമ വംശഹത്യയുടെ ഉത്തരവാദികളെന്നും,  ഇസ്രയേലി വംശഹത്യയെ ന്യായീകരിക്കുന്നത് പരിഹാസ്യമാണെന്നും പ്രസിഡന്റ് ഹെയ്ഗ് ഗെയിന്‍ഗോബ് തുറന്നടിക്കുന്നു. 

ആയിരത്തോളം രാഷ്ട്രീയ പാര്‍ട്ടികളും ജനകീയ സംഘടനകളും തൊഴിലാളി യൂനിയനുകളും വംശഹത്യക്ക് എതിരായ ദക്ഷിണാഫ്രിക്കയുടെ നിയമ പോരാട്ടത്തിന് പിന്തുണയുമായെത്തിയത് ഇസ്രയേലിന്റെ കാടത്തത്തിനെതിരായ ലോക ജനതയുടെ ശബ്ദം തന്നെയാണ്. അന്താരാഷ്ട്ര നീതിന്യായ സംവിധാനങ്ങളെ എന്നും പരിഹസിക്കാറുള്ള ഇസ്രയേല്‍ ഐ.സി.ജെയില്‍ പ്രതിരോധിക്കാന്‍ എത്തിയത് സയണിസ്റ്റ് ഭീകരര്‍ എത്രത്തോളം ഒറ്റപ്പെട്ടുവെന്നതിന്റെ സൂചനയാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 30-31
ടി.കെ ഉബൈദ്

ഹദീസ്‌

കാലത്തെ പഴിക്കരുത്
അലവി ചെറുവാടി