Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

ഗസ്സക്ക് ഐക്യദാർഢ്യവുമായി വിദ്യാർഥി റാലി

കോഴിക്കോട്: ഫലസ്ത്വീനിൽ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രായേൽ കൊളോണിയൽ അധിനിവേശത്തിനെതിരെയും, മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തി കുഞ്ഞുങ്ങളെ അടക്കം കൊന്നുകളയുന്ന ഇസ്രായേലിന്റെ കിരാത നടപടിക്കെതിരെയും കോഴിക്കോട് വിദ്യാർഥികളുടെ പ്രതിഷേധമിരമ്പി. ഫലസ്ത്വീൻ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ആയിരങ്ങൾ അണിനിരന്ന വിദ്യാർഥി മഹാറാലി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽനിന്നാരംഭിച്ച് ബീച്ചിൽ അവസാനിച്ചു. ഫലസ്ത്വീൻ ഐക്യദാർഢ്യ ഇൻസ്റ്റലേഷനുകളും പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും നിറഞ്ഞ റാലിയിൽ നെതന്യാഹുവിന്റെയും ജോ ബൈഡന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് കോഴിക്കോട് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ-സാംസ്‌കാരിക-മത നേതാക്കൾ പങ്കെടുത്തു. ഫലസ്ത്വീൻ ആക്റ്റിവിസ്റ്റ് മഹ്്മൂദ് അഹ്‌മദ്‌ മുഖ്യാതിഥിയായി സംസാരിച്ചു.

ഞങ്ങളുടെ വീടുകൾ, ആശുപത്രികൾ, മസ്ജിദുകൾ, മാർക്കറ്റ് എല്ലാം അവർ ബോംബിട്ട് തകർക്കുകയാണ്. ഇപ്പോൾ ഇസ്രായേൽ ഞങ്ങളെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നു. എന്നാൽ ഞങ്ങൾ എവിടേക്കും പോകില്ല, ഞങ്ങൾ ഗസ്സയിൽനിന്നും ആകാശത്തേക്ക്, റബ്ബിലേക്ക് മാത്രമേ പോകൂ...  ഈമാൻ പ്രസരിക്കുന്ന ധീരമായ വാക്കുകളിൽ മഹമൂദ് അഹ്‌മദ്‌ സംവദിച്ചു.  

തുടർന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ റമീസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫലസ്ത്വീൻ പോരാട്ടം കേവലം ഫലസ്ത്വീനികളുടെ മാത്രം പോരാട്ടമല്ലെന്നും അത് മതേതര ആധുനികതയുടെ വംശീയ ലോകഘടനക്കെതിരായ പോരാട്ടം കൂടിയാണെന്നും
മുഴുവൻ മുസ്്ലിംകളുടെയും പുണ്യഭൂമിക്കായുള്ള പോരാട്ടത്തിനാണ് നാം ഇവിടെ ഐക്യദാർഢ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ മുഹമ്മദ് സഈദ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂർ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി.ടി.പി സാജിദ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ഗസ്സയിൽ ഇന്റർനെറ്റ്‌ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യാതിഥി മഹ്്മൂദ് അഹ്‌മദ്‌ ശബ്ദസന്ദേശത്തിലൂടെയാണ് സംസാരിച്ചത്. സമ്മേളന നഗരിയിൽ മുബശ്ശിർ അസ്ഹരിയുടെ നേതൃത്വത്തിൽ നമസ്കാരവും  പ്രാർഥനാസദസ്സും നടന്നു. പൊതുസമ്മേളനത്തോടനുബന്ധിച്ച് 'ആർട്ട്‌ ഓഫ് റെസിസ്റ്റൻസ്' എന്ന പേരിൽ ഫലസ്ത്വീൻ ജനതയോട് ഐക്യപ്പെട്ടുകൊണ്ടുള്ള വ്യത്യസ്ത കലാവിഷ്കാരങ്ങൾ വേദിയിലെത്തി. അൽജാമിഅഃ ഇസ്‌ലാമിയ വിദ്യാർഥികളുടെ സോങ് ഓഫ് റെസിസ്റ്റൻസ്, അസ്ഹറുൽ ഉലൂം വിദ്യാർഥികളുടെ സംഗീത ശിൽപം, മുസ്‌ലിയുടെ റാപ്പ് തുടങ്ങിയ കലാപരിപാടികൾകൊണ്ട് സമ്മേളനം വേറിട്ട അനുഭവമായി. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി