Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

ഡോ. വി. അബ്ദുർറഹീം ഖുർആനിനും അറബി ഭാഷക്കും സമർപ്പിച്ച ജീവിതം

ഖുർആന്റെയും അറബി ഭാഷയുടെയും ആഴത്തിലുള്ള പഠനത്തിനും പ്രചാരണത്തിനും സമ്പൂർണമായി ഒരു പുരുഷായുസ്സ് സമർപ്പിച്ച് അര നൂറ്റാണ്ടിലധികം കാലം മദീന മുനവ്വറയിൽ ജീവിച്ച ഇന്ത്യൻ വേരുള്ള പണ്ഡിതനായിരുന്നു ഡോ. വി. അബ്ദുർറഹീം. 2023 ഒക്ടോബർ 19-നാണ് അദ്ദേഹം വിടവാങ്ങിയത്. തൊട്ടടുത്ത ദിവസം മസ്ജിദുന്നബവിയിൽ നടന്ന മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം ബഖീഇൽ ഖബ്റടക്കപ്പെട്ടു. മരിക്കുമ്പോൾ 90 വയസ്സുണ്ടായിരുന്നു. വാണിയമ്പാടി അബ്ദുർറഹീം എന്ന ഡോ. വി. അബ്ദുർറഹീം തന്റെ പേരിനോടൊപ്പമുള്ള വാണിയമ്പാടി എന്ന വാക്കിന്റെ ചുരുക്കപ്പേരായി വി. എന്ന ഇനീഷ്യൽ അറബി ഭാഷയിലെ ഫ എന്ന അക്ഷരത്തിലേക്കു മാറ്റി ഡോ. ഫാ അബ്ദുർറഹീം എന്നാണ് അറബ് പണ്ഡിത ലോകത്ത്  അറിയപ്പെട്ടത്. ഇതേ പേരിലാണ് ഗ്രന്ഥരചനകളും നടത്തിയത്.
ഭാഷാ വിദഗ്ധൻ, ഗവേഷകൻ, യൂനിവേഴ്സിറ്റി പ്രഫസർ, എഴുത്തുകാരൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അറബി, ഇംഗ്ലീഷ്, ഉർദു, പേർഷ്യൻ, തമിഴ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്, അരമായിക്, ഹീബ്രു തുടങ്ങി 14 ഭാഷകളിൽ വ്യുൽപത്തിയുണ്ടായിരുന്നു. ആദ്യ മൂന്ന് ഭാഷകളിൽ ഗ്രന്ഥരചന നടത്തിയിട്ടുമുണ്ട്.

1933 മെയ് ഏഴിന് തമിഴ്നാട്ടിലെ വാണിയമ്പാടിയിലാണ്‌ ജനനം. അവിടുത്തെ ജംഇയ്യത്തു തർബിയത്തിൽ മുഹമ്മദിയ്യ സംഘം സ്ഥാപിച്ച സ്കൂളിൽ സെക്കന്ററി തലം വരെ പഠനം. അക്കാലത്ത് തന്നെ അറബി ഭാഷയോട് വല്ലാത്ത അഭിനിവേശമുണ്ടായിരുന്നു. ഭാഷാ പ്രാവീണ്യം നേടാൻ കൈറോവിൽനിന്നുള്ള സ്വൗത്തുൽ അറബ്, മക്കയിലെ നിദാഉൽ ഇസ് ലാം എന്നീ റേഡിയോ പരിപാടികൾ ശ്രവിച്ചുകൊണ്ടേയിരുന്നു. പിന്നീട് മദ്രാസ് യൂനിവേഴ്സിറ്റിയിൽ പഠിച്ചു. 1957-ൽ അവിടെനിന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും 1961-ൽ അഫ്ദലുൽ ഉലമായും കരസ്ഥമാക്കി. തുടർന്ന് അലീഗഢ് മുസ് ലിം യൂനിവേഴ്സിറ്റിയിലെത്തി. 1963-ൽ അവിടെവെച്ച് അറബി ഭാഷയിലും പി.ജി കരസ്ഥമാക്കി.
വൈജ്ഞാനിക ദാഹം ശമിക്കാതെ വന്നപ്പോൾ ഉന്നത പഠനത്തിന് അറബ് രാജ്യങ്ങളിലൊന്നിൽ എത്തിച്ചേരാനായി ആഗ്രഹം. അങ്ങനെ ഈജിപ്തിലെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ പ്രവേശനം നൽകണമെന്ന് അഭ്യർഥിച്ച് അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് ജമാൽ അബ്ദുന്നാസറിന് അദ്ദേഹം നേരിട്ട് കത്തയച്ചു. പ്രവേശനത്തിന് അനുമതി നൽകിക്കൊണ്ട് അസ്ഹറിന്റെ ചുമതല കൂടി ഉണ്ടായിരുന്ന വൈസ് പ്രസിഡന്റ് ഹുസൈൻ ശാഫിഇയുടെ മറുപടിക്കത്ത് ലഭിക്കാൻ അധികനാൾ വേണ്ടിവന്നില്ല. വിസ ലഭ്യമാകാൻ പ്രസ്തുത കത്തുമായി ദൽഹിയിലെ ഈജിപ്ത് എംബസിയെ സമീപിക്കാനും കത്തിൽ നിർദേശമുണ്ടായിരുന്നു.

1964 മുതൽ അസ്ഹറിലെ അറബി ഭാഷാ വിഭാഗത്തിൽ ഉന്നത പഠനം തുടർന്നു. 'അറബി ഭാഷയിലേക്ക് കടന്നുവന്ന പേർഷ്യൻ പദങ്ങൾ' എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. 1973-ൽ അസ്ഹറിൽനിന്ന് 'അറബി ഭാഷയുടെ അടിസ്ഥാനങ്ങൾ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു. അതിനിടെ 1966 മുതൽ 1969 വരെ സുഡാനിലെ ഉമ്മു ദുർമാൻ യൂനിവേഴ്സിറ്റിയിൽ അറബി, ഇംഗ്ലീഷ് വിഭാഗങ്ങളുടെ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചു. വീണ്ടും അസ്ഹറിൽ തിരിച്ചെത്തിയാണ് ഡോക്ടറേറ്റ് പൂർത്തിയാക്കിയത്.

അസ്ഹറിൽനിന്ന് മദീനാ ഇസ്്ലാമിക് യൂനിവേഴ്സിറ്റിയിലെത്തി അധ്യാപന രംഗത്ത് തുടരാനായി തീരുമാനം. അതിന് സമ്മതം ചോദിച്ച് അന്നത്തെ മദീനാ ഇസ്്ലാമിക് യൂനിവേഴ്സിറ്റി അസി. ഡയറക്ടർ ശൈഖ് ഇബ്്നു ബാസിന് കത്തയച്ചു. അനുകൂല മറുപടി ലഭിച്ചതിനെ തുടർന്ന് പിന്നെയുള്ള 26 വർഷം (1969-1995) മദീനാ യൂനിവേഴ്സിറ്റിയായിരുന്നു ഈ ഭാഷാ പണ്ഡിതന്റെ പ്രവർത്തന കേന്ദ്രം. മദീനയിൽ അറബി ഭാഷാ വിഭാഗത്തിൽ  അധ്യാപകനായിരിക്കെ തന്നെ അനറബികൾക്ക് അറബി ഭാഷ പഠിപ്പിക്കുന്ന വിഭാഗത്തിന്റെ തലവനായും വർഷങ്ങൾ അദ്ദേഹം പ്രവർത്തിച്ചു. ഇക്കാലത്ത് ഈ മേഖലയുമായി ബന്ധപ്പെട്ട് അറബിയിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചതും തദാവശ്യാർഥം യൂറോപ്യൻ രാജ്യങ്ങളിലും മറ്റും സന്ദർശനം നടത്തി അവിടങ്ങളിലെല്ലാം അതിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചതുമാണ് ഡോ. ഫാ അബ്ദുർറഹീമിന്റെ ഏറ്റവും മികച്ച വൈജ്ഞാനിക സംഭാവന. അമേരിക്കൻ ഐക്യനാടുകൾ, ബ്രിട്ടൻ, ജർമനി, കാനഡ, പാകിസ്താൻ, ഇന്ത്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലെ സെന്ററുകൾ ശ്രദ്ധേയമായിരുന്നു. ജർമനിയിൽ തുടർച്ചയായി 20 വർഷം സെന്ററിന്റെ വാർഷിക സംഗമവും സംഘടിപ്പിച്ചു. അവസാന കാലത്ത് ഇതിന്റെ തന്നെ ഓൺലൈൻ കോഴ്സും അദ്ദേഹം ആരംഭിച്ചു. അങ്ങനെ ലോകതലത്തിൽ വലിയ ശിഷ്യസമ്പത്തുള്ള അറബി ഭാഷാ ഗുരുവായി മാറി ഡോ. ഫാ അബ്ദുർറഹീം.  ഇന്തോനേഷ്യയിലെ അറബി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സിലബസ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. റിയാദിലെ ജാമിഅത്തുൽ ഇമാം മുഹമ്മദുബ്്നു സുഊദിന്റെ മേൽനോട്ടത്തിലായിരുന്നു ഈ സ്ഥാപനം.

1995-ൽ മദീനാ യൂനിവേഴ്സിറ്റിയിൽനിന്ന് വിരമിച്ച ശേഷം മരണം വരെ 28 വർഷം കൂടി പ്രവാചക നഗരിയിൽ തന്നെയായിരുന്നു ഈ പണ്ഡിതന്റെ ജീവിതം. അവിടത്തെ കിംഗ് ഫഹ്ദ് ഖുർആൻ പ്രിന്റിംഗ് കോംപ്ലക്സിൽ ഖുർആൻ പരിഭാഷാ വിഭാഗം മേധാവിയായാണ് തുടർന്ന് അദ്ദേഹം നിയമിക്കപ്പെട്ടത്. ഈ കാലയളവിൽ 75 ലോക ഭാഷകളിലേക്ക് ഖുർആൻ പരിഭാഷപ്പെടുത്തിയ സംരംഭത്തിന് മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി.

അനറബികൾക്ക് അറബി ഭാഷാ പഠനത്തിനു വേണ്ടി രചിക്കപ്പെട്ടതും ഭാഷാ സംബന്ധമായ മറ്റു രചനകളുമാണ് അദ്ദേഹത്തിന്റെ സംഭാവനകളിൽ ഒരിനം. ദുറൂസുല്ലുഗതിൽ അറബിയ്യഃ ലി ഗൈരിന്നാത്വിഖീന ബിഹാ (മൂന്ന് വാള്യം), മിഫ്താഹു ദുറൂസുല്ലുഗതിൽ അറബിയ്യ ലിഗൈരിന്നാത്വിഖീന ബിഹാ (ഇംഗ്ലീഷിൽ മൂന്ന് വാള്യങ്ങളിലായി രചിക്കപ്പെട്ടത്. ഇതിന് തമിഴ്, ഉർദു, ഫ്രഞ്ച് ഭാഷകളിൽ പരിഭാഷകളുമുണ്ട്), കിതാബുൽ മുഅല്ലിം ലി ദുറൂസില്ലുഗതിൽ അറബിയ്യ ലിഗൈരിന്നാത്വിഖീന ബിഹാ, ദുറൂസുല്ലുഗതിൽ അറബിയ്യ ലി ഗൈരി ന്നാത്വിഖീന ബിഹാ (അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സിലബസിനു വേണ്ടി എട്ട് വാള്യങ്ങളിൽ തയാറാക്കപ്പെട്ടത്), ദുറൂസുല്ലുഗതിൽ അറബിയ്യ ലിഗൈരിന്നാത്വിഖീന ബിഹാ ലിൽ അത്വ്്ഫാൽ (കുട്ടികൾക്കു വേണ്ടി രണ്ട് വാള്യങ്ങൾ) എന്നിവ ഈ ഗണത്തിൽ പെടുന്നു. അൽ ഖൗലുൽ അസ്വീൽ ഫീമാ ഫിൽ അറബിയ്യതി മിനദ്ദഖീൽ, മുഅ്ജമുദ്ദഖീൽ ഫില്ലുഗതിൽ അറബിയ്യ എന്നീ രചനകൾ നിഘണ്ടു സ്വഭാവത്തിലുള്ളതാണ്. സിഹ്റുൽ അൽഹാള് ഫീ ശിഅ്രിൽ അൽഫാള്, ഇന്നഹുമാ മിൻ മിശ്കാതിൻ വാഹിദ, നുസ്വൂസ്വുൻ മിനൽ ഹദീസിശ്ശരീഫ് തുടങ്ങി വേറെയും നിരവധി രചനകളുണ്ട്.

   ഇംഗ്ലീഷിൽ രചിക്കപ്പെട്ട Europe Speaks Arabic (യൂറോപ്പ് അറബി സംസാരിക്കുന്നു) എന്ന ഗ്രന്ഥം വിവിധ യൂറോപ്യൻ ഭാഷകളിൽ വന്ന 250 അറബി പദങ്ങളെ വിശകലനം ചെയ്യുന്നു. പ്രബോധനം വാരിക നേരത്തെ ഈ പുസ്തകത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 11 ഗവേഷണ  പ്രബന്ധങ്ങളും  എഴുതിയിട്ടുണ്ട്. നിരവധി വിദ്യാർഥികളുടെ ഗവേഷണ സംരംഭങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സുഊദിക്കകത്തും പുറത്തും അനേകം വൈജ്ഞാനിക സമ്മേളനങ്ങളിൽ സംബന്ധിച്ചു. 1996-ൽ ഇന്ത്യൻ പ്രസിഡന്റിൽനിന്ന്, അറബി ഭാഷക്ക് നൽകിയ സേവനത്തെ മുൻനിർത്തി പ്രത്യേക അവാർഡ് സ്വീകരിച്ചു. പഠന മേഖലയെ ഏറെ പ്രണയിച്ചതു മൂലം വിഭാര്യനായാണ് ഡോ. ഫാ അബ്ദുർറഹീം ഭൗതിക ലോകത്തോട് വിടവാങ്ങിയത്. കാരുണ്യവാനായ അല്ലാഹു അദ്ദേഹത്തിന് ജന്നാതുൽ ഫിർദൗസ് നൽകുമാറാവട്ടെ.

റഫീഖുർറഹ്്മാൻ മൂഴിക്കൽ 

 

എസ്.എച്ച് റഹീമ

മേലാറ്റൂര്‍ ഉച്ചാരക്കടവില്‍ താമസിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകനായ കോല്‍തൊടി ഹംസക്കുട്ടിയുടെ പത്‌നിയും, ആദ്യകാല പ്രസ്ഥാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന എസ്.എം ഹനീഫ സാഹിബിന്റെ മൂത്ത മകളുമായിരുന്ന എസ്.എച്ച് റഹീമ എന്ന ഞങ്ങളുടെ ഉമ്മ അല്ലാഹുവിലേക്ക് യാത്രയായി. ഉപ്പയില്‍നിന്ന് കിട്ടിയ സല്‍ഗുണങ്ങള്‍ ഉമ്മയുടെ ജീവിതത്തിലും പ്രതിഫലിച്ചു. അതിൽ പറയേണ്ടതാണ് ഉമ്മയുടെ വായനാശീലം. പുസ്തകങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉമ്മക്ക് സ്വന്തമായി ഉണ്ടായിരുന്നു. ഒരു വായനാ ദിനത്തില്‍ മേലാറ്റൂരിലെ ഇര്‍ഷാദ് സ്‌കൂള്‍ ഉമ്മയെ ആദരിക്കുകയുണ്ടായി. മറ്റൊന്നാണ് ഉമ്മയുടെ ദാനശീലം. ഈ ശീലം കാതില്‍ കമ്മല്‍ പോലും ഇല്ലാത്ത നിലയിലേക്ക് അവരെ എത്തിച്ചു. ഉമ്മയുടെ ദാനശീലം അനുഭവിച്ചറിഞ്ഞ പലരും, അസുഖമായി കിടക്കുന്ന ഉമ്മയെ കാണുമ്പോള്‍ കരച്ചിലടക്കാന്‍ പ്രയാസപ്പെടുന്നത് ഞങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചു.

പൂക്കളെയും ചെടികളെയും അതിരറ്റു സ്‌നേഹിച്ചിരുന്നു അവര്‍. അവ മുറ്റത്തും തൊടിയിലുമെല്ലാം പൂത്ത് കായ്ചു നില്‍ക്കുന്ന കാഴ്ച മനോഹരം. വീട്ടില്‍ വരുന്ന ഏതൊരാള്‍ക്കും രുചികരമായ ഭക്ഷണം നല്‍കുന്നത് അവരുടെ ശീലമായിരുന്നു. പണ്ഡിതന്മാര്‍ക്ക് ഭക്ഷണം നല്‍കുന്നത് പുണ്യമുള്ള കാര്യമാണെന്ന് ഉമ്മ പറയാറുണ്ടായിരുന്നു. ആരോഗ്യം അനുവദിക്കുന്നത് വരെ ഖുര്‍ആന്‍ പഠനക്ലാസില്‍ പങ്കെടുത്തു. ജുമുഅകളിലും സ്ഥിരസാന്നിധ്യമായി. ചെറുപ്പത്തില്‍ ഉമ്മ നഷ്ടപ്പെട്ട ഞാന്‍ മരുമകളായി എത്തിയപ്പോള്‍ ഈ ഉമ്മയുടെ സ്‌നേഹ വാത്സല്യങ്ങള്‍ ഒരുപാട് നിറമുള്ള ഓര്‍മകള്‍ സമ്മാനിച്ചു.

ഹാജറ വാഹിദ്‌

 

എം.കെ.സി അബ്ദുൽ മജീദ്

പടന്ന സ്വദേശിയെങ്കിലും വിവാഹാനന്തരം എം.കെ.സി അബ്ദുൽ മജീദ് സാഹിബ് ചന്തേരയിലായിരുന്നു താമസം. നാട്ടിൽ യാഥാസ്ഥിതിക വിഭാഗത്തിന്റെ കടുത്ത എതിർപ്പുകൾ നേരിടേണ്ടിവന്ന കാലത്ത് ധീരമായി പ്രസ്ഥാനത്തോടൊപ്പം അദ്ദേഹം നിലയുറപ്പിച്ചു. പിന്നീടദ്ദേഹം താമസിച്ച നാട്ടിൽ സംഘടനാ സംവിധാനമില്ലാത്തതുകൊണ്ട് ഘടനാപരമായി ബന്ധമില്ലെങ്കിലും ആ നാട്ടിൽ അദ്ദേഹം ജമാഅത്തുകാരനായി അറിയപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന അഖിലേന്ത്യാ സമ്മേളനത്തിലുൾപ്പെടെ ഏത് പരിപാടിയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവുമായിരുന്നു .
പടന്നയിലെ ഐ.സി.ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യു.എ.ഇയിൽ നടക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇതേ കാരണത്താൽ ജയിലിൽ കഴിയേണ്ടി വന്നപ്പോൾ ശൈഖ് അലി ഹാശ്മിയുടെ ഇടപെടലിലൂടെയാണ് ജയിൽ മോചിതനായത്. പ്രതികൂല സാഹചര്യങ്ങളിലും ധീരമായി കർമരംഗത്തിറങ്ങുന്നതിൽ ഒട്ടും മടി കാണിച്ചിരുന്നില്ല.
നേരത്തെ അല്ലാഹുവിലേക്ക്  യാത്രയായ സൗദ പടന്ന ജ്യേഷ്ഠ സഹോദരപുത്രിയായിരുന്നു. അദ്ദേഹം താമസിച്ച നാട്ടിൽ പ്രസ്ഥാനപ്രവർത്തനമില്ലാത്തതു കൊണ്ട് തന്നെ കുടുംബത്തെയും കുട്ടികളെയും പ്രസ്ഥാനത്തോടൊപ്പം കൊണ്ടുപോവാൻ കഴിയാത്തതിൽ  പ്രയാസമനുഭവിച്ചിരുന്നു. ദീർഘകാല പ്രവാസ  ലോകത്തായിരുന്നെങ്കിലും നാട്ടിലെത്തിയ ശേഷവും വിശ്രമജീവിതമായിരുന്നില്ല. ശാരീരിക അവശതകൾ കാരണം കിടപ്പിലാവുന്നത് വരെ ജോലി ചെയ്ത് ജീവിക്കുന്നതിൽ അദ്ദേഹം നിഷ്കർഷ പുലർത്തി.

ബശീർ ശിവപുരം

 

ഡോ. ബി.എഫ് മുഹമ്മദ്

ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ കാസർകോട്  കുമ്പള സ്വദേശി ഡോ. ബി.എഫ്  മുഹമ്മദ് സാഹിബ് ദീർഘകാലം ഒമാനിലായിരുന്നു. ഡോക്ടറുടെ കൃത്യനിർവഹണത്തിനിടെ ഇസ്്ലാമിക വിഷയങ്ങളുടെ ആഴത്തിലുള്ള പഠനത്തിനും പ്രത്യേകം സമയം കണ്ടെത്തിയിരുന്നു.  പണ്ഡിത കുടുംബ പശ്ചാത്തലമായിരിക്കാം ഇസ്്ലാമിക വിഷയങ്ങളിൽ അദ്ദേഹത്തെ തൽപരനാക്കിയത്.
നിശ്ചിത സമയം മാത്രം ജോലി ചെയ്താൽ മതിയെന്ന ഉറച്ച നിലപാടുള്ളതുകൊണ്ട് തന്നെ ദീനീപ്രവർത്തനങ്ങൾക്കും സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇസ്്ലാമിക് സെന്ററിൽ നടന്ന ഒരു പരിപാടിയിൽ, ദിക്ർ ഉരുവിടുന്നതിനപ്പുറം മനസ്സിലും ജീവിതത്തിലുമാണ് അത് ഉണ്ടാവേണ്ടത് എന്ന പരാമർശം ഒരു പ്രഭാഷകൻ നടത്തിയതിനെത്തുടർന്ന് ഡോക്ടർ നടത്തിയ പഠനം ഈയുള്ളവനും പ്രയോജനപ്പെട്ടതായോർക്കുന്നു. ധാരാളം ഹദീസുകളുടെയും പണ്ഡിത വചനങ്ങളുടെയും സമാഹാരം തന്നെ അദ്ദേഹം തയാറാക്കിയിരുന്നു.
മസ്കത്തിലും പരിസരങ്ങളിലുമുള്ള മലയാളികളിൽ അദ്ദേഹത്തെ പരിചയമില്ലാത്തവർ വളരെ കുറവായിരിക്കും. പരിചയപ്പെട്ടവർക്കൊന്നും അദ്ദേഹത്തെക്കുറിച്ച് നൻമയല്ലാതൊന്നും  പറയാനുണ്ടാവില്ല. ഘടനാപരമായി ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമല്ലെങ്കിലും പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രവാസമവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം വിദ്യാ നഗർ ഹൽഖയിൽ നടത്തിയ അദ്ദേഹത്തിന്റെ ഖുർആൻ ദർസ് ഏറെ ശ്രദ്ധേയമായിരുന്നു.
മസ്കത്തിലെ ഇസ്്ലാമിക് സെന്ററിന്റെ സജീവ പ്രവർത്തകനായിരിക്കെ നാട്ടിൽ നിന്നു വരുന്ന പ്രസ്ഥാന സ്ഥാപനങ്ങളുടെ പ്രതിനിധികളായെത്തുന്നവർക്ക്  അദ്ദേഹം അവലംബമായിരുന്നു. ആലിയാ കോളേജുമായി ബന്ധപ്പെട്ട ഒമാൻ യാത്രയിൽ ഏത് തിരക്കുകൾക്കിടയിലും അദ്ദേഹത്തിന്റെ സഹായസഹകരണങ്ങൾ നേരിട്ടനുഭവിച്ചതാണ്. അഭിപ്രായ ഭിന്നതയുടെ പേരിൽ ഉണ്ടാവുന്ന അകൽച്ച ഇല്ലാതാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ജില്ലയിലെ പ്രസ്ഥാന പ്രവർത്തകർ താൽപര്യമെടുത്ത് നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. മസ്കത്തിലും നാട്ടിലുമായി ധാരാളം നല്ല ഓർമകൾ അവശേഷിപ്പിച്ചു കൊണ്ടാണ്, ചുണ്ടിൽ പുഞ്ചിരിയുമായി സൗമ്യഭാവം കൈവിടാതെ അദ്ദേഹം വിടവാങ്ങിയത്.
ബശീർ ശിവപുരം

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി