Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

നെരിപ്പില്‍ തീര്‍ത്ത കഫൻ പുടവകള്‍

ഹസന്‍ ചന്തിരൂര്‍

മുകളില്‍നിന്ന് ഹെലികോപ്ടറുകളും ഡ്രോണുകളും 
തീ തുപ്പി, അഗ്നിഗോളങ്ങള്‍ കൊണ്ട് മൂടുമ്പോള്‍
വീടുകളും റോഡുകളും അവിടത്തെ ജീവന്റെ തുടിപ്പുകളും
ചതഞ്ഞരഞ്ഞ്, പ്രാണനടര്‍ന്ന് പിടയുമ്പോള്‍
ഓരോ ആത്മാക്കളും ദിക്‌റ് പാടി പറക്കുന്നല്ലോ, തമ്പുരാനെ.
ഓരോ ദിവസവും ക്രൂരതകള്‍, പുതിയ പുതിയ അതിരുകള്‍
ഭേദിച്ച്, ഭേദിച്ച് തിമര്‍ത്ത്, തിമര്‍ത്ത് മദിച്ചേറുന്നല്ലോ
ഇസ്രായേല്‍ സൈനികന്റെ വെടിയേറ്റ് പിടഞ്ഞു മരിച്ച
അംറു ഖമൂര്‍ എന്ന പതിനാലുകാരന്റെ ഖബ്‌റടക്കം കഴിഞ്ഞ ശേഷം
പൊന്നോമനയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍
കണ്ട വരികളില്‍ എല്ലാമുണ്ടായിരുന്നു- ഈമാന്‍ കത്തിയ തിളക്കവും
അല്ലാഹു സഹായിച്ച്, ഞാന്‍ രക്തസാക്ഷിയായാല്‍ നിങ്ങള്‍ വേദനിക്കരുത്.
അതു ഞാന്‍ കൊതിച്ച് കൊതിച്ച് കാത്തിരിക്കുകയാണ്
അന്ന് ഫലസ്ത്വീനിലെ ചോരപ്പുഴ മീതെ, എത്രയെത്ര പിഞ്ചു മക്കള്‍
അടക്കിപ്പിടിച്ച കരിങ്കല്‍ ചീളുകള്‍ ഉയര്‍ത്താന്‍ വെമ്പിയതും
അതിജീവന മന്ത്രങ്ങള്‍ അടര്‍ന്നു വീണതും, രുധിരപ്പുഴയില്‍
തരംഗവളയങ്ങള്‍ വിടര്‍ത്തി പരന്നു, കുമിളകളില്‍ ഉയര്‍ന്നതും
അന്നവര്‍ ധരിച്ച പെരുന്നാള്‍ പുതു വസ്ത്രങ്ങളെല്ലാം
അഗ്നികൊണ്ടുള്ള, കഫൻ പുടവകളായി മൊഞ്ചണിഞ്ഞതും
അന്നാ പെണ്‍കൊടികളുടെ, ആ അത്തര്‍ സുഗന്ധങ്ങള്‍
അതിരൂക്ഷമാം രാസായുധത്തിൻ ദുര്‍ഗന്ധമായിരുന്നല്ലോ റബ്ബേ.
അന്നാ വളയിട്ട മങ്കമാരുടെ കൈകളിലെ മൈലാഞ്ചിച്ചോപ്പ്
സ്വന്തം ചോരയില്‍ മുക്കിച്ചുവപ്പിച്ച ചേലിലായിരുന്നല്ലോ
ഇന്നും ഈ വംശീയതയുടെ കരാള ഭാവ രൗദ്രങ്ങള്‍, 
തീനാക്കുകള്‍-
വീണ്ടും വീണ്ടും ആര്‍ത്തു തിമര്‍ത്തു ചുറ്റിപ്പടരുകയാണല്ലോ റബ്ബേ.


ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ അട്ടിമറിക്കാനാവില്ല

യാസീന്‍ വാണിയക്കാട് എഴുതിയ ശ്രീനാരായണ ഗുരുവിനെക്കുറിച്ച ലേഖനം (ലക്കം 18) അവസരോചിതമായി. ഗുരുവിനെ കാവിവത്കരിക്കാന്‍ ശ്രമിക്കുകയാണ് കാവിപ്പട. ഗുരുവിന്റെ പടത്തിലെ പീതവര്‍ണം മാറ്റിയതുകൊണ്ട് ഗുരു മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇല്ലാതാകുന്നില്ല.  ജാതി സമ്പ്രദായത്തിനും മറ്റു ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടിയ ഗുരുവിനെ ചരിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റി മറ്റൊരിടത്ത് പ്രതിഷ്ഠിക്കുന്നവര്‍ എന്തു ലക്ഷ്യം വെച്ചാണ് പുതിയ പ്രസ്താവനകളുമായി മുന്നോട്ടു വരുന്നത് എന്ന് മനസ്സിലാവുന്നുണ്ട്.

സുമയ്യ സത്താര്‍ തിരൂര്‍, കട്ടച്ചിറ 7960843379


ജാഹിലിയ്യത്തിന്റെ മറ്റൊര്‍ഥം

ഇമാം നവവി(റ)യുടെ ശര്‍ഹു മുസ് ലിമില്‍ ജാഹിലിയ്യത്തിനു നല്‍കിയ അര്‍ഥം 'കുഫ് രിയ്യത്ത്' എന്നാണ്. 'തന്റെ കാലത്തെ ഇമാമിനെ അറിയാതെ മരിക്കുന്നവന്റെ മരണം ജാഹിലിയ്യാ മരണമാണെന്ന സ്വഹീഹു മുസ് ലിമിലെ ഹദീസിനെ വിശദീകരിക്കുമ്പോഴാണ് ഇമാം ഇങ്ങനെ അര്‍ഥം നല്‍കിയത്. തോറയുടെ മലയാള പരിഭാഷയില്‍ 'കാഫിറുകള്‍' അജ്ഞാനികളാണ്.

കെ.പി.എഫ് ഖാന്‍ കൊച്ചു പുരയില്‍, ചേനപ്പാടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി