Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന പാശ്ചാത്യ നേതൃത്വം

പി.കെ നിയാസ്

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ഭീകരമായ മനുഷ്യവേട്ടയിലെ കൂട്ടുപ്രതികളാണ് അമേരിക്കയും ബ്രിട്ടനും. പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി ഋഷി സുനകും അടുത്തടുത്ത ദിവസങ്ങളില്‍ തെല്‍ അവീവില്‍ പറന്നിറങ്ങി സയണിസ്റ്റ് ഭരണകൂടത്തിന് കലവറയില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്തതില്‍ ഒതുങ്ങുന്നതല്ല അവരുടെ ഇസ്രായേലി ബാന്ധവം. ഇസ്രായേല്‍ ബോംബിംഗില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്മാരെ രക്ഷിക്കാനോ മാനുഷിക സഹായം വിതരണം ചെയ്യാനായി വെടിനിര്‍ത്തലിനോ പോലും അവര്‍ സമ്മതിച്ചില്ല. വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന കരട്  പ്രമേയം അമേരിക്ക വീറ്റോ ചെയ്തപ്പോള്‍ ബ്രിട്ടന്‍ വിട്ടുനില്‍ക്കുകയായിരുന്നു. 

താനൊരു സയണിസ്റ്റാണെന്ന് വളച്ചുകെട്ടില്ലാതെ പ്രഖ്യാപിച്ച ബൈഡന്‍ ഇസ്രായേലിനെ ആയുധമണിയിക്കുകയാണ്. മെഡിറ്ററേനിയനിലുള്ള വിമാനവാഹിനിക്കപ്പലിനു പുറമെ മറ്റൊരെണ്ണം കൂടി മേഖലയിലേക്ക് അയച്ചിരിക്കുന്നു. 1400 കോടി ഡോളറിന്റെ സൈനിക സഹായം അനുവദിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.  

ഇതിനൊക്കെ പുറമെ, ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞ നുണകള്‍ അതേപടി ലോകത്തോട് വിളിച്ചു പറയാനും ബൈഡന്‍ മുന്നിലുണ്ട്. അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ട ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രി ബോംബിംഗ് 'മറ്റെ വിഭാഗം' (ഫലസ്ത്വീന്‍ ഇസ്‌ലാമിക് ജിഹാദ്) നടത്തിയതാണെന്ന് ബൈഡന്‍ പ്രസ്താവിച്ചത് നെതന്യാഹുവിന്റെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു. 42 കുഞ്ഞുങ്ങളെ ഹമാസ് തലയറുത്തു കൊന്നുവെന്ന മറ്റൊരു നുണ അതിനുമുമ്പ് വൈറ്റ്ഹൗസില്‍നിന്ന് പുറത്തുവന്നിരുന്നു. 
നെതന്യാഹുവുമൊത്ത് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗസ്സയിലെ പിടഞ്ഞുമരിച്ച 1500-ലേറെ വരുന്ന കുഞ്ഞുങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്. 'സിവിലിയന്മാര്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും താങ്കള്‍ കൈക്കൊള്ളുന്നുവെന്ന്് എനിക്കറിയാ'മെന്ന് സയണിസ്റ്റ് ബുച്ചറെ സാക്ഷിനിര്‍ത്തി ഒരുളുപ്പുമില്ലാതെ പറയണമെങ്കില്‍ ഒരു രാഷ്ട്ര നേതാവ് എത്രത്തോളം അധഃപതിക്കണം! 

ഉരുക്കു വനിത എന്നറിയപ്പെടുന്ന മാര്‍ഗരറ്റ് താച്ചര്‍ ഇരുന്ന കസേരയുടെ അന്തസ്സ് പോലും കാണിക്കാത്ത സുനകിനുള്ള മറുപടിയാണ് ലണ്ടന്‍ നഗരത്തില്‍ ലക്ഷങ്ങള്‍ അണിനിരന്ന ഫലസ്ത്വീന്‍ അനുകൂല പ്രകടനങ്ങള്‍. താച്ചര്‍ ഇസ്രായേല്‍ അനുകൂലിയായിരുന്നെങ്കിലും സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന യുദ്ധക്കുറ്റങ്ങളെ ഒരിക്കലും വെള്ളപൂശിയിരുന്നില്ല. 1982-ല്‍ ഏരിയല്‍ ഷാരോണിന്റെ നിര്‍ദേശാനുസരണം ഇസ്രായേല്‍ സൈന്യം ലബനാനിലെ ക്രിസ്ത്യന്‍ ഫലാഞ്ചിസ്റ്റുകളുമായി ചേര്‍ന്ന് സാബ്റയിലെയും ശാത്തീലയിലെയും ഫലസ്ത്വീനി ക്യാമ്പുകളില്‍ നടത്തിയ കൂട്ടക്കൊലകളെ തികഞ്ഞ കാടത്തമെന്നാണ് താച്ചര്‍ വിശേഷിപ്പിച്ചത്. ഹിന്ദുത്വയുടെ ആശയപരിസരത്തുനിന്ന് 10 ഡൗണിംഗ് സ്ട്രീറ്റിലെത്തിയ സുനക് ആവട്ടെ, ഫലസ്ത്വീനികളെ മനുഷ്യരായി കാണാന്‍ പോലും കഴിയാത്ത വിധം വംശവെറിയനായി മാറിയിരിക്കുന്നു. 

കൂട്ടക്കൊല തടയാന്‍ പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള സംഘടനയാണ് UN Office on Genocide Prevention and the Responsibility to Protect. കൂട്ടക്കൊല തടയാനും അതില്‍ പങ്കുവഹിക്കുന്നവരെ ശിക്ഷിക്കാനുമുള്ള പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി 1948 ഡിസംബര്‍ ഒമ്പതിന് പാസ്സാക്കുകയും 1951 ജനുവരിയില്‍ 'ജനൊസൈഡ് കണ്‍വെന്‍ഷന്‍' നിലവില്‍ വരികയും ചെയ്തു. 

ജനൊസൈഡ് കണ്‍വെന്‍ഷന്റെ ഒന്നും രണ്ടും ഖണ്ഡികകളില്‍ പറയുന്നു: 'യുദ്ധത്തിലായാലും അല്ലാത്തപ്പോഴും കൂട്ടക്കൊലകള്‍ അന്താരാഷ്ട്ര നിയമം അനുസരിച്ച് കുറ്റകരമാണ്. ദേശം, വംശം, മതം, വര്‍ണം എന്നിവയുടെ പേരില്‍ ഏതെങ്കിലും ജനവിഭാഗങ്ങളെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കുന്നത് കൂട്ടക്കൊലയുടെ നിര്‍വചനത്തില്‍ പെടും. ഒരു വിഭാഗത്തെ വധിക്കല്‍, ശാരീരികമോ മാനസികമോ ആയി ഉപദ്രവിക്കല്‍, കുട്ടികളെ ജനിപ്പിക്കാനുള്ള അവകാശം തടയല്‍, കുട്ടികളെ നിര്‍ബന്ധപൂർവം എതിര്‍ ഗ്രൂപ്പിലേക്ക് അയക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.' കൂട്ടക്കൊല മാത്രമല്ല, ഗൂഢാലോചന നടത്തുന്നതും അതിനായി ശ്രമിക്കുന്നതും കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്ന് മൂന്നാം ഖണ്ഡികയില്‍ പറയുന്നു. 

രാജ്യങ്ങളും ഗ്രൂപ്പുകളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ യു.എന്‍ മനുഷ്യാവകാശ സമിതി, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി തുടങ്ങിയ സംവിധാനങ്ങളും യു.എന്നിന്റെ കീഴിലുണ്ട്. യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ ഐ.സി.സിക്ക് അധികാരം നല്‍കിയിരിക്കുന്നു. ഐ.സി.സിയെ അംഗീകരിച്ച 123 രാജ്യങ്ങളില്‍ ഫലസ്ത്വീനും ഉള്‍പ്പെടും. ഫലസ്ത്വീനെ രാജ്യമായി തന്നെയാണ് പരിഗണിച്ചിരിക്കുന്നത്. ഒരു സംഘടനയെന്ന നിലയില്‍ ഹമാസ് ഐ.സി.സിയില്‍ അംഗമല്ലെങ്കിലും അന്താരാഷ്ട്ര നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമാണെന്നും ഐ.സി.സിയുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്നും അവര്‍ എല്ലാ കാലത്തും വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, ഐ.സി.സിയെ ഇസ്രായേല്‍ അംഗീകരിക്കുന്നില്ല. എത്ര നീചമായ യുദ്ധക്കുറ്റങ്ങള്‍ ചെയ്താലും തങ്ങളെ  വിചാരണ ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല എന്ന ഹുങ്കാണ് സയണിസ്റ്റ് ഭരണകൂടത്തിന്. 
ഗസ്സയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ഭീകരമായ യുദ്ധക്കുറ്റങ്ങള്‍ കൂട്ടക്കൊലകളാണെന്നും അതിനെ പിന്തുണക്കുക വഴി  അമേരിക്കയും അതില്‍ പങ്കാളിയായെന്നും വ്യക്തമാക്കുന്ന, യു.എസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷനല്‍ റൈറ്റ്‌സിലെ 3300 അഭിഭാഷകര്‍ ഒപ്പുവെച്ച സമഗ്ര റിപ്പോര്‍ട്ട് ഈയിടെ പുറത്തുവന്നിരുന്നു. ഗസ്സയില്‍ വെടിനിര്‍ത്തലിനായുള്ള പ്രമേയം വീറ്റോ ചെയ്തതോടെ അമേരിക്കയും വംശീയ ഉന്മൂലനത്തിന് കൂട്ടുനിന്നു എന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. 
1948-ലെ ജനൊസൈഡ് കണ്‍വെന്‍ഷന്റെ നിര്‍വചന പ്രകാരം കൂട്ടക്കൊലയാണ് ഫലസ്ത്വീനില്‍ നടക്കുന്നതെന്ന് അമേരിക്കയിലെ ഇല്ലിനോയ് കോളേജ് ഓഫ് ലോയിലെ പ്രഫസര്‍ ഫ്രാന്‍സിസ് ബോയ്ല്‍ 2018-ല്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സയിലെ ജനങ്ങളെ ഇസ്രായേലി സേന ബോംബിട്ട് കൊല്ലുന്നതിന്റെ വെളിച്ചത്തിലാണ്് ഇത് പറയുന്നതെന്ന്, ബോസ്‌നിയ ഹെര്‍സഗോവിനക്കെതിരെ വംശഹത്യ നടത്തുന്ന യൂഗോസ്ലാവ്യക്കെതിരെ ലോക കോടതിയില്‍നിന്ന് 1993-ല്‍ രണ്ട് ഉത്തരവുകള്‍ നേടിയ  ബോയ്ല്‍ വ്യക്തമാക്കുന്നു. ഗസ്സക്കെതിരെ ഉപരോധം പ്രഖ്യാപിച്ച 2007 മുതല്‍ സയണിസ്റ്റുകള്‍ വംശഹത്യ നടത്തുകയാണ്. ജര്‍മനിയില്‍ നാസികള്‍ പണിത ദഷാവോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന് സമാനമാണ് ഗസ്സയിലെ സ്ഥിതിയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. 

2003-ലെ ഇറാഖ് അധിനിവേശത്തിനും തുടര്‍ന്നുണ്ടായ കൂട്ടക്കൊലകള്‍ക്കും കാരണക്കാരായ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷിനെയും ഓര്‍മിപ്പിക്കുന്നുണ്ട് ബൈഡനും സുനകും മക്രോണുമൊക്കെ. യുദ്ധക്കുറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന്റെ പേരില്‍ ഇവരാരും പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നില്ല. നിയമസാധുത ഇല്ലെങ്കിലും 'കോലാലമ്പൂര്‍ വാര്‍ ക്രൈംസ് കമീഷന്‍' എന്ന സ്വതന്ത്ര സംവിധാനം രണ്ടു വര്‍ഷത്തെ അന്വേഷണത്തിനുശേഷം 2011-ല്‍ ബ്ലെയറും ബുഷും കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു.  

ഗസ്സയെ നിലംപരിശാക്കുന്നതിന്റെ ഭാഗമായി അവിടെ താമസിക്കുന്നവരെ ഈജിപ്തിലെ സീനായിലേക്ക് മാറ്റണമെന്നായിരുന്നു സയണിസ്റ്റുകളുടെ തിട്ടൂരം. ഇസ്രായേലി സൈനിക കമാണ്ടര്‍ കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റാണ് ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. ജന്മഭൂമിയില്‍നിന്ന് ഫലസ്ത്വീനികളോട് എവിടേക്കെങ്കിലും പോകണമെന്ന് ആവശ്യപ്പെടാന്‍ അധിനിവേശ ഭീകരര്‍ക്ക്് ധൈര്യം നല്‍കുന്നത് അമേരിക്ക നല്‍കിവരുന്ന സംരക്ഷണവും യു.എന്നിന്റെ നിര്‍ജീവതയുമാണ്. ഗസ്സ ഫലസ്ത്വീനികളുടെ ജന്മഭൂമിയാണെന്നും അവര്‍ അവിടെത്തന്നെ ജീവിക്കുമെന്നും പറയേണ്ടതിനു പകരം വേണമെങ്കില്‍ ആ ജനതയെ നെഗവ് മരുഭൂമിയിലേക്ക് മാറ്റിക്കൊള്ളൂവെന്ന് അല്‍സീസിയെക്കൊണ്ട് പറയിക്കുന്നത് ആ ഏകാധിപതിയുടെ മനുഷ്യത്വമില്ലായ്മയും. 

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ രംഗത്തുള്ളവരില്‍ ഹെയ്റ്റ് സ്പീച്ചിന്റെ കാര്യത്തില്‍ മല്‍സരിക്കുന്നവരാണ് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും, ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ യു.എന്‍ സ്ഥാനപതിയായിരുന്ന നിക്കി ഹാലിയും. ഗസ്സയില്‍ സിവിലിയന്മാരെ ഹമാസ് മനുഷ്യ കവചങ്ങളാക്കുകയാണെന്നും അവരെ അറബ് രാജ്യങ്ങള്‍ അഭയാര്‍ഥികളായി സ്വീകരിക്കുകയാണ് വേണ്ടതെന്നുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഡിസാന്റിസ് പറഞ്ഞത്. പിറന്ന മണ്ണില്‍നിന്ന് ഗസ്സക്കാര്‍ അന്യനാട്ടിലേക്ക് പലായനം ചെയ്യണമെന്ന് പറയാന്‍ താങ്കള്‍ക്ക് എന്തവകാശമെന്ന്  ഗസ്സ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു വോട്ടര്‍ തിരിച്ചു ചോദിക്കുമ്പോള്‍ അവരുടെ ജീവന്‍ രക്ഷിക്കേണ്ടേ എന്നായിരുന്നു ഡിസാന്റിസിന്റെ മറുപടി! എന്റെ വോട്ട് നിങ്ങള്‍ക്കില്ലെന്ന് ആര്‍ജവത്തോടെ പറഞ്ഞാണ് അദ്ദേഹം പിരിയുന്നത്. ഗസ്സക്കാര്‍ക്ക് ഒരു വിധത്തിലുള്ള സഹായങ്ങളും അമേരിക്ക ചെയ്യേണ്ടതില്ലെന്നും അവിടെയുള്ളവരെല്ലാം ജൂതന്മാരെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നും ഡിസാന്റിസ് ആവര്‍ത്തിക്കുന്നുണ്ട്. 

എത്രമാത്രം അപകടകരമായ നിലപാടുകളാണ് പാശ്ചാത്യ നേതാക്കള്‍ പുലര്‍ത്തുന്നത് എന്നതിന്റെ സൂചന മാത്രമാണിത്. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ പോലും ഫലസ്ത്വീനികള്‍ക്ക് അവകാശമില്ലെന്നും അവര്‍ എക്കാലവും അഭയാര്‍ഥികളായി കഴിയണമെന്നുമുള്ള മനുഷ്യത്വ വിരുദ്ധ ആശയമാണ് അവര്‍ കൊണ്ടുനടക്കുന്നത്. അധിനിവേശ പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ നിര്‍ബന്ധമായി നാടുകടത്തുന്നത് 1949-ലെ നാലാം ജനീവാ കണ്‍വെന്‍ഷന്‍ നിരോധിക്കുന്നുണ്ട് എന്നതൊന്നും ഇവര്‍ക്ക് പ്രശ്‌നമേയല്ല. 
റഷ്യയുടെ അധിനിവേശത്തിനെതിരെ യുക്രെയ്്ൻ തിരിച്ചടിച്ചപ്പോള്‍ അതിനെ ആഘോഷിച്ചവരില്‍ മുന്നിലുണ്ടായിരുന്നത് അമേരിക്കയാണ്. യുക്രെയ്്ന് തിരിച്ചടിക്കാനുള്ള അവകാശത്തെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമേ ഉണ്ടായിരുന്നില്ല. എന്നാല്‍, വെസ്റ്റ്ബാങ്കിലും ഗസ്സയിലും അര നൂറ്റാണ്ടിലേറെയായി ഇസ്രായേല്‍ തുടരുന്ന അധിനിവേശത്തിനെതിരെ ഫലസ്ത്വീനികള്‍ പ്രതിരോധിച്ചാല്‍ അത് ഭീകരവാദമാകുന്നു.  

ഇസ്രായേലി ഭീകരതയെ ഫലസ്ത്വീനികള്‍ ചെറുത്തപ്പോള്‍ അമേരിക്ക അതിനെ അപലപിക്കുക മാത്രമല്ല, ഐ.സിസിനെക്കാള്‍ വലിയ ഭീകര സംഘടനയായി ഹമാസിനെ മുദ്രകുത്തുകയും ചെയ്തു. താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഏതു ഭാഗത്ത് നില്‍ക്കണമെന്ന് അമേരിക്ക തീരുമാനിക്കുകയെന്നാണ് പോര്‍ട്ടോറിക്കന്‍ മാധ്യമ പ്രവര്‍ത്തക ബിയാന്‍ക ഗ്രോലോ ഈ ഇരട്ടത്താപ്പിനെപ്പറ്റി ട്വീറ്റ് ചെയ്തത്. ഇതു തന്നെയാണ് മുന്‍ മന്ത്രിയും ഫലസ്ത്വീന്‍ നാഷ്നല്‍ ഇനീഷ്യേറ്റീവ് ജനറല്‍ സെക്രട്ടറിയുമായ മുസ്ത്വഫാ ബര്‍ഗൂത്തി സി.എന്‍.എന്‍ അഭിമുഖത്തില്‍ പറഞ്ഞത്.  
പുടിന്റെ സൈനിക നടപടികളോടുള്ള പ്രതിഷേധ സൂചകമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ യുക്രെയ്ൻ പതാകകള്‍ ഉയര്‍ത്താന്‍ ഉത്തരവിട്ട രാജ്യമാണ് ബ്രിട്ടന്‍. ഇപ്പോള്‍ അവിടെ പാറിപ്പറക്കുന്നത് ഇസ്രായേല്‍ പതാകകളാണ്. ഫലസ്ത്വീന്‍ പതാകകളേന്തി പ്രകടനം നടത്തുന്നവരെ നേരിടാന്‍ പോലീസിന് അനുമതി നല്‍കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തിപ്പെട്ടുവെന്നു മാത്രമല്ല, ലണ്ടനിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും സ്വകാര്യ കെട്ടിടങ്ങള്‍ക്കു മുകളില്‍ ഇപ്പോള്‍ ഫലസ്ത്വീന്‍ പതാകകള്‍ പാറിപ്പറക്കുന്നു. പ്രവാചകനെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ക്കെതിരെ ലോക വ്യാപകമായി മുസ്‌ലിംകള്‍ പ്രതിഷേധിച്ചപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതിനെ ശക്തമായി ന്യായീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍, ഇസ്രായേലിന്റെ വംശഹത്യക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പോലും റദ്ദ് ചെയ്തു. എന്നിട്ടും ഇസ്രായേലിന്റെ ഭീകരതക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. 

ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും നീചമായ സയണിസ്റ്റ് ആഭിമുഖ്യമാണ് പ്രകടിപ്പിക്കുന്നത്്. ടോണി ബ്ലെയറെന്ന ഇസ്രായേലി പക്ഷപാതിക്കുശേഷം പാര്‍ട്ടി അതിന്റെ ഫലസ്ത്വീനി ആഭിമുഖ്യം വീണ്ടെടുത്തത് ജറമി കോര്‍ബിന്‍ നേതൃത്വത്തില്‍ എത്തിയപ്പോഴായിരുന്നു. കോര്‍ബിനെ പുറന്തള്ളി ആ കസേരയില്‍ ഇരിപ്പുറപ്പിച്ച കെയര്‍ സ്റ്റാമര്‍ പറഞ്ഞത് വെള്ളവും വൈദ്യുതിയും അടിസ്ഥാന ആവശ്യങ്ങളും തടഞ്ഞ് ഗസ്സയെ ഉപരോധിക്കുന്ന ഇസ്രായേല്‍ നടപടിയെ പിന്തുണക്കുന്നു എന്നാണ്. ഒരു കാലത്ത് മനുഷ്യാവകാശങ്ങള്‍ക്ക്  വേണ്ടി വാദിച്ചിരുന്ന അഭിഭാഷകനാണ് സ്റ്റാമര്‍ എന്നതാണ് വലിയ തമാശ. 

യുക്രെയ്ൻ പതാകയുടെ നേര്‍ക്ക് ഒരു കണ്ണ് തുറന്നുപിടിക്കുകയും ഫലസ്ത്വീന്‍ പതാകയുടെ നേര്‍ക്കുള്ള മറ്റേ കണ്ണ് അടച്ചുപിടിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖമുള്ള ഇല്ലസ്‌ട്രേഷന്‍ പടിഞ്ഞാറിന്റെ ഇരട്ടത്താപ്പിന്റെ തെളിവായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. 

പാശ്ചാത്യ നേതാക്കള്‍ ഫലസ്ത്വീനികളുടെ ഉന്‍മൂലനത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ ഗസ്സയിലെ മനുഷ്യരെ ചേര്‍ത്തുപിടിക്കാന്‍ മുന്നോട്ടുവരുന്ന ലക്ഷങ്ങളെയാണ്് ന്യൂയോര്‍ക്ക് മുതല്‍ ലണ്ടന്‍ വരെയും ബ്യൂണസ് അയേഴ്‌സ് മുതല്‍ മെല്‍ബണ്‍ വരെയും കാണുന്നത്. യുദ്ധവിരുദ്ധ റാലികള്‍ ഇസ്രായേല്‍ ഭീകരതക്കെതിരെ ലോക ജനതയുടെ ശബ്ദമായി മാറിയിരിക്കുന്നു. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി