Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

പണ്ഡിതന്മാർ ഭരണകൂടങ്ങൾക്ക് വിധേയപ്പെടരുത്

വി.എച്ച് അലിയാർ ഖാസിമി/ സദ്റുദ്ദീൻ വാഴക്കാട്

അക്രമികളും അഴിമതിക്കാരുമായ ഭരണകൂടങ്ങൾക്ക് വിധേയപ്പെടുന്ന ചില പണ്ഡിതൻമാർ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ ആവർത്തനമെന്നോണം, ഫാഷിസ്റ്റ് ഭരണകൂടങ്ങളോട് വിധേയപ്പെടുന്ന പണ്ഡിതരും മതസംഘടനകളും ഇന്നും ഉണ്ടല്ലോ. മുസ് ലിം സമൂഹം ഇവരോട് എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത്?

മുസ് ലിം സമൂഹത്തിലെ  ജനസ്വാധീനമുള്ള പണ്ഡിതൻമാർ, പ്രഭാഷകർ, നേതാക്കൾ എന്നിവരിൽ ചിലരെയെങ്കിലും സാമ്രാജ്യത്വവും ഭരണകൂടങ്ങളും സ്വാധീനിക്കുന്നുണ്ട്. ദീനീ പ്രവർത്തന രംഗത്തുള്ളവരെ വശത്താക്കാൻ ശക്തമായ ഇടപെടലുകൾ തൽപരകക്ഷികൾ നടത്തുന്നുണ്ട്. പ്രലോഭനങ്ങളിലൂടെ, ചിലപ്പോൾ പ്രകോപനങ്ങളിലൂടെയും ആണ് ഇത് വിജയിപ്പിച്ചെടുക്കുന്നത്. ഇതിന് ചിലർ വശംവദരാകുന്നുണ്ട് എന്നത് വലിയൊരു സത്യമാണ്.

മുസ് ലിം സമൂഹത്തിൽ തങ്ങളോട് ആശയപരമായി വിയോജിപ്പുള്ളവരെ, സാമ്രാജ്യത്വം പ്രയോഗിക്കുന്ന അതേ വിളിപ്പേരുകൾ നൽകി അധിക്ഷേപിക്കുന്ന പ്രഭാഷകരും നേതാക്കളും ഇതിന്റെ തെളിവാണ്. തീവ്രവാദികൾ, ഭീകരർ, നശിപ്പിക്കപ്പെടേണ്ടവർ, തകർക്കപ്പെടേണ്ടവർ എന്നൊക്കെ ചില മുസ് ലിം സംഘടനകളെയും കൂട്ടായ്മകളെയും വിളിക്കുന്നവരെ സമുദായത്തിൽ കാണാം. ഇതെല്ലാം ആരുടെ പ്രയോഗങ്ങളാണ്, ആർക്കു വേണ്ടി പ്രചരിപ്പിക്കുന്നതാണ് എന്നും നാം ആലോചിക്കണം. ഇത് പഴയ കാല കൊട്ടാരം പണ്ഡിതൻമാരുടെ തുടർച്ചയാണ്.

മുസ്്്ലിംകളുടെതാകട്ടെ, ഇതരരുടെതാകട്ടെ അധികാര കേന്ദ്രങ്ങൾക്കെതിരെ സംസാരിക്കുന്ന പണ്ഡിതൻമാരെ ശത്രുപക്ഷത്താണ് എന്നും ഭരണവർഗം കണ്ടിട്ടുള്ളത്. അവർ ഉന്നയിച്ച വിമർശനങ്ങളിലെ ശരികൾ പരിശോധിച്ച്, സ്വന്തം തെറ്റുകൾ തിരുത്താനല്ല, അവരെ പീഡിപ്പിച്ച് നിശ്ശബ്ദരാക്കാനും ഇല്ലാതാക്കാനുമാണ് അവർ ശ്രമിക്കാറുള്ളത്. ഇസ് ലാമിക ചരിത്രത്തിൽ ഏറ്റവും  സർവാംഗീകൃതരാണ് മദ്ഹബിന്റെ ഇമാമുമാർ. ഈ നാല് പണ്ഡിതൻമാരും മുസ് ലിംകളായ രാജാക്കൻമാരുടെ കോപത്തിന് ഇരയായവരും, മുസ് ലിം രാഷ്ട്രങ്ങളുടെ ജയിലറകൾക്കുള്ളിൽ കഴിഞ്ഞവരുമാണ്. ചില പണ്ഡിതന്മാർ പീഡിപ്പിക്കപ്പെട്ടു, ചിലർ വധിക്കപ്പെട്ടു.

അതിനാൽ, മദ്ഹബുകളെ പിന്തുടരുന്നവർ, ഭരണകൂട തിന്മകളെ എതിർക്കുന്ന വിഷയത്തിൽ മദ്ഹബിന്റെ ഇമാമുമാരെയും പിന്തുടരണം. പക്ഷേ, അധികാര കേന്ദ്രങ്ങളുടെ തിൻമകളെ ചോദ്യം ചെയ്യുന്നത് മഹാ അപരാധമായി പഠിപ്പിക്കുകയാണ് ഇന്നത്തെ മദ്ഹബിന്റെ അനുകർത്താക്കൾ. 
ഭരണാധികാരികൾ മുസ് ലിംകളാണെങ്കിലും, അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്ന ദീനീ ബാധ്യത നിർവഹിക്കുന്ന പണ്ഡിതൻമാർ പീഡിപ്പിക്കപ്പെടുക തന്നെ ചെയ്യും. ഇതാണ് ചരിത്രാനുഭവം എന്നിരിക്കെ, ഇക്കാലത്ത് പീഡനങ്ങളും പ്രയാസങ്ങളും പണ്ഡിതൻമാർക്ക് അനുഭവിക്കേണ്ടി വരുന്നില്ലെങ്കിൽ, ഇന്നത്തെ ഭരണാധികാരികൾ സ്വാർഥരല്ല, നല്ലവരാണ് എന്ന് പറയേണ്ടി വരും. അനീതികളുടെയും സ്വാർഥതയുടെയും വക്താക്കളായ ഭരണാധികാരികളുടെ പ്രിയപ്പെട്ടവരായി പണ്ഡിതൻമാർ മാറുന്നത് തീർച്ചയായും അവർക്ക് തന്നെ അവലക്ഷണമാണ്, നാണക്കേടാണ്. പക്ഷേ, അതൊരു അഭിമാനമായി ചിലർ കൊണ്ടുനടക്കുകയാണ്. ഇത്തരം പണ്ഡിതൻമാർ എങ്ങനെ ഇമാം ശാഫിഇയുടെ, ഇമാം അബൂ ഹനീഫയുടെ... പിൻഗാമികളാകും?

അധികാര കേന്ദ്രങ്ങളുമായി അകന്നുനിൽക്കുകയും ആവശ്യത്തിന് മാത്രം ബന്ധം പുലർത്തുകയും ചെയ്യുന്ന പണ്ഡിതൻമാരാണ് ഇസ് ലാമിക സമൂഹത്തെ എന്നും നേർവഴിയിൽ നയിച്ചിട്ടുള്ളത്. അധികാര കേന്ദ്രങ്ങളുടെ അംഗീകാരങ്ങൾക്കായി കാത്തിരിക്കുകയും അവരുടെ പട്ടും വളയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള പണ്ഡിതൻമാർ, ഇസ് ലാമിനെ അധികാരികൾക്കു വേണ്ടി വിൽക്കുകയാണ് ചെയ്തിട്ടുള്ളത്. അവർ സമുദായത്തിനകത്ത് ഏറ്റവും വലിയ നാശകാരികളായി വർത്തിക്കും. ഇന്നും അത്തരം കൊട്ടാരം പണ്ഡിതൻമാർക്ക് കുറവില്ല എന്നതാണ് വേദനാജനകമായ വസ്തുത. സൂഫി - സലഫി എന്ന് മുസ് ലിംകളെ വേർതിരിച്ച്, ഭിന്നിപ്പിച്ച് നിർത്താനുള്ള ഫാഷിസ്റ്റ് സർക്കാറിന്റെ നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ഉദാഹരണം. ഇപ്പോൾ, ചിലർ സൂഫീ പ്രചാരകരായി രംഗത്ത് വന്നിരിക്കുന്നു. മുസ് ലിംകളെയും ഇസ് ലാമിനെയും ശത്രുസ്ഥാനത്ത് നിർത്തിയിട്ടുള്ള ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സൂഫിയോട് മാത്രം സ്നേഹം തോന്നുന്നതിന്റെ രാഷ്ട്രീയം പോലും തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തു പറയാൻ?! 

ഖത്വീബ് എന്ന നിലക്ക്, മഹല്ല് ജമാഅത്തും പ്രാദേശിക മുസ്്ലിം സമുദായ അംഗങ്ങളുമാണ് താങ്കളുടെ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രം. എന്താണ് ഇത് തന്നിട്ടുള്ള അനുഭവങ്ങൾ?

മുപ്പത് വർഷത്തിലേറെയായി ഞാൻ ഖുത്വ്്ബ നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഇത് തന്ന പലതരം അനുഭവങ്ങളുണ്ട്. അതിലൊന്ന്, രാഷ്ട്രീയ സ്വാധീനമുള്ള മഹല്ലുകളും ഇല്ലാത്ത മഹല്ലുകളും തമ്മിലുള്ള വ്യത്യാസമാണ്. മതസംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വലിയ സ്വാധീനമില്ലാത്ത മഹല്ലുകളിൽ പ്രവർത്തിക്കുന്നതും ജനങ്ങൾക്ക് സേവനം ചെയ്യുന്നതും അവരുടെ ഗുണപരമായ മാറ്റത്തിനു വേണ്ടി പരിശ്രമിക്കുന്നതും താരതമ്യേന എളുപ്പമാണ്. ഇവിടങ്ങളിൽ സേവനം ചെയ്ത കാലത്തെ സംതൃപ്തിയും സന്തോഷവും പിൽക്കാലത്ത് അനുഭവിക്കാൻ കഴിയുന്നില്ല. ശക്തമായ സംഘടനാ സ്വാധീനത്താൽ നിയന്ത്രിക്കപ്പെടുന്ന പള്ളികളിൽ ഇത് അൽപം പ്രയാസകരമാണ്. സജീവ രാഷ്ട്രീയ പ്രവർത്തകരാൽ മഹല്ലുകൾ നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ചിലയിടങ്ങളിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. ഇതിനു മുമ്പ് തെക്കൻ കേരളത്തിലെ മഹല്ലുകളിൽ അമിതമായ രാഷ്ട്രീയ സ്വാധീനം ഉണ്ടായിരുന്നില്ല. വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. ഇത്തരം മഹല്ലുകളിൽ നാം ഉദ്ദേശിക്കുന്ന നിഷ്പക്ഷമായ ദീനീ പ്രവർത്തനം പ്രയാസകരമായിരിക്കും. തെക്കൻ കേരളത്തിലും കിഴക്കൻ ജില്ലകളിലും സേവനം ചെയ്ത കാലത്ത് ജനങ്ങൾക്കിടയിലെ ദീനീ പ്രബോധനം ഗുണകരമായി നിർവഹിക്കാൻ സാധിച്ചിരുന്നു. മധ്യകേരളത്തിൽ പക്ഷേ, ഇപ്പോൾ കണ്ടുവരുന്നത് വടക്കൻ കേരളത്തിന്റെ സ്വാധീനമാണ്. അതുകൊണ്ട് ഇവിടുത്തെ ചില മഹല്ലുകളിൽ മതസംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്വാധീനം കൂടിവരുന്നുണ്ട്. അവിടങ്ങളിൽ ഇമാമുമാരുടെ ഖുത്വ്്ബകൾ നിയന്ത്രിക്കപ്പെടുന്നു. രാഷ്ട്രീയ സംഘടനാ താൽപര്യങ്ങൾക്ക് വിധേയമായി വേണം ഖത്വീബുമാർ പ്രസംഗിക്കാൻ എന്ന നിർബന്ധിതാവസ്ഥയുണ്ട്. 

വ്യക്തികളും കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന പണ്ഡിത വ്യക്തിത്വം എന്ന നിലക്ക് ഖത്വീബിന്റെയും, പ്രാദേശിക നേതൃത്വ-സംഘടിത സംവിധാനം എന്ന നിലക്ക് മഹല്ല് ജമാഅത്തിന്റെയും ദൗത്യങ്ങൾ എന്തൊക്കെയാണ്?

മുസ്്ലിം സമൂഹത്തിന്റെ ആത്മീയവും ധാർമികവുമായ വളർച്ചക്ക് ആവശ്യമായ ഉപദേശനിർദേശങ്ങൾ നൽകുകയും അപചയങ്ങളിൽനിന്ന് സമുദായത്തെ കൈപിടിച്ച് ഉയർത്തുകയും ചെയ്യുക എന്നതാണ് പണ്ഡിതന്മാർ നിർവഹിക്കേണ്ട ഒന്നാമത്തെ ബാധ്യത. അല്ലാഹുവുമായുള്ള ബന്ധം, ധാർമിക വിശുദ്ധി തുടങ്ങിയവ ഉറപ്പുവരുത്തി, നല്ല മുസ്്ലിമായി ജീവിച്ച് മരിക്കാനും പരലോക വിജയം കരഗതമാക്കാനും സമുദായത്തെ സജ്ജമാക്കുക എന്നതാണ് പ്രധാനം. ആത്മീയമായ വളർച്ചക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാൻ ഇമാമിന് സ്വന്തം നിലക്ക് സാധിക്കും. സമുദായത്തിന്റെ ഭൗതികമായ വളർച്ചക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന് മഹല്ല് നേതൃത്വത്തിന്റെ പിന്തുണ കൂടി വേണം. പണ്ഡിതന്മാരും മഹല്ല് നേതൃത്വവും ഒരുമിച്ച് പദ്ധതികൾ തയാറാക്കി നടപ്പാക്കിയാണ് സമുദായത്തിന്റെ ഭൗതിക വളർച്ച ഉറപ്പ് വരുത്താനാവുക. പക്ഷേ, ഉലമാഉം ഉമറാഉം രണ്ടു വഴിയിലൂടെ സഞ്ചരിക്കുന്ന സാഹചര്യമാണ് പലപ്പോഴും കാണാനാകുന്നത്. പണ്ഡിതന്മാരും നേതാക്കളും ഒരുമിച്ചിരുന്ന് മഹല്ല് തലങ്ങളിൽ സമഗ്ര വളർച്ചയ്ക്ക് ആവശ്യമായ പദ്ധതികൾ നടപ്പാക്കുകയാണെങ്കിൽ മറ്റാര് അവഗണിച്ചാലും അരികുവൽക്കരിച്ചാലും ഈ സമുദായത്തിന് ബഹുദൂരം മുന്നോട്ടു പോകാൻ സാധിക്കുമായിരുന്നു. പക്ഷേ, പൊതുവിൽ മഹല്ലുകളുടെ വളർച്ച ഈ രംഗങ്ങളിൽ താഴോട്ടാണ്. പലയിടങ്ങളിലും ഖത്വീബ് കേവലം പ്രഭാഷകൻ മാത്രമാണ്. മഹല്ല് കമ്മിറ്റിക്കാരാണ് പരമാധികാരികൾ. ഇമാമും മഹല്ല് കമ്മിറ്റിയും സഹകരിച്ചു പോകുന്ന മഹല്ലുകളിൽ അതിനനുസരിച്ച വികാസവും കാണാനുണ്ട്. മികച്ച പദ്ധതികൾ ഉണ്ടെങ്കിൽ, കൈകോർത്ത് മുന്നോട്ടു പോകാൻ കഴിയുമെങ്കിൽ വ്യത്യസ്ത വീക്ഷണങ്ങളുള്ളവരെ മഹല്ലിന്റെ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് അണിനിരത്താൻ സാധിക്കും. ഒരു ഗ്രാമപഞ്ചായത്ത് ചെയ്യുന്നതു പോലെയോ അതിനെക്കാൾ ഏറെയോ വലിയ കാര്യങ്ങൾ പ്രാദേശികമായി ചെയ്യാൻ മഹല്ല് ജമാഅത്തുകൾക്ക് സാധിക്കും.  

ദീനീ പഠനത്തിന് വ്യവസ്ഥാപിതമായ മദ്റസാ സംവിധാനവും, ജുമുഅ ഖുത്വ്്ബകൾ, വഅ്ളുകൾ, ഉദ്ബോധന ക്ലാസുകൾ തുടങ്ങിയവയും ധാരാളമായി നടക്കുന്ന മുസ്്ലിം സമൂഹത്തിൽ, അവയുടെ ഗുണഫലങ്ങൾ വേണ്ടത്ര പ്രകടമാണോ?

മതം മൂല്യവ്യവസ്ഥയായും അനുഭവമായും സമൂഹത്തിലേക്ക് എത്തുന്നില്ല. ഖേദകരമെന്ന് പറയാം, മതരംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് സമൂഹത്തിന് പൊതുവിൽ ഇന്ന് മതിപ്പ് കുറവാണ്. തങ്ങൾ നൽകുന്ന പണംകൊണ്ട് പ്രവർത്തിക്കുന്നവരാണല്ലോ മതപണ്ഡിതന്മാർ എന്ന് കരുതുന്ന പണക്കാരുണ്ട്. അതുകൊണ്ട് പ്രമാണിമാർക്കിടയിലും സമുദായത്തിലെ ഉയർന്ന തലത്തിലുള്ളവർക്കിടയിലും ഗുരുക്കൻമാർ വേണ്ടപോലെ ആദരിക്കപ്പെടുന്നില്ല. പ്രഭാഷകരുടെയും അധ്യാപകരുടെയും നിലവാരത്തകർച്ചയും മറ്റൊരു കാരണമാണ്. ദീനീ പ്രബോധന-അധ്യാപന രംഗത്തുള്ളവരുടെ വ്യക്തിത്വവിശുദ്ധിയെ സംബന്ധിച്ച് വലിയ മതിപ്പൊന്നും സമുദായത്തിനകത്ത് നിലനിൽക്കുന്നില്ല. അവരെക്കുറിച്ച് നവ തലമുറക്കും മതിപ്പ് നഷ്ടപ്പെടുകയാണ്.  വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടാണ് മറ്റൊരു കാരണം. പുതിയ കാല വിദ്യാഭ്യാസം നേടിയ തലമുറകളിൽ ലിബറലിസത്തിന്റെയും മറ്റും സ്വാധീനം വളരെ ശക്തമാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഇത്തരം കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാവുന്ന രീതിയിലുള്ള സംവിധാനങ്ങളൊന്നും കാര്യക്ഷമമായി നമ്മുടെ മതമണ്ഡലത്തിൽ ഇല്ല. പുതിയ തലമുറക്ക് മുമ്പിൽ സമൂഹമാധ്യമങ്ങളിലൂടെ എത്തിച്ചേരുന്ന പലതും മതപണ്ഡിതരെയും പ്രഭാഷകരെയും അധ്യാപകരെയും മതപുസ്തകങ്ങളെയും പരിഹസിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ്. അതും, പുതിയ തലമുറയെ സ്വാധീനിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാൻ. ഇസ്്ലാമിനെ കുറിച്ച് പ്രഭാഷണങ്ങൾ കേൾക്കാത്ത വിദ്യാർഥികൾ പോലും ഇസ്്ലാമിനെതിരായ അവതരണങ്ങൾ കേൾക്കുന്നുണ്ട്. മതവിരുദ്ധരുടെയും ലിബറലുകളുടെയും യുക്തിവാദികളുടെയുമൊക്കെ കെണികളിൽ നമ്മുടെ കുട്ടികൾ പെട്ടുപോകുന്നു. 

നിലവാരം കുറഞ്ഞ ശൈലിയുമായി പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മതനേതാക്കൾ യുക്തിവാദത്തിലേക്കും ലിബറലിസത്തിലേക്കും പുതു തലമുറ വഴിതെറ്റുന്നതിന്  കാരണമാകുന്നുണ്ടോ?

പുതിയ കാലത്തെ സംവേദന ശൈലിക്ക് ഒരു പ്രത്യേകതയുണ്ട്. കളവോ വെറുപ്പോ പ്രചരിപ്പിക്കുമ്പോൾ പോലും നല്ല നല്ല പദാവലികൾ അവർ ഉപയോഗിക്കുന്നു. ഫാഷിസ്റ്റുകൾക്ക് പോലുമുണ്ട് അത്തരമൊരു ശൈലീശാസ്ത്രം. അതിനുപോലും കഴിയുന്നില്ല പലപ്പോഴും മതരംഗത്തുള്ളവർക്ക്. പ്രബോധകർക്കും പണ്ഡിതന്മാർക്കും നല്ല ഭാഷാശൈലി ഇല്ലാതെ പോകുന്നത് ഖേദകരമാണ്. ഇത് നമ്മുടെ യുവ തലമുറ ശ്രദ്ധിക്കുന്നുണ്ട്. അവർ മതപ്രബോധകരെ വെറുക്കാൻ ഇത് കാരണമാവുന്നു. കാലോചിതമായ ഭാഷയും ശൈലിയും സ്വീകരിക്കുന്ന, ഉയർന്ന നിലവാരത്തിൽ സംവദിക്കുന്ന വ്യക്തിത്വങ്ങളും ഈ രംഗത്ത് വളർന്നുവരുന്നുണ്ട് എന്നത് ശരിയാണ്. സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിട്ടുള്ള പല മതപ്രഭാഷകരുടെയും ഭാഷയും ശൈലിയും ഗോഷ്ടിയും ചേഷ്ടയും ഏറെ നിലവാരം കുറഞ്ഞതാണ്. ഇത് പുതു തലമുറ മതപ്രബോധകരിൽനിന്നു മാത്രമല്ല, മതത്തിൽനിന്ന് തന്നെയും അകന്നുപോകാൻ ഇടയാക്കുന്നു. ഒട്ടും ആകർഷകമല്ലാത്ത രീതിയിലാണ് പലപ്പോഴും മതപ്രബോധകരുടെ അവതരണങ്ങൾ. അതുകൊണ്ട് പ്രബോധകരുടെ വാക്കും ശൈലിയും സമീപനവും മാറേണ്ടതുണ്ട്. ഇസ്്ലാമിന്റെ ശക്തിയും സൗന്ദര്യവും ലാളിത്യവും നല്ല ഭാഷയിൽ അവതരിപ്പിക്കാനായാൽ ഏതു തലമുറയും ഇസ് ലാമിലേക്ക് ആകർഷിക്കപ്പെടുക തന്നെ ചെയ്യും. l
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി