Prabodhanm Weekly

Pages

Search

2024 ജനുവരി 05

3334

1445 ജമാദുൽ ആഖിർ 23

അബാബീൽ

എസ്. കമറുദ്ദീൻ

സുഹയ്ക്ക് കുഞ്ഞു പറവകളുണ്ടാക്കാൻ ഇഷ്ടമാണ്. അവളുടെ ഇത്ത, അമാനയാണ് അത് പഠിപ്പിച്ചുകൊടുത്തത്. നേർത്ത കമ്പികൾ ചുരുളുകളായി വളച്ചെടുത്ത് വെളുത്ത പഞ്ഞികൾകൊണ്ട് പൊതിയണം. പിന്നെ കുഞ്ഞു ബട്ടനുകൾ കൊണ്ട് ചുവന്ന കണ്ണുകൾ. കറുത്ത ചുണ്ടുകൾ .....
അമാന ഉണ്ടാക്കിയ പക്ഷികൾ ജീവൻ തുടിക്കുന്നവയാണ്. അവയിൽ ചെറിയ മോട്ടോർ ഘടിപ്പിച്ച്  ചലിക്കുന്ന പക്ഷികളാക്കാമെന്നത് ഖാലിദിന്റെ ഐഡിയയാണ്. വീട്ടിലെ കേടുവന്ന ഉപകരണങ്ങളൊക്കെ തനിക്കുള്ളതാണെന്നാണ് ഖാലിദിന്റെ വിചാരം. അവനത് പൊളിച്ചെടുത്ത് മനോഹരമായി അടുക്കിവെച്ചിട്ടുണ്ടായിരുന്നു.

പറവകളെ ചലിപ്പിക്കാൻ കുട്ടികൾ ഉപേക്ഷിച്ചതും തകർന്നതുമായ കളിപ്പാട്ടങ്ങൾ അവൻ പെറുക്കിയെടുത്തു. തകർന്ന സ്വപ്നങ്ങളുടെ പ്രതീകം പോലെ.. ഖാലിദിന്റെ മുറിയിൽ അവ കുന്നുകൂടി.
അമാനയുടെ നിരവധി പറവകൾക്ക് ജീവൻവെച്ചു.

ഖാൻ യൂനിസിലെ സ്കൂളിലേക്ക് പോകുമ്പോൾ അമാനയും ഖാലിദും സന്തോഷത്തിലായിരുന്നു. പറവകൾക്ക് എങ്ങനെ കാലുണ്ടാക്കുമെന്ന് ക്രാഫ്റ്റ് ടീച്ചറുമായി സംസാരിക്കണം.
സുഖമില്ലാത്തതുകൊണ്ട് സുഹ സ്കൂളിലേക്ക് പോയില്ല.

പിഞ്ഞിപ്പോയ കിടക്കയിൽനിന്ന് പുറത്തെടുത്ത് കഴുകി വെച്ച പഞ്ഞിക്കെട്ടുകൾ ഉണക്കാൻ വെക്കണമെന്ന് സുഹയെ ഓർമിപ്പിക്കാനും അമാന മറന്നില്ല. ചുവന്ന കണ്ണുകളും കറുത്ത ചുണ്ടുകളും നിറച്ചുവെച്ച ഡബ്ബകൾ അവൾ തിരിച്ചും മറിച്ചും നോക്കിയതെന്തിനാണ്? ഇനിയും ധാരാളം പറവകളുണ്ടാക്കണം. അമാന ആഗ്രഹം പറഞ്ഞതാണോ?
സുഹക്ക് തോന്നിയത്, അമാന വസിയ്യത് ചെയ്യുകയാണെന്നാണ്.

ഖാലിദിന്റെ വലിയ ബാഗ് തോളിൽ തൂക്കിയിരുന്നു. അത് പുസ്തകങ്ങൾ വെയ്ക്കാൻ മാത്രമായിരുന്നില്ല. വഴിയിൽനിന്ന് കിട്ടുന്ന ഉപയോഗ ശൂന്യമായ പലതും അവന് ഉപകാരമുള്ളതായിരുന്നല്ലോ.

അവർ സ്കൂളിലെത്തിയില്ല. വഴിയിൽ വെച്ചു തന്നെ സയണിസ്റ്റ് സൈന്യം അവരെ ആക്രമിച്ചിരിക്കണം. ഒരു അടയാളമായി വലിയ ബാഗ് മാത്രം തിരിച്ചു കിട്ടി. മയ്യിത്തുകൾ കിട്ടിയില്ല. അന്ന് സ്കൂളും അവർ ആക്രമിച്ചു. ഖാൻ യൂനിസിലെ സ്കൂൾ ഹമാസിന്റെ  കേന്ദ്രമാണെന്നും ക്ലാസിന്റെ ചുവരിൽ പതിച്ചുവെച്ച ടൈം ടേബിളിലെ ദിവസങ്ങൾ ഹമാസ് പോരാളികളുടെ പേരാണെന്നുമുള്ള വീഡിയോ കണ്ട് സങ്കടത്തിനിടയിലും സുഹയ്ക്ക് ചിരി വന്നു.

അമാനയുടെ ആഗ്രഹം പോലെ സുഹ പഞ്ഞികൊണ്ട് പറവകളുണ്ടാക്കി. കണ്ണുകളും ചുണ്ടുകളും നൽകി. കാലുകൾ ഉണ്ടാക്കിയില്ല. ഖാലിദിന്റെ യന്ത്രങ്ങൾകൊണ്ട് അവയെ ചലിപ്പിച്ചു. അവളെ അത്ഭുതപ്പെടുത്തി അവ ഉയർന്നു പറക്കാൻ തുടങ്ങി. കൈവിട്ട് പോകാതിരിക്കാൻ നീണ്ട നൂൽകൊണ്ട് ജനൽകമ്പികളിൽ കെട്ടിയിട്ടു.
വീണ്ടും വീണ്ടുമുണ്ടാക്കി.
യന്ത്രങ്ങൾക്ക് കീ കൊടുത്തു കെട്ടിയിട്ടു.

ശത്രുസൈന്യത്തിന്റെ വിമാനങ്ങൾ അവർക്ക് മുകളിൽ വട്ടമിട്ടു. കെട്ടിട സമുച്ചയത്തിലേക്ക് ബോംബുകൾ വർഷിച്ചു. കെട്ടിടങ്ങൾ ഭാഗികമായി തകർന്നുവീണു. ഖാലിദിന്റെ ശേഖരം ചിതറിത്തെറിച്ചു. കെട്ടിയിട്ട നൂലുകൾ പൊട്ടി യന്ത്ര പറവകൾ ആകാശത്തേക്ക് പൊന്തി... ഒന്നിനു പിറകെ ഒന്നായി.

ഫൈറ്റർ വിമാനങ്ങൾ പരിഭ്രാന്തിയോടെ വട്ടമിട്ടു.
അപ്പോഴും നിരവധി പറവകൾ ആകാശത്തേക്ക് ഉയർന്നു.
കുഞ്ഞു പറവകളെ കണ്ടു ഭയന്ന് ലക്ഷ്യം തെറ്റിയ ഫൈറ്ററുകൾ കൂട്ടിയിടിച്ച് തീഗോളമായി മാറി.

തകർന്ന കെട്ടിടത്തിന്റെ  ജനലഴികളിൽ പിടിച്ച് ദൂരെ മരുഭൂമിയിലെ തീഗോളം സുഹ കണ്ടു. ആ വെളിച്ചത്തിൽ, ആകാശത്ത് പറക്കുന്ന യന്ത്ര പറവയ്ക്ക് സ്വർണ നിറമാണെന്ന് അവൾക്ക് തോന്നി. l

Comments