Prabodhanm Weekly

Pages

Search

2024 ജനുവരി 05

3334

1445 ജമാദുൽ ആഖിർ 23

തോല്‍ക്കാന്‍  മനസ്സില്ലാത്തവരാവുക

റഹ്്മാന്‍ മധുരക്കുഴി

പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആത്മഹത്യ ചെയ്തത് 2095 വിദ്യാര്‍ഥികള്‍! രാജ്യത്ത് ആകെ നടന്ന ആത്മഹത്യയുടെ 12 ശതമാനം പരീക്ഷയില്‍ തോല്‍വിയെ തുടര്‍ന്നാണ്. പരീക്ഷാ തോല്‍വി മൂലം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 46 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം ആത്മഹത്യകള്‍ വര്‍ധിച്ചതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

വിജയമോ പരാജയമോ ഒരിക്കലും ജീവിതത്തിന്റെ അളവ് കോലല്ലെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്താന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കഴിയണം. കുട്ടികള്‍ പരാജയപ്പെടുമ്പോള്‍ അവരെ ആശ്വസിപ്പിക്കുന്നതിന് പകരം, ശാസിക്കാനും കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന മാതാപിതാക്കളും അധ്യാപകരും അവരുടെ ഭാവിജീവിതത്തില്‍ ഇരുള്‍ നിറക്കുകയാണ് ചെയ്യുന്നത്.
ആല്‍ബര്‍ട്ട് ഐൻസ്റ്റീന്‍ സ്‌കൂളിലെ ഏറ്റവും 'മോശക്കാരനായ' കുട്ടിയായിരുന്നു. 'ഡൾ ആല്‍ബര്‍ട്ട്' എന്നായിരുന്നു മറ്റുള്ളവര്‍ അവനെ കളിയാക്കിയിരുന്നത്. മന്ദബുദ്ധിയും മനുഷ്യപ്പറ്റില്ലാത്തവനും മൂഢ സ്വപ്‌നങ്ങളില്‍ അലഞ്ഞുതിരിയുന്നവനുമൊക്കെയായി അധ്യാപകര്‍ ഐന്‍സ്റ്റീനെ വ ിശേഷിപ്പിച്ചുവത്രെ. സൂറിച്ചിലെ പോളി ടെക്‌നിക് പരീക്ഷയില്‍ മൂന്ന് തവണ തോറ്റ ഐന്‍സ്റ്റീന്‍ 4-ാം തവണ മാത്രമാണ് പാസ്സായത്. എന്നാല്‍, എക്കാലത്തെയും മഹാന്മാരായ ശാസ്ത്രകാരന്മാരില്‍ ഒരാളാണ് ഇന്നദ്ദേഹം.

പരിണാമ സിദ്ധാന്തത്തിന്റെ പിതാവായ ചാള്‍സ് ഡാര്‍വിന്നും ഉണ്ടായിരുന്നു മന്ദബുദ്ധി എന്ന വിശേഷണം (Dullest boy of the year). തന്റെ മെഡിക്കല്‍ സര്‍വീസ് ഡാര്‍വിന് ഉപേക്ഷിക്കേണ്ടിവന്നു. ആത്മകഥയില്‍ ഡാര്‍വിന്‍ എഴുതി: ''എന്റെ അഛനും, എല്ലാ അധ്യാപകരും ബുദ്ധിശക്തിയില്‍ സാധാരണ നിലവാരത്തിന് താഴെയാണ് എന്നെ വിലയിരുത്തിയിരുന്നത്.''  എന്നാല്‍, മഹാനായ ഡാര്‍വിനെക്കുറിച്ചറിയാത്ത വിദ്യാര്‍ഥികൾ ഇന്നുണ്ടോ? 19-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ നോവലിസ്റ്റ് സര്‍ വാള്‍ട്ടര്‍ സ്‌കോട്ടിന് ചാര്‍ത്തപ്പെട്ട പേര് 'മരമണ്ടൂസന്മാരുടെ രാജാവ്' (King of block heads) എന്നായിരുന്നു. എന്നാല്‍, ഈ മനുഷ്യന്‍ 'ഇവാന്‍ ഹോ' എന്ന ക്ലാസിക് കൃതി എഴുതി ജീവിതത്തില്‍ വിജയത്തിന്റെ പടവുകള്‍ ഓടിക്കയറുക തന്നെ ചെയ്തു.

ഇവരെല്ലാം മറ്റു വിദ്യാര്‍ഥികളില്‍നിന്ന് വ്യത്യസ്തരല്ലായിരുന്നു. എന്നാല്‍, പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നപ്പോഴെല്ലാം പിന്നോട്ട് പോവാതെ ദൃഢചിത്തരായി മുന്നോട്ടു കുതിച്ചുവെന്നതായിരുന്നു അവരുടെ സവിശേഷത. 'പരാജയപ്പെട്ടുകൊണ്ടുതന്നെ മുന്നോട്ട്' എന്നതായിരുന്നു അവരുടെ ജീവിത മുദ്രാവാക്യം. പഠിക്കുകയും പരിശ്രമിക്കുകയും മുന്നോട്ടു കുതിക്കുകയും ചെയ്യുക. ഓരോ പരാജയത്തിന്റെ ശേഷവും നിങ്ങള്‍ നിങ്ങളോട് തന്നെ ചോദിക്കുക, 'ഈ അനുഭവത്തില്‍നിന്ന് ഞാന്‍ എന്ത് പഠിച്ചു?' പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയും ഊര്‍ജസ്വലതയോടെ മുന്നോട്ടു നീങ്ങുകയുമാണാവശ്യം.

മഹത്തായ നേട്ടങ്ങള്‍ക്ക് നിരവധി കാലത്തെ നിരന്തരവും കഠിനവുമായ പരിശ്രമം വേണ്ടി വന്നേക്കും. പരാജയം വിജയത്തിന്റെ സൗന്ദര്യമാണെന്നറിയണം. പരാജയങ്ങള്‍ ഒട്ടുമില്ലെങ്കില്‍ ജീവിതത്തിന് ചലനാത്മകത ഉണ്ടാവില്ല. സംഘര്‍ഷങ്ങളില്ലെങ്കില്‍ ജീവിതം സാര്‍ഥകമാവില്ല. പ്രശ്‌നങ്ങളില്ലാത്ത ജീവിതം നിശ്ചലവും നിരുന്മേഷവുമായിരിക്കും. പരാജയങ്ങളെയും തിരിച്ചടികളെയും കുറിച്ച് വ്യാകുലപ്പെടുന്നത് ബുദ്ധിയല്ല. സ്ഥിരോത്സാഹവും സ്ഥിരചിത്തതയുമാണ് വിജയത്തിന്റെ രാജപാത.
വന്‍ തടസ്സങ്ങളെ മറികടക്കാനുള്ള ഇഛാശക്തിയുള്ളവര്‍ക്കേ ജീവിതത്തില്‍ വിജയം കൈവരിക്കാനാവൂ. 'ലോകം മുഴുവന്‍ നിനക്കെതിരെ വാളോങ്ങി നിന്നാല്‍ പോലും നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാന്‍ നീ ധൈര്യപ്പെടുമോ' എന്നാണ് സ്വാമി വിവേകാനന്ദന്‍ ചോദിക്കുന്നത്. ജീവിത പരാജയങ്ങളെച്ചൊല്ലി കുണ്ഠിതപ്പെടാതെ, വേവലാതിപ്പെടാതെ ആയിരം പ്രാവശ്യം പരാജയപ്പെട്ടാലും ഒരിക്കല്‍ കൂടി ശ്രമിക്കുക എന്നതായിരിക്കണം ജീവിത മുദ്രാവാക്യം.

റഹ്്മാന്‍ മധുരക്കുഴി 9446378716

മകൻ 
മരിച്ചിട്ടാണെങ്കിലും ......

'മകൻ മരിച്ചിട്ടാണെങ്കിലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി' എന്നു പറയാറുണ്ടല്ലോ. തന്റെ മുഴുവൻ ചിന്തകളും പദ്ധതികളും ആവിഷ്കാരങ്ങളും ജീവിത ലക്ഷ്യവും മരുമകൾ എന്ന ഏക സാങ്കൽപ്പിക ശത്രുവിൽ കേന്ദ്രീകരിക്കുകയും ഊണിലും ഉറക്കിലും അവളുടെ തകർച്ച സ്വപ്നം കാണുകയും ചെയ്യുന്ന മാനസിക പക്വതയില്ലാത്ത അമ്മായിയമ്മയുടെ ക്രൂരതകളുടെ ചുരുക്കെഴുത്താണ് മേൽപറഞ്ഞ നാടൻ മൊഴി. ഏത് നന്മയിലും മരുമകളുടെ കുറ്റം മാത്രം കാണാൻ സ്വയം പരിശീലിപ്പിക്കപ്പെട്ടവരാണ് അത്തരം അമ്മായിയമ്മമാർ....

ഏതാണ്ട് സമാനമായ രൂപത്തിലാണ് നമ്മുടെ ചില പണ്ഡിതന്മാരുടെയും അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയും നിലപാടുകൾ. ആഗോള തലത്തിൽ ഇസ്ലാമിനെയും മുസ് ലിംകളെയും പ്രത്യക്ഷമായി തന്നെ ലക്ഷ്യമിട്ട് ഉന്മൂലനത്തിന് അരയും തലയും മുറുക്കി ഇറങ്ങിയ ഭീകരന്മാരുടെ വാൾത്തലപ്പിൽ പിടയുന്നവരുടെ ചോരയിൽ സംഘടനാ പക്ഷപാതിത്വത്തിന്റെ രാസമൂലകങ്ങൾ തിരയുന്ന അൽപന്മാരായി അധഃപതിക്കുന്നു ചിലരും അവരുടെ സംഘടനകളും.

സംഘടനാപക്ഷപാതിത്വത്തിന്റെ കമ്പിളി പുതച്ചു കിടക്കുന്നവരാരെന്നും, ധർമയുദ്ധത്തിൽ സത്യത്തോടൊപ്പം സധൈര്യം നിൽക്കുന്നവരാരെന്നും അല്ലാഹു ഇതിലൂടെ തുറന്നുകാട്ടുന്നു എന്ന്  നിലവിലെ പശ്ചാത്തലത്തെ മുൻനിറുത്തി നമുക്ക് മറ്റൊരു നിലക്കും വായിക്കാം.

സഹീർ റഹ്മാൻ ചോഴിമഠം, പൊന്നാനി

കേസിൽ അകപ്പെടുന്ന നിരപരാധികൾ

പരാതിയോ മൊഴിയോ ലഭിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് കേസെടുക്കുകയേ വഴിയുള്ളൂ എന്നതിനാൽ നിരപരാധികളും കേസിൽ അകപ്പെടുന്നു. കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് യാതൊരുവിധ തെളിവുകളും ഇല്ലാതെ സംശയാസ്പദമായി  മുസ്ലിമായ, തികച്ചും നിരപരാധിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്.  വർഗീയ കലാപത്തിന് സജ്ജമാക്കപ്പെട്ടുകൊണ്ടിരുന്ന 'ദൈവത്തിന്റെ സ്വന്തം നാട്' ഡൊമിനിക് മാർട്ടിന്റെ കീഴടങ്ങലിലൂടെ രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്ടെ ഒരു റിട്ട. പോലീസ് ഓഫീസറുടെ ആത്മഹത്യ മറ്റൊരു ഉദാഹരണമാണ്. തന്റെ കുട്ടിയെ പീഡിപ്പിച്ചതായി മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസി നൽകിയ പരാതിയിൽ അറസ്റ്റിലായ ഇദ്ദേഹം റിമാൻഡിലാവുകയും പിന്നീട് ജാമ്യം ലഭിച്ചു പുറത്തിറങ്ങുകയും ചെയ്തുവെങ്കിലും വലിയ മാനസിക സമ്മർദത്തിലായി. അവസാനം,  നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് പരാതിക്കാരന്റെ വീട്ടിൽ ഒരു  മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.

2022-ൽ പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത  'ജന ഗണ മന' എന്ന ചിത്രത്തിൽ, അധികാര ദുർവിനിയോഗം നടത്തി നാല് നിരപരാധികളെ വെടിവെച്ചു കൊന്നത് പിന്നീട് വെളിപ്പെടുന്നുണ്ട്. അക്രമ രാഷ്ട്രീയത്തിന്റെ അഴുക്കു നിലങ്ങളെ തുറന്നുകാണിക്കുകയാണ് സംവിധായകൻ. 2023-ൽ പുറത്തിറങ്ങിയ എസ്.യു അരുൺ കുമാർ ചിത്രം 'ചിത്ത'യുടെ ഇതിവൃത്തവും, അകാരണമായി വേട്ടയാടപ്പെടുന്ന നിരപരാധികളുടെ ജീവിതം വരച്ചുകാട്ടുന്നുണ്ട്.

ഇത്തരം കേസുകളിൽ ജയിലിലായവർ പിന്നീട് നിരപരാധികളാണെന്ന് തെളിയിക്കപ്പെട്ടാൽ തന്നെ പൊതു സമൂഹം അത് സ്വീകരിക്കാൻ തയാറാകുന്നില്ല. 'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്' എന്ന തത്ത്വമാണ് ഇവിടെ തകിടം മറിക്കപ്പെടുന്നത്.

ഹഫ്സാൻ കോട്ടക്കൽ 9072751315
 

Comments