വാക്ക് പാലിക്കപ്പെടാത്ത വിവാഹാലോചനകള്‍

പൊതുവെ കാണപ്പെടുന്ന ഒരു പ്രവണതയെക്കുറിച്ചാണ് പറയുന്നത്. ചിലര്‍ വിവാഹ ആലോചന നടത്തുന്നു. ആണിനും പെണ്ണിനും പരസ്പരം ഇഷ്ടമാകുന്നു. ഏതാണ്ടൊക്കെ പറഞ്ഞ് ഉറപ്പിക്കുന്നു. പെണ്‍കുട്ടിയും ആണ്‍കുട്ടിയും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുന്നു. അങ്ങനെ മോഹങ്ങളും പ്രതീക്ഷകളുമായി ആശകളുമായി ഇരുകൂട്ടരും കാത്തിരിക്കുമ്പോളായിരിക്കും നിസ്സാര കാര്യങ്ങളുടെ പേരില്‍ ഒരുകൂട്ടര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നത്. എല്ലാ സന്തോഷവും കെടുത്തിക്കളഞ്ഞ് അവരതില്‍ നിന്ന് വളരെ ലാഘവത്തോടെ ഒഴിഞ്ഞുമാറും. ഇതിന് ന്യായമായ ഒരു കാരണവും കണ്ടെത്താന്‍ സാധിക്കില്ല. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നല്ല ബന്ധം കിട്ടിയത് കൊണ്ടാകാം പലപ്പോഴും ഈ ഒഴിഞ്ഞുമാറ്റം. വാക്ക് പറഞ്ഞു ഉറപ്പിച്ചതിനു ശേഷം ഒരു കൂട്ടരെ നിരാശയിലാഴ്ത്തി വിവാഹം ഒരു കാരണവും ഇല്ലാതെ ഒഴിവാക്കും. ഒരു കൂട്ടര്‍ പിന്മാറുമ്പോള്‍ മറ്റേ കൂട്ടരെപ്പറ്റി ആളുകള്‍ക്കിടയില്‍ മോശം വര്‍ത്തമാനമാണ് പ്രചരിക്കുക. പെണ്‍കുട്ടിയുടെ/ആണ്‍കുട്ടിയുടെ സ്വഭാവം/കുടുംബം മോശമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സംസാരമുണ്ടായേക്കാം. ഇസ്‌ലാമില്‍ വിവാഹം ഉറപ്പിച്ച ശേഷം പിന്മാറുന്ന പക്ഷം അതിന് പിഴയൊന്നും ഒടുക്കേണ്ടതായിട്ടില്ല. നഷ്ടപരിഹാരം നല്‍കണം എന്നുമില്ലായിരിക്കാം. പക്ഷെ മനഃപൂര്‍വം ചെയ്യുന്ന ഈ തെറ്റിന് അല്ലാഹുവിന്റെ അടുക്കല്‍ ഉത്തരം പറയേണ്ടിവരും. അറിഞ്ഞുകൊണ്ട്, വാക്ക് പാലിക്കാതെ പിന്‍മാറുന്നവന്‍ അതിഗുരുതരമായ തെറ്റ് തന്നെയാണ് ചെയ്യുന്നത്.
പ്രവാചക(സ)ന്റെ അനുയായികള്‍ അവരുടെ സത്യാധിഷ്ഠിതമായ വാക്കുകളുടെയും പ്രവൃത്തികളുടെയും പേരിലാണ് അറിയപ്പെട്ടിരുന്നത്. അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന് അറിയപ്പെട്ടിരുന്ന പ്രിയ പ്രവാചകനെ പൂര്‍ണമായും പിന്‍പറ്റുന്നവര്‍ തന്നെ ആയിരുന്നു എല്ലാ അര്‍ഥത്തിലും അവിടത്തെ അനുചരന്മാര്‍. വാക്കിലും പ്രവൃത്തിയിലുമുള്ള സത്യവും കരാര്‍ പാലിക്കാനുള്ള വ്യഗ്രതയും വിശ്വാസവും ആയിരുന്നു അവരുടെ മേന്മയും. 'തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്ന വിശ്വാസികളാണ് വിജയികള്‍' എന്ന് അല്ലാഹു ഉണര്‍ത്തുന്നുമുണ്ട് (23:8).
അല്ലാഹുവിനെക്കുറിച്ച സ്മരണ മനുഷ്യമനസ്സില്‍ ഇല്ലാത്തതുകൊണ്ടാവാം പരസ്പര വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ കരാര്‍ ലംഘിക്കുന്നവരും വാഗ്ദത്തം പാലിക്കാത്തവരുമായി ചിലര്‍ മാറുന്നത്. കപട വിശ്വാസിയുടെ നാല് ലക്ഷണങ്ങളില്‍ ഒന്നായ വാഗ്ദത്ത ലംഘനം പരമകാരുണികനായ അല്ലാഹു ഏറ്റവും വെറുക്കുന്ന കാര്യങ്ങളിലൊന്നാണ്.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നതെന്തിന്? പ്രവര്‍ത്തിക്കാത്തത് പറയുക എന്നത് അല്ലാഹുവിന്റെയടുക്കല്‍ മഹാ കുറ്റകരമായ കാര്യമാകുന്നു'' (61:2-3).
വാഗ്ദാനങ്ങള്‍ ആളുകള്‍ക്ക് പ്രതീക്ഷകള്‍ നല്‍കും. സ്വപ്നങ്ങള്‍ നല്‍കും. അതുകൊണ്ട് തന്നെ ആ വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുമ്പോള്‍ അത് വന്‍ ദുരന്തങ്ങളിലായിരിക്കും മറുകക്ഷിയെ കൊണ്ടെത്തിക്കുക. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ഏറ്റവും ഉത്തമന്‍ സര്‍വലോക സ്രഷ്ടാവായ അല്ലാഹു തന്നെയാണ്. അവന്റെ അടിമകളാണ് നാം. അതുകൊണ്ട് തന്നെ, വാഗ്ദത്ത ലംഘനം നടത്തുകയും കരാര്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഒരിക്കലും സ്‌നേഹിക്കുകയില്ല. ''തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു'' (4:145). കപടവിശ്വാസിയുടെ ലക്ഷണങ്ങളില്‍ ഒന്നായാണ് കരാര്‍ ലംഘനത്തെ പ്രവാചകന്‍ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ അത് വെറുക്കപ്പെട്ടതുമാണ്. അബൂഹുറയ്‌റ(റ)യില്‍ നിന്ന്: നബി (സ) അരുളി: ''കപട വിശ്വാസികളുടെ ലക്ഷണങ്ങള്‍ മൂന്നെണ്ണമാണ്; സംസാരിച്ചാല്‍ കള്ളം പറയും, വാഗ്ദാനം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും.'' അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍ നിന്ന്: നബി (സ) അരുളി: ''നാല് ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അവന്‍ തികഞ്ഞ കപടവിശ്വാസിയായി. അവയില്‍ ഏതെങ്കിലും ഒന്ന് ഒരാളിലുണ്ടെങ്കില്‍ അത് വെടിയും വരെ അവനില്‍ കപടവിശ്വാസത്തിന്റെ ഒരു ലക്ഷണമുണ്ടെന്നു വന്നു. വിശ്വസിച്ചാല്‍ ചതിക്കും, സംസാരിച്ചാല്‍ കള്ളം പറയും, കരാര്‍ ചെയ്താല്‍ ലംഘിക്കും, വഴക്കിട്ടാല്‍ മര്യാദകെട്ട വാക്കുകള്‍ പറയും.''
കരാര്‍ ലംഘനം വളരെ ഗുരുതരമായ വിശ്വാസവഞ്ചനയാണ്. അതുകൊണ്ടുതന്നെ അന്ത്യനാളിനെയും അല്ലാഹുവിന്റെ വിചാരണയെയും ഭയപ്പെടുന്നവര്‍ വാക്കിലും പ്രവൃത്തിയിലും സത്യമുള്ളവരായി ജീവിക്കുക.
Comments