Prabodhanm Weekly

Pages

Search

2024 മെയ് 03

3350

1445 ശവ്വാൽ 24

മിഡിലീസ്റ്റ് സമവാക്യങ്ങള്‍ മാറുന്നു

പി.കെ നിയാസ്

ഗസ്സയില്‍ വംശഹത്യക്ക് ഇസ്രയേലിന് സമ്പൂര്‍ണ പിന്തുണ നല്‍കിയ അമേരിക്ക, ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലില്‍നിന്ന് സയണിസ്റ്റ് രാജ്യത്തെ തടഞ്ഞതോടെ മധ്യപൗരസ്ത്യ മേഖല മറ്റൊരു യുദ്ധത്തില്‍നിന്ന് രക്ഷപ്പെട്ടുവെന്നാണ് പൊതുവെ പറയപ്പെടുന്നതെങ്കിലും യാഥാര്‍ഥ്യം മറിച്ചാണ്. മിഡിലീസ്റ്റില്‍ പഴയതുപോലെ ഇറങ്ങിക്കളിക്കുന്നത് അപകടം ചെയ്യുമെന്ന് അമേരിക്കക്ക് ബോധ്യമുണ്ട്. യു.എസ് സഹായമില്ലാതെ ഇറാനെ തൊടുന്നത് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്ന് ഇസ്രയേലിനുമറിയാം. ഗസ്സ വലിയ തലവേദനയായി മാറിയ സാഹചര്യത്തില്‍ മിഡിലീസ്റ്റില്‍ കൂടുതല്‍ യുദ്ധമുഖങ്ങള്‍ തുറക്കുന്നത് ബുദ്ധിപൂര്‍വകമായിരിക്കില്ല എന്ന തിരിച്ചറിവാണ് അമേരിക്കയുടെ നിലപാടിനു കാരണം.

ഏപ്രില്‍ ഒന്നിന് ദമസ്‌കസിലെ നയതന്ത്ര കാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനുള്ള പൂര്‍ണ അവകാശം ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടര്‍ 51 പ്രകാരവും മറ്റു അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചും ഇറാനുണ്ടായിരുന്നു. തങ്ങളുടെ മണ്ണിൽ കയറി ഇറാന്‍ തിരിച്ചടിക്കില്ലെന്നും രാജ്യത്തിനു പുറത്തുള്ള കേന്ദ്രങ്ങളായിരിക്കും ഉന്നം വെക്കുകയെന്നുമായിരുന്നു സയണിസ്റ്റ് രാജ്യം കണക്കുകൂട്ടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 29 നയതന്ത്ര കാര്യാലയങ്ങള്‍ ഒഴിപ്പിച്ചതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍, ഇസ്രയേലിനെയും അമേരിക്കയെയും ഞെട്ടിച്ച് ഇറാന്റെ മിസൈലുകള്‍ ഇതാദ്യമായി സയണിസ്റ്റ് രാജ്യത്ത് പതിച്ചു.

1991-ലെ ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ ഇറാഖ് 42 സ്കഡ് മിസൈലുകള്‍ അയച്ച ശേഷം ആദ്യമായാണ് ഒരു രാജ്യം ഇസ്രയേലിനെ ആക്രമിക്കുന്നത്. ഏപ്രില്‍ 13-ന് ഇറാന്‍ നടത്തിയത് പ്രതീകാത്മക ആക്രമണം മാത്രമായിരുന്നു. തിരിച്ചടിക്കാന്‍ കെല്‍പുണ്ടെന്ന് ഇസ്രയേലിനെയും അമേരിക്കയെയും ബോധ്യപ്പെടുത്തുക, തങ്ങളുടെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ഇസ്രയേലി നഗരങ്ങള്‍ വരെ ചെന്നെത്താന്‍ കഴിയുമെന്ന് ഉറപ്പിക്കുക എന്നീ ലക്ഷ്യങ്ങളേ ടെഹ്‌റാന് ഉണ്ടായിരുന്നുള്ളൂ. ഉപരോധം കാരണം അത്യാധുനിക ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പരിമിതികളുണ്ടെങ്കിലും കൈവശമുള്ളവയുടെ ശേഷി പരിശോധിക്കാന്‍ ഈ ഓപറേഷനിലൂടെ ഇറാന് കഴിഞ്ഞു. മേഖലയിലെ രാജ്യങ്ങളെ അറിയിച്ച ശേഷമായിരുന്നു ഇറാന്റെ ആക്രമണമെന്നതും ആളപായമുണ്ടായില്ല എന്നതും, വിനാശകരമായ യുദ്ധത്തിന് ഇറാന്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവായിരുന്നു.

ഏപ്രില്‍ 19-ന് ഇസ്രയേല്‍ നടത്തിയ തിരിച്ചടി മുഖം രക്ഷിക്കല്‍ മാത്രമായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിലേക്ക് അയച്ചുവെന്ന് പറയപ്പെടുന്ന ഇസ്രയേലി ഡ്രോണുകള്‍ ലക്ഷ്യം കണ്ടില്ല. ഇസ്ഫഹാനു മുകളില്‍ കണ്ട മൂന്ന് മിനി ഡ്രോണുകള്‍ വീഴ്ത്തിയെന്ന ഇറാന്റെ പ്രസ്താവനയോടെ അതവസാനിച്ചു. റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-300 ഉപയോഗിച്ചാണ് ആക്രമണം ഇറാന്‍ നിര്‍വീര്യമാക്കിയത്. ഇതിലും അത്യാധുനികമായ എസ്-400 അധികം താമസിയാതെ ഇറാന് ലഭ്യമാകുമെന്നാണ് കരുതുന്നത്.

അതേസമയം, ഇറാന്റെ തിരിച്ചടിക്ക് ഫലസ്ത്വീനില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ മാനങ്ങളുണ്ട്. ഗസ്സയിലെ പോരാളികളെ പരോക്ഷമായി സഹായിക്കുന്ന ഇറാനെ പിന്തിരിപ്പിക്കാന്‍ സിറിയയിലും ലബനാനിലും സൈനികാക്രമണം നടത്തുന്ന ഇസ്രയേലിന് സ്ട്രാറ്റജികള്‍ മാറ്റേണ്ടി വരും. ഇത്രയും കാലം ദുര്‍ബലരായ അറബ് അയല്‍രാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയില്‍ നിര്‍ത്തിയ അധിനിവേശ ശക്തിക്ക് ഇറാന്റെ സൈനിക ശക്തി നേരില്‍ ബോധ്യപ്പെട്ടു. മിസൈലുകള്‍ നെഗേവിലെ രണ്ട് ഇസ്രയേല്‍ വ്യോമ താവളങ്ങളാണ് ലക്ഷ്യമിട്ടത്. യു.എസ് നിര്‍മിത എഫ്-35 സ്റ്റെല്‍ത് യുദ്ധവിമാനങ്ങള്‍ പാര്‍ക്ക് ചെയ്ത നെവാറ്റിം താവളവും എഫ്-16 സുഫ വിമാനങ്ങളുടെ കേന്ദ്രമായ റാമണ്‍ താവളവും ഇറാന്റെ മിസൈല്‍ പരിധിക്കകത്താണെന്നത് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്നതാണ്.

ഇറാന്റെ സ്വാധീനം

വടക്കു കിഴക്കന്‍ ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിക്കടുത്ത് അമേരിക്കയുടെ സൈനിക ഔട്ട്‌പോസ്റ്റിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാഖിലെയും സിറിയയിലെയും ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്ക് നേരെ ഫെബ്രുവരി രണ്ടിന് യു.എസ് നടത്തിയ തിരിച്ചടിയും വലിയ പ്രശ്‌നങ്ങളില്ലാതെയാണ് അവസാനിച്ചത്. ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നതിന് അമേരിക്കയുടെ പക്കല്‍ തെളിവില്ലെങ്കിലും ടെഹ്‌റാന്‍ പിന്തുണക്കുന്ന കതാഇബ് ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയതെന്ന് വാഷിംഗ്ടണ്‍ ആരോപിക്കുകയുണ്ടായി.
2020-ല്‍ മുതിര്‍ന്ന ഇറാനിയന്‍ സൈനിക കമാണ്ടര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ഇരു രാജ്യങ്ങളും നേരിട്ടു പോര്‍മുഖം തുറന്നിട്ടില്ല. അതേസമയം, 2015-നുശേഷം സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യത്യസ്ത സൈനിക നടപടികളില്‍ 20 ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ (ഐ.ആര്‍.ജി.സി) ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയുണ്ടായി. ഇവരില്‍ ഏഴു പേരെ സയണിസ്റ്റ് സേന വധിച്ചത് ഒക്ടോബര്‍ ഏഴിലെ ഗസ്സ സംഭവങ്ങള്‍ക്കു ശേഷമാണ്. ഇറാന്റെ സൈനിക ജനറല്‍മാര്‍, ആണവ ശാസ്ത്രജ്ഞന്മാര്‍ എന്നിവരെ വധിക്കുന്ന പദ്ധതി കുറച്ചു കാലമായി അമേരിക്കയുടെ പിന്തുണയോടെ മൊസാദ് നടപ്പാക്കി വരുന്നു. 2020 ജനുവരി 3-ന് മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബഗ്ദാദ് വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചത് അമേരിക്കയായിരുന്നു. ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുമായി ഔദ്യോഗിക കൂടിക്കാഴ്ചക്ക് പോകുമ്പോഴായിരുന്നു ഐ.ആര്‍.ജി.സിയുടെ അഞ്ച് ശാഖകളിലൊന്നായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാണ്ടര്‍ കൂടിയായ സുലൈമാനിയെ വധിക്കുന്നത്.

മേഖലയില്‍, വിശിഷ്യാ സിറിയയിലും ലബനാനിലും ഇസ്രയേലിന്റെ മുഷ്‌ക് തടയുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്ന ഉന്നത സൈനിക മേധാവിയായിരുന്നു ഖാസിം സുലൈമാനി. സിറിയയില്‍ ജനകീയ പ്രക്ഷോഭത്തില്‍ വീഴുമായിരുന്ന ബശ്ശാറുല്‍ അസദ് എന്ന യുദ്ധക്കുറ്റവാളിയെ സംരക്ഷിക്കുന്നതില്‍ റഷ്യയുടെ സൈനിക ഇടപെടലിനൊപ്പം സുലൈമാനിയുടെ പങ്കും വലുതായിരുന്നു. ഇദ്ദേഹത്തെ വധിക്കാന്‍ ഉത്തരവിട്ടത് അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാഖിലെ യു.എസ് താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാര്യമായ നാശങ്ങളുണ്ടാക്കിയില്ല. അമേരിക്കയോട് നേരിട്ട് ഏറ്റുമുട്ടുന്നതിനു പകരം സിറിയ, ലബനാന്‍, യമന്‍ എന്നിവിടങ്ങളിലെ മിലീഷ്യാ ഗ്രൂപ്പുകളെ ഉപയോഗിച്ച് യു.എസ് ലക്ഷ്യങ്ങള്‍ ആക്രമിക്കുകയെന്ന പദ്ധതിയാണ് ഇറാന്‍ സ്വീകരിച്ചത്.

കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ ഇറാന്റെ ഏഴ് ആണവ ശാസ്ത്രജ്ഞരാണ് വധിക്കപ്പെട്ടത്. തലസ്ഥാനമായ തെഹ്‌റാന്‍, ഷിറാസ് എന്നിവിടങ്ങളിലാണ് എല്ലാ കൊലകളും നടന്നത്. ഏറ്റവും ഒടുവിലത്തെ ഇരയാണ് ആണവ പദ്ധതിയുടെ ശില്‍പിയെന്ന് അറിയപ്പെടുന്ന മുഹ്‌സിന്‍ ഫഖ്‌രിസാദ. 
നാല് അറബ് രാജ്യങ്ങളില്‍ ഇറാന് വ്യക്തമായ മേധാവിത്വമുള്ളത് അമേരിക്കയെയും ഇസ്രയേലിനെയും അസ്വസ്ഥമാക്കുന്നു. എണ്‍പതുകളുടെ തുടക്കത്തില്‍ ഇറാഖിലെ ഓസിറാക് ആണവ നിലയം ബോംബിട്ട് തകര്‍ത്ത ഇസ്രയേല്‍, സമാനമായ ആക്രമണം ഇറാനെതിരെ നടത്തുമെന്ന ആശങ്ക നിലനിന്നിരുന്നു. പുതിയ സാഹചര്യത്തില്‍ ഇറാനോട് നേരിട്ട് ഏറ്റുമുട്ടാന്‍ സയണിസ്റ്റ് ഭരണകൂടം ഒരുമ്പെടില്ല. മേഖലയില്‍ അമേരിക്കന്‍ സ്വാധീനം കുറഞ്ഞതും റഷ്യ-ചൈന-ഇറാന്‍ കൂട്ടുകെട്ടിന് മേല്‍ക്കൈ ലഭിച്ചതും ഒരു കാരണമാണ്. ചെങ്കടലിലും ഹുർമുസിലും ഇറാനും അവര്‍ പിന്തുണക്കുന്ന മിലീഷ്യകള്‍ക്കും മേധാവിത്വം ലഭിക്കുന്നത് മേഖലയിലെ സമവാക്യങ്ങള്‍ മാറ്റിമറിക്കും.

ഗസ്സയിലെ യു.എസ് ഇരട്ടത്താപ്പ്

ഫലസ്ത്വീന്‍ വിഷയത്തില്‍ അമേരിക്ക തുടര്‍ന്നുവരുന്ന ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഗസ്സയിലെ ഇസ്രയേല്‍ വംശഹത്യയില്‍ പങ്കാളികളായ ബൈഡന്‍ ഭരണകൂടത്തിനെതിരെ പത്ത് അമേരിക്കന്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. വേട്ടനായ്ക്കള്‍ക്കൊപ്പം ഓടുകയും മുയലുകള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കാപട്യം തുടരുകയാണ് ബൈഡന്‍. ഫലസ്ത്വീന് സമ്പൂര്‍ണ രാഷ്ട്ര പദവി നല്‍കുന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയും 2600 കോടി ഡോളര്‍ നല്‍കി ഇസ്രയേലിനെ വീണ്ടും ആയുധമണിയിച്ചും സയണിസ്റ്റ് ഭീകരതക്കുള്ള പിന്തുണ അവര്‍ തുടരുകയാണ്. ദ്വിരാഷ്ട്ര സിദ്ധാന്തമാണ് ഫലസ്ത്വീന്‍ പ്രശ്‌നത്തിന് പരിഹാരമെന്ന് നിരന്തരം പറയുന്നവരുടെ തനിനിറമാണ് യു.എന്നില്‍ കണ്ടത്.

അതിനു പിന്നാലെ ബൈഡന്‍ പൊട്ടിച്ച തമാശയാണ് ഇസ്രയേലി അധിനിവേശ സേനയുടെ ഒന്നോ അതിലധികമോ ബറ്റാലിയനുകളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നത്. നെത്‌സ യഹൂദ എന്ന വലതുപക്ഷ തീവ്ര ജൂതന്മാരുടെ ബറ്റാലിയനെതിരെ ആയിരിക്കും ഉപരോധമെന്നും വാര്‍ത്ത പ്രചരിച്ചു. 
മുപ്പത്താറായിരം മനുഷ്യരെ വംശഹത്യ നടത്തിയിട്ടും കുലുങ്ങാതിരുന്ന 'ജനസൈഡ്' ബൈഡന്‍ ലോകത്തെ വിഡ്ഢികളാക്കാന്‍ നടത്തുന്ന നാടകമാണ് ഉപരോധം. ഐ.ഡി.എഫ് എന്ന ഭീകര സേനയാണ് ഗസ്സയിലെ നരമേധങ്ങള്‍ക്ക് കാരണക്കാരെന്ന് ലോകത്തിനറിയാം. അതിന്റെ ഭാഗമായ ഒരു ബറ്റാലിയന് മാത്രം ഉപരോധമേർപ്പെടുത്തുമെന്നതിൽപരം തമാശ എന്തുണ്ട്! ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അമേരിക്ക അന്വേഷിക്കുമെന്ന വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയാണ് മറ്റൊരു തമാശ.

ഭക്ഷ്യവസ്തുക്കള്‍ പോലും കടത്തിവിടാതെ റഫയില്‍ ഇസ്രയേല്‍ കടുത്ത ഉപരോധം തീര്‍ത്തതോടെ അന്താരാഷ്ട്ര തലത്തില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധം തണുപ്പിക്കാനായിരുന്നു വെടിനിര്‍ത്തലിനുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാതിരുന്നത്. രക്ഷാസമിതി പ്രമേയം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട രാജ്യം വിസമ്മതിച്ചാല്‍ സൈനിക നടപടിക്ക് വരെ വകുപ്പുണ്ട്. എന്നാല്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന അമേരിക്ക, പ്രമേയം പാസ്സായപ്പോള്‍ പറഞ്ഞത് ബലപ്രയോഗത്തിലൂടെ നടപ്പാക്കാന്‍ വകുപ്പില്ലെന്നായിരുന്നു! ഇല്ലാത്ത രാസായുധങ്ങളുടെ പേരില്‍ ഇറാഖിലും മറ്റു പല രാജ്യങ്ങളിലും സൈനികമായി അമേരിക്ക ഇടപെട്ടത് ഇത്തരം പ്രമേയങ്ങളുടെ പേരു പറഞ്ഞായിരുന്നു.
മൂന്ന് അപകടകരമായ പ്രകോപനങ്ങളാണ് നെതന്യാഹു നടത്തിയത്. യു.എന്‍ പ്രമേയം പാസ്സായതിനു പിന്നാലെ വേള്‍ഡ് സെന്‍ട്രല്‍ കിച്ചന്‍ ടീമിലെ വളണ്ടിയര്‍മാരെ ബോംബിട്ട് കൊന്നു. പിന്നാലെ ദമസ്‌കസിലെ ഇറാന്‍ എംബസി സമുച്ചയത്തിന് ബോംബിട്ടു. ഹമാസ് പരമോന്നത നേതാവ് ഹനിയ്യയുടെ മൂന്നു മക്കളെയും പൗത്രന്മാരെയും വധിച്ചതാണ് മറ്റൊന്ന്. നയതന്ത്ര കാര്യാലയത്തിനു നേരെയുണ്ടായ  ആക്രമണം രക്ഷാസമിതി അപലപിക്കേണ്ട നിഷ്ഠുര കൃത്യമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇസ്രയേലോ മറ്റേതെങ്കിലും പടിഞ്ഞാറന്‍ രാജ്യമോ ആണ് മറുഭാഗത്തെങ്കില്‍ അമേരിക്കയും കൂട്ടരും യുദ്ധം തുടങ്ങിയിട്ടുണ്ടാവും.

പാളിയ തന്ത്രങ്ങള്‍

മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസിനെ നിര്‍വീര്യമാക്കുകയുമായിരുന്നു ആറു മാസം പിന്നിട്ട ഗസ്സ ഓപ്പറേഷനിലൂടെ സയണിസ്റ്റ് ഭരണകൂടം ലക്ഷ്യമിട്ടത്. രണ്ടും സാധ്യമായില്ല. വംശഹത്യയും ഗസ്സയുടെ സർവനാശവുമാണ് നടന്നത്. എക്കാലവും ഓര്‍ക്കപ്പെടാവുന്ന വിധത്തില്‍ ഇസ്രയേലിന്റെ ഭീകര ചെയ്തികള്‍ 'മിഡിലീസ്റ്റിലെ ഹോളോകോസ്റ്റാ'യാണ് ലോകം വിലയിരുത്തുന്നത്.
ഹമാസിന് കുറേ പോരാളികളെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഉന്നത നേതാക്കള്‍ ഒരു പോറലുമേല്‍ക്കാതെ ഗസ്സയിലെ തുരങ്കങ്ങളിലുണ്ടെന്നും ഇസ്രയേലിന് ഇനിയും തകര്‍ക്കാന്‍ കഴിയാത്ത ടണലുകളിലൂടെ ഹമാസ് അതിജീവനം ഉറപ്പാക്കുമെന്നും മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് (ഏപ്രില്‍ 22) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മുപ്പത്തിനാലു വര്‍ഷം സി.ഐ.എയില്‍ പ്രവര്‍ത്തിച്ച ഡഗ്ലസ് ലണ്ടന്റെ നിരീക്ഷണമാണ് ശ്രദ്ധേയം. 'ഹമാസിന്റെയും മറ്റു പോരാളി സംഘടനകളുടെയും നേതൃത്വത്തില്‍ ഫലസ്ത്വീനികള്‍ നടത്തുന്ന ചെറുത്തുനില്‍പ് കായികപരം മാത്രമല്ല, അതൊരു ആശയം കൂടിയാണ്. ഹമാസിന് ഇസ്രയേല്‍ എത്ര ആഘാതമേൽപിച്ചാലും പൂർവസ്ഥിതി കൈവരിക്കാന്‍ സംഘടനക്ക് സാധിക്കും. അധിനിവേശ വിരുദ്ധ പോരാട്ടത്തിനായി നിരവധി പേര്‍ തയാറായി നില്‍ക്കുന്നു. മാത്രമല്ല, അവര്‍ക്കുള്ള ഫണ്ടിംഗും തടയാനാവില്ല'- അദ്ദേഹം വ്യക്തമാക്കുന്നു.

ഹമാസ് നേതാക്കള്‍ ഒന്നടങ്കം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദിന്റെയും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിന്‍ ബെറ്റിന്റെയും നിരീക്ഷണത്തിലാണ്. നേതാക്കളെ കിട്ടിയില്ലെങ്കില്‍ അവരുടെ മക്കളെയോ കുടുംബാംഗങ്ങളെയോ വധിക്കുകയെന്ന കാടത്തമാണ് അവര്‍ ചെയ്തുകൂട്ടുന്നത്. ഈദ് ദിനത്തില്‍ കുടുംബ സന്ദര്‍ശനം നടത്തുകയായിരുന്ന ഹമാസ് പരമോന്നത നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ മൂന്ന് ആണ്‍മക്കളെയും നാല് പൗത്രന്മാരെയും വധിച്ച നടപടി ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇതിനകം ഹനിയ്യയുടെ അറുപതോളം കുടുംബാംഗങ്ങളെ ഇസ്രയേല്‍ വധിച്ചിട്ടുണ്ട്. ഇസ്രയേലി പൗരത്വമുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെമേല്‍ ഭീകരവാദക്കുറ്റം ചുമത്തി ജയിലിലടച്ചു. ഹനിയ്യക്ക് വാട്‌സാപ്പില്‍ സന്ദേശം അയച്ചുവെന്നതാണ് കുറ്റം. ഇരുപത് വര്‍ഷം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസ്സ യുദ്ധം നീട്ടിക്കൊണ്ടു പോകേണ്ടത് നെതന്യാഹുവിന്റെ നിലനില്‍പിന് ആവശ്യമാണ്. യുദ്ധം അവസാനിക്കുന്നതോടെ നെതന്യാഹുവിനെതിരായ നാലു അഴിമതിക്കേസുകള്‍ പുനരാരംഭിക്കും. ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ഓപറേഷന്‍ തടയുന്നതില്‍ പരാജയപ്പെടുകയും, സ്വന്തം താല്‍പര്യത്തിനായി ഭീകരമായ യുദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയും ചെയ്തതിന് അതിശക്തമായ ജനകീയ പ്രക്ഷോഭവും ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരും. ചുരുക്കത്തില്‍, ജയിലറയാണ് നെതന്യാഹുവിനെ കാത്തിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന്റെ വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൈനിക രഹസ്യാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ അഹറോണ്‍ ഹാലിവ രാജിവെച്ചതോടെ നെതന്യാഹുവിന്റെ മേല്‍ സമ്മർദമേറിയിരിക്കുന്നു.

ഹമാസിനെ 75 ശതമാനവും നശിപ്പിച്ചുവെന്ന് നെതന്യാഹു വീമ്പു പറയുമ്പോഴും ബന്ദികളില്‍ പകുതി പേരും ഇപ്പോഴും പോരാളികളുടെ  കസ്റ്റഡിയില്‍ കഴിയേണ്ടി വരുന്നതിലെ പരിഹാസ്യതയാണ് മറനീക്കുന്നത്. സൈനിക നടപടികളിലൂടെ ഒരു ബന്ദിയെയും മോചിപ്പിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ഖത്തര്‍ നേതൃത്വം നല്‍കിയ മാധ്യസ്ഥതയിലൂടെയാണ് പകുതിയോളം ബന്ദികള്‍ പുറത്തുവന്നത്. ഇസ്രയേലി ജയിലറകളില്‍ കഴിയുന്ന ഫലസ്ത്വീനികളെ മോചിപ്പിക്കാന്‍ ഈ ഡീലിലൂടെ ഹമാസിന് സാധിക്കുകയും ചെയ്തു.

അതേസമയം, മാധ്യസ്ഥ സ്ഥാനത്തുനിന്ന് പിന്മാറുന്ന കാര്യം ആലോചനയിലുണ്ടെന്ന ഖത്തറിന്റെ പ്രഖ്യാപനം അമേരിക്കന്‍-ഇസ്രയേല്‍ സഖ്യത്തിന് തിരിച്ചടിയാകും. ഹമാസിനെ സമ്മർദത്തിലാക്കി ഇസ്രയേലിന് അനുകൂലമായ നിലപാട് എടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഖത്തറുമായുള്ള ബന്ധങ്ങള്‍ യു.എസ് പുനഃപരിശോധിക്കേണ്ടി വരുമെന്ന കോണ്‍ഗ്രസംഗം സ്റ്റെനി ഹോയറുടെ ഭീഷണിയാണ് ഖത്തറിനെ ചൊടിപ്പിച്ചത്. മാധ്യസ്ഥന്റെ ജോലി മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇരു വിഭാഗവും യോജിപ്പിലെത്തിയാല്‍ മാത്രമേ കരാര്‍ രൂപപ്പെടുകയുള്ളൂവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും ദോഹ വ്യക്തമാക്കുകയുണ്ടായി.

ഹമാസുമായി ചര്‍ച്ച ചെയ്യാന്‍ ഖത്തറിനെക്കാള്‍ മികച്ച മാധ്യസ്ഥനെ കിട്ടില്ലെന്ന് അമേരിക്കക്ക് അറിയാം. എന്നാല്‍, തങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങള്‍ നടക്കണമെന്ന അവരുടെ അതിമോഹമാണ് പ്രശ്‌നം. ഒക്ടോബര്‍ ഏഴിലെ സംഭവങ്ങള്‍ക്ക് പിന്നില്‍ ഈജിപ്തിനെയും കുറ്റപ്പെടുത്തിയ ഇസ്രയേല്‍ നടപടിയോടെ കൈറോയും അത്ര സുഖത്തിലല്ല. പിന്നെയുള്ളത് തുര്‍ക്കിയയാണ്. അങ്കാറയെ മാധ്യസ്ഥനാക്കാന്‍ സയണിസ്റ്റ്-അമേരിക്കന്‍ ലോബിക്ക് താല്‍പര്യമില്ലെങ്കിലും ഹമാസും തുര്‍ക്കിയയും തമ്മിലുള്ള ബന്ധങ്ങള്‍ ഊഷ്മളമാകുന്ന കാഴ്ചയാണ് കാണുന്നത്.

ഹമാസിന്റെ ഉറച്ച നിലപാട്

ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം തുര്‍ക്കിയ വിദേശകാര്യ മന്ത്രി ഹാകന്‍ ഫിദാന്‍, ദോഹയില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുമായി മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തിയതും ദിവസങ്ങള്‍ക്കു ശേഷം ഹനിയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം തുര്‍ക്കിയ സന്ദര്‍ശിച്ചതും പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതിന്റെ സൂചനയാണ്. 1918- '20-കളില്‍ തുര്‍ക്കിയയുടെ വിമോചന സമരത്തില്‍ സജീവ പങ്കുവഹിച്ച ദേശീയ സേനയോട് (കുവായെ മില്ലിയ) ഹമാസിനെ ഉപമിച്ചുകൊണ്ട് പാര്‍ലമെന്റില്‍ ഉര്‍ദുഗാന്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഹമാസിനെ കൈവിട്ടുവെന്ന് ആരും കരുതേണ്ടതില്ലെന്നും യുക്തമായ സമയത്ത് തുര്‍ക്കിയ ഇടപെടുന്നുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കുകയുണ്ടായി.

ആവശ്യങ്ങള്‍ അംഗീകരിക്കാതെ ബന്ദികളെ കൈമാറുന്ന പ്രശ്‌നമില്ലെന്ന് ഹമാസ് വ്യക്തമാക്കിയത് ഇസ്രയേലിനെയും അമേരിക്കയെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ സഹകരണത്തെ പുകഴ്ത്തിയും ഹമാസ് നിലപാടിനെ വിമര്‍ശിച്ചും യു.എസ് വിദേശകാര്യ സെക്രട്ടറി രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. ഖാന്‍ യൂനുസ് ഉള്‍പ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിന്മാറിയ ഇസ്രയേല്‍, റഫയില്‍ നിന്ന് തലയൂരാനുള്ള വഴി തേടുകയാണ്. ബന്ദികളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്നതായിരിക്കും റഫക്കു നേരെയുള്ള മറ്റൊരു സൈനിക നടപടി എന്നതാണ് കാരണം. ശത്രുവിനെതിരായ പോരാട്ടം തുടരുമെന്നും നഷ്ടപ്പെട്ട ഗസ്സയിലെ ഓരോ പ്രദേശവും വീണ്ടെടുക്കുമെന്നുമാണ് ഹമാസിന്റെ പ്രഖ്യാപനം.

വലിയ പ്രതിസന്ധിയിലാണ് നെതന്യാഹു. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ്സയില്‍ പുനരധിനിവേശം നടത്തുമെന്ന വീമ്പു പറച്ചില്‍ എവിടെയും എത്തിയില്ല. ഗസ്സയുടെ ഭരണം ഹമാസ് വിരുദ്ധരെ ഏല്‍പ്പിക്കാനുള്ള അമേരിക്കയുടെയും കൂട്ടരുടെയും നീക്കവും പൂവണിയുന്നില്ല. സദ്ദാമിനെ പുറത്താക്കിയ ശേഷം ഇറാഖില്‍ പ്രതിഷ്ഠിച്ച പാവ ഭരണകൂടത്തിനെതിരെ നടന്ന രൂക്ഷമായ പ്രക്ഷോഭം അമേരിക്കയുടെ മുന്നിലുണ്ട്. ഗസ്സയുടെ എണ്‍പതു ശതമാനത്തിലേറെയും നശിപ്പിക്കപ്പെട്ടു. കഴിഞ്ഞ നാല് യുദ്ധങ്ങള്‍ക്ക് ശേഷവും കോടിക്കണക്കിന് ഡോളറുകള്‍ ചെലവിട്ടാണ് ഗസ്സയുടെ പുനര്‍നിര്‍മാണം നടന്നത്. ഇനിയുമത് ആവര്‍ത്തിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. സ്വതന്ത്ര ഫലസ്ത്വീന്‍ യാഥാർഥ്യമായാലേ ഇസ്രയേല്‍ ഭീഷണിയില്‍നിന്ന് ഗസ്സ മുക്തമാകൂ. അതുവരെ പുനര്‍നിര്‍മാണം ഫലം ചെയ്യില്ല. ഇസ്രയേലിനെയും അമേരിക്കയെയും അവഗണിച്ച് സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരിക മാത്രമാണ് ഏക വഴി. l

Comments