ബൈത്തുൽ ഖുർആൻ ബഹ്‌റൈൻ
വിശുദ്ധ ഖുർആൻ പഠിക്കാൻ വിവിധ രാജ്യങ്ങളിൽ പല ഭാഷകളിൽ ധാരാളം സംവിധാനങ്ങളും സ്ഥാപനങ്ങളും സൗകര്യങ്ങളുമുണ്ട്. ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ബൈത്തുൽ ഖുർആൻ എന്ന സ്ഥാപനം ഇതിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു. ഇത്രയും വിപുലമായ രീതിയിൽ ഒരു ഖുർആൻ മ്യൂസിയം ലോകത്ത് തന്നെ ബഹ്‌റൈനിലാണ് ആദ്യമായി നിർമിക്കപ്പെടുന്നത്. ഖുർആൻ - ഇസ്ലാമിക കലകൾക്കായി സമർപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ്യ സമുച്ചയമാണിത്. 1990-ൽ സ്ഥാപിതമായ ഈ സമുച്ചയം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇസ്ലാമിക മ്യൂസിയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വികസിപ്പിച്ച ഖുർആനിന്റെ ആദ്യകാല കൂഫിക് കൈയെഴുത്തുപ്രതി വരെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഖുർആൻ മ്യൂസിയങ്ങൾ നിലവിൽ വന്നെങ്കിലും ഇത്രയും അപൂർവ ശേഖരങ്ങളുള്ള മറ്റൊരു മ്യൂസിയം കാണാൻ പ്രയാസമാണ്.
ബഹ്‌റൈനിലെ അറിയപ്പെടുന്ന എഴുത്തുകാരനും എഞ്ചിനീയറുമായ ഡോ. അബ്ദുല്ലത്വീഫ് ജാസിം കാനൂ ആണ് ഇങ്ങനെയൊരു ആശയത്തിന്റെ പിന്നിൽ. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന നിരവധി അപൂർവങ്ങളായ ഖുർആൻ കൈയെഴുത്തു പ്രതികളും പകർപ്പുകളുമാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് വഴിതുറക്കുന്നത്. അദ്ദേഹത്തിന്റെ ഏറെ നാളത്തെ പരിശ്രമഫലമാണ് ഈ സംരംഭം. ഖുർആൻ / അറബിക് കാലിഗ്രഫിയുടെ അപൂർവ ശേഖരങ്ങൾ എവിടെകണ്ടാലും അദ്ദേഹം കാശ് കൊടുത്തു അത് സ്വന്തമാക്കുമായിരുന്നു. ഇതിനു വേണ്ടി മാത്രം അദ്ദേഹം ലോകത്ത് പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. സാധാരണക്കാർ കൂടി പങ്കാളികളായ പൊതുസമ്പത്തിലൂടെ പടുത്തുയർത്തിയ ഒരു സംരംഭമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. പൊതുസമൂഹത്തിൽനിന്നും, രാജ്യത്തിനകത്തും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള വിവിധ ചാരിറ്റി സംഘടനകളിൽനിന്നും പ്രമുഖരിൽനിന്നുമുള്ള സാമ്പത്തിക സഹായവും കൂടി സ്വീകരിച്ചാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. 1984-ൽ നിർമാണം തുടങ്ങി 1990-ലാണ് ബൈത്തുൽ ഖുർആൻ സന്ദർശകർക്കായി തുറന്നുകൊടുത്തത്. ബഹ്‌റൈൻ സാംസ്‌കാരിക വകുപ്പിന് കീഴിൽ സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക വാസ്തുശിൽപ മാതൃകയിലാണ് ഇതിന്റെ കെട്ടിടം രൂപകൽപന ചെയ്‌തിരിക്കുന്നത്.
വിശുദ്ധ ഖുർആന്റെ ആദ്യകാല ഏടുകൾ മുതൽ ഏറ്റവും നവീനമായ ഖുർആൻ അച്ചടിരൂപങ്ങൾ വരെ സമാഹരിച്ചിരിക്കുന്നു ഈ കേന്ദ്രത്തിലെ 'അൽ ഹയാത്ത്' മ്യൂസിയത്തിൽ. ഇറാഖ്, യമൻ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കണ്ടെടുക്കപ്പെട്ട ആദ്യകാല കൂഫി ലിപിയിലും മറ്റുമുള്ള അപൂർവ ഖുർആൻ കൈയെഴുത്ത് പ്രതികളാണ് സന്ദർശകരെ ആദ്യം വരവേൽക്കുക. ഇറാഖിൽനിന്ന് ലഭിച്ച, മരത്തൊലിയിൽ കറുത്ത മഷിയിൽ രൂപപ്പെടുത്തിയ അപൂർവ പ്രതിയും ഇവിടെയുണ്ട്. പന്ത്രണ്ട് വാക്യങ്ങൾ അടങ്ങുന്നതാണ് ഒരു പേജ്. ഇത്തരം 280 പേജുകളാണുള്ളത്. സി.ഇ ഒമ്പതാം നൂറ്റാണ്ടിലുള്ളതാണിത്. ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് ഏടുകളുടെ രൂപത്തിൽ എഴുതിയ ഖുർആന്റെ ആദ്യ കോപ്പി, സി.ഇ 1694-ൽ ജർമനിയിൽ അച്ചടിച്ച ഖുർആനിന്റെ ആദ്യ കോപ്പി എന്നിവ ഉൾപ്പെടെ ഏകദേശം ഖുർആന്റെ 10,000 പകർപ്പുകളും കൈയെഴുത്തു പ്രതികളും ഇവിടെയുണ്ട്. മൃഗങ്ങളുടെ തോലിലും കല്ല്, മരം എന്നിവക്ക് മേലും കുറിച്ചിട്ട പൗരാണിക ഖുർആൻ ലിഖിതങ്ങളുടെ രൂപമാതൃകകൾ ഇവിടെ ധാരാളമായുണ്ട്; ഖുർആനിക കാലിഗ്രഫിയുടെ നിരവധി മാതൃകകളും.
മ്യൂസിയത്തിന്റെ ഘടനയും വേറിട്ടതും മനോഹരവുമാണ്. മൂന്നു നിലകളിലായി പത്ത് ഹാളുകളിലായാണ് മ്യൂസിയം സംവിധാനിച്ചിരിക്കുന്നത്. ഫൈബർ ഒപ്റ്റിക് ലൈറ്റിങ് സാങ്കേതികതയാണ് മ്യൂസിയത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിക കാലിഗ്രഫിയുടെ വർണപ്രപഞ്ചവും ഇവിടെ മനോഹരമായി വിന്യസിച്ചിരിക്കുന്നു. ഇന്ത്യൻ, ഇറാനി, അഫ്‌ഗാനി കാലിഗ്രഫി മാതൃകയിൽ രൂപപ്പെടുത്തിയ ഖുർആൻ വാക്യങ്ങളുടെ നല്ലൊരു ശേഖരവും മനോഹരമായി സംവിധാനിച്ചിരിക്കുന്നു.
ഖുർആൻ പഠനത്തിനും ഗവേഷണത്തിനും സൗകര്യപ്രദമായ രീതിയിൽ 'അൽ ഫുർഖാൻ' എന്ന പേരിൽ ഒരു റഫറൻസ് ലൈബ്രറിയും പ്രവർത്തിക്കുന്നു. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി ഖുർആനും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട അര ലക്ഷത്തിലേറെ ഗ്രന്ഥങ്ങൾ ഇവിടെയുണ്ട്. ലോകത്തെ മികച്ച സർവകലാശാലകളുമായി നിരന്തരം ബന്ധപ്പെടുകയും ഖുർആൻ സംബന്ധിച്ച പുതിയ വിവരങ്ങൾ കൈമാറുകയും ചെയ്യാനുള്ള സംവിധാനം ബൈത്തുൽ ഖുർആനിനെ കൂടുതൽ മികവുറ്റതാക്കുന്നു. സുഊദി അറേബ്യയിലെ മുൻ ഓയിൽ മന്ത്രി ശൈഖ് അഹ്‌മദ് സാകി യമാനിയാണ് ലൈബ്രറിയുടെ രൂപീകരണത്തിന് വലിയ സാമ്പത്തിക സഹായം നൽകിയത്.
ഖുർആൻ മനഃപാഠം, പാരായണ ശാസ്ത്രം എന്നിവയുടെ പഠനത്തിനായുള്ള യൂസുഫ് ബിൻ അഹ്‌മദ് കാനൂ സ്‌കൂളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. യുവാക്കളിലും വിദ്യാർഥികളിലും അവരുടെ അഭിരുചിക്കനുസരിച്ചു ഖുർആൻ പഠിക്കാൻ ഇവിടെ സംവിധാനമുണ്ട്. ഖുർആൻ പഠനത്തിനും പാരായണത്തിനും പ്രമുഖ പണ്ഡിതന്മാരാണ് നേതൃത്വം നൽകുന്നത്. 'മുഹമ്മദ് ബിൻ ഖലീഫാ ആൽ ഖലീഫ' ലക്ച്ചർ ഹാൾ ഇതിനു വേണ്ടിയാണ്. ലോക പ്രശസ്‌തരായ പണ്ഡിതന്മാരുടെയും പ്രഭാഷകരുടെയും പരിപാടികൾ ഇവിടെ നടക്കാറുണ്ട്. ബൈത്തുൽ ഖുർആന്റെ കവാടത്തോട് ചേർന്നുള്ള അബ്‌ദുർറഹ്‌മാൻ ജാസിം കാനൂ മസ്‌ജിദും ഏറെ ഭംഗിയിലാണ് നിർമിച്ചിരിക്കുന്നത്. മികച്ച ഇസ്‌ലാമിക വാസ്തുശിൽപ മാതൃകയാണ് ഈ പള്ളി. l
Comments