Prabodhanm Weekly

Pages

Search

2024 മാർച്ച് 01

3342

1445 ശഅ്ബാൻ 20

ഫാഷിസത്തിന്റെ കാലത്ത് ആദർശസമൂഹത്തിന്റെ ദൗത്യം

വി.ടി അബ്ദുല്ലക്കോയ തങ്ങൾ

ഹിന്ദുത്വ വംശീയതക്കെതിരെ  എന്നതാണ് നമ്മുടെ സമ്മേളന ശീർഷകം. നമ്മുടെ നാട്ടിൽ വിവിധ വിശ്വാസാചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്ന, ഇതര മതസ്ഥരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന, സൗഹാർദവും സ്നേഹവും സഹവർത്തിത്വവും സിരകളിൽ ഒഴുകുന്ന ലക്ഷക്കണക്കായ ഹിന്ദു സമൂഹത്തെ, അവരുടെ ആത്മാർഥതയെ ഒട്ടും വിലമതിക്കാതെയാണോ ഈ പ്രയോഗം നടത്തിയിട്ടുള്ളത് എന്ന് ചിലർ ഗുണകാംക്ഷയോടെ ഞങ്ങളോട് ചോദിക്കുകയുണ്ടായി. നമ്മൾ പറയുന്നത് ഏതെങ്കിലും മതത്തെ സംബന്ധിച്ചല്ല. ഹിന്ദുത്വം എന്ന വംശീയ അജണ്ടയെ കുറിച്ചാണ്.

വംശീയത എന്നാൽ, 'ഞങ്ങൾ ഒരു സവിശേഷ കൂട്ടരാണ്. ഞങ്ങൾക്ക് മാത്രമല്ല, ഞങ്ങൾ വസിക്കുന്ന മണ്ണിനും സവിശേഷതയുണ്ട്. ഞങ്ങളുടെ അധികാരത്തിനു കീഴിൽ നടക്കുന്ന കാര്യങ്ങളും പരിശുദ്ധമാണ്. ഞങ്ങളുടെ വംശം, വർഗം, ദേശം, സ്ഥാപനം തുടങ്ങിയവയെല്ലാം പരിശുദ്ധമാണ്' എന്ന് പറയലാണ്.  അതിന്റെ സ്വാഭാവിക ഫലം, ഞങ്ങൾ അല്ലാത്തതെല്ലാം മ്ലേച്ഛമാണ് എന്നായിരിക്കും. അതാണ് 'വിചാരധാര'യിൽ  പണ്ടേ  പറഞ്ഞിട്ടുള്ളത്. വൈദേശിക മതങ്ങളും, വൈദേശിക മതങ്ങളുടെ മൂട്താങ്ങികളും വൈതാളികന്മാരും ഭാരതാംബയുടെ കണ്ണിലെ കരടാണ്. ഈ കരട് നിലനിൽക്കുന്നേടത്തോളം കാലം ഭാരതാംബയുടെ കണ്ണ് കലങ്ങിത്തന്നെ ഇരിക്കും. ഇത് വളരെ കൃത്യമായ അജണ്ടയാണ്. ഈ വംശ വിശുദ്ധി ബോധമുണ്ടല്ലോ,  പ്രമാണപരമായിട്ട് പറഞ്ഞാൽ പിശാചിന്റെ ഒരു പ്രഖ്യാപനം തന്നെയാണ്. ആദമിന് സുജൂദ് ചെയ്യാൻ  മലക്കുകളോട് ഒന്നടങ്കം പ്രപഞ്ച നാഥൻ കല്പിച്ചപ്പോൾ അവരുടെ കൂട്ടത്തിലെ ഇബ്‌ലീസ് സാഷ്ടാംഗത്തിന്  സമ്മതിച്ചില്ല.

എന്നിട്ട് ന്യായം ഉന്നയിച്ചത്, 'ഞാൻ അയാളെക്കാൾ വിശുദ്ധനാണ്' എന്നാണ്. ഈ വിശുദ്ധിബോധത്തിന് എതിരെയുള്ള സമരം, ഹിന്ദുത്വ വംശീയതക്ക്  എതിരെയുള്ള സമരം, പൈശാചിക ശക്തികൾക്കെതിരെയുള്ള സമരത്തിന്റെ തന്നെ  ഭാഗമാണ്. നമുക്കത് പുതിയ വിഷയമല്ല.

ഇങ്ങനെ ഒരു ചിന്താഗതി ഒരു പ്രദേശത്തുകാരെ പിടികൂടിയാൽ അതിന്റെ കുഴപ്പം വലുതായിരിക്കും. പല അനർഥങ്ങൾക്കും അത് കാരണമാവും. ചരിത്രം ഏറെ ചികയേണ്ടതില്ല അതിന്. ഹിറ്റ്ലറുടെ നാസി ജർമനിയുടെയും മുസ്സോളനിയുടെ ഫാഷിസ്റ്റ് ഇറ്റലിയുടെയും ചരിത്രം നമുക്ക് മുന്നിലുണ്ട്.  അതിലേക്കൊന്നും പോകേണ്ടതില്ല. വർത്തമാന ഇന്ത്യയിൽ തന്നെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു, ഈ മാനസികാവസ്ഥ ഒരാളെ പിടികൂടിയാൽ അയാൾ എത്രമാത്രം അധമവും മ്ലേച്ഛവും ഹീനവുമായ നിലയിലേക്ക് ആപതിക്കും എന്ന്. അതിന് രാജ്യം വലിയ വില കൊടുത്തുകൊണ്ടിരിക്കുകയാണ്.

രാജ്യത്ത് പിടിമുറുക്കിയ കാൻസർ ആണ് ഫാഷിസം. ഇതിനെതിരെ ജാഗ്രത പുലർത്തുക. പ്രതികരിക്കുക. ഈ രോഗത്തിന്റെ വ്യാപന ശേഷി കുറക്കാനുള്ള ട്രീറ്റ്‌മെന്റുകളിൽ ഏർപ്പെടുക. അത് ഈ കാലഘട്ടം ആവശ്യപ്പെടുന്ന നമ്മുടെ   ദൗത്യമാണ്. ഇസ്ലാമിന്റെ സംസ്കാരം തന്നെ അതാണല്ലോ. എന്നോ പഠിച്ചത് എവിടെയും തൊടാതെ പറഞ്ഞുകൊണ്ടിരിക്കുക എന്നതല്ല. ഈ പ്രപഞ്ചത്തിന് ഒരു നാഥനുണ്ട്. ആ നാഥന് ചില ആസൂത്രണങ്ങളും പദ്ധതികളും ഉണ്ട്. ഇവിടെയുള്ളതൊന്നും വെറുതെ ഉണ്ടായതല്ല. ഇത്രയും വ്യവസ്ഥാപിതമായി നമ്മൾ കാണുന്ന ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന് ഈ പ്രപഞ്ചത്തിലെ ഓരോ കണികയെ സംബന്ധിച്ചും ഒരു പദ്ധതിയുണ്ട്.

ആ പദ്ധതിയും പ്ലാനും മുന്നിൽവെച്ചു നമ്മൾ ഈ കാര്യങ്ങളെ കാണുമ്പോൾ നമുക്ക് മനസ്സിലാകും, ഈ പദ്ധതി പ്രവാചകന്മാരിലൂടെ പകർന്നുകിട്ടിയ ആശയ സംഹിതകളുടെ കാലികമായ അവതരണം തന്നെയാണെന്ന്.  ഹിന്ദുത്വ ഫാഷിസത്തെ അഭിമുഖീകരിച്ചുകൊണ്ടല്ലാതെ ഇത് സാധ്യമല്ല. ഭൂമിയിലെ ഒരു പ്രദേശം വിശുദ്ധമാണ് എന്നൊരു കൂട്ടർ കരുതുമ്പോൾ, ആ പ്രദേശത്തുള്ള അവരും വിശുദ്ധരാണ് എന്ന് സ്വയം കരുതി സമാധാനിക്കുമ്പോൾ, മറ്റുള്ളവരെയൊക്കെ അശുദ്ധരായി അപരവത്കരിച്ചു ചവിട്ടി പുറത്താക്കാൻ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ഇതിനെ രാഷ്ട്രീയമായി മാത്രം നേരിട്ടാൽ മതി എന്ന് നമ്മൾ കരുതരുത്. സാധാരണക്കാരന്റെ പൊള്ളുന്ന പ്രശ്നങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന സമരങ്ങളാണ് വേണ്ടത്.

നമ്മുടെ കൈയിൽ ഒരു ആദർശമുണ്ട്. ആ ആദർശത്തിന് വലിയ കരുത്തുണ്ട്. ഭൂമിയിലെ ഒരു പ്രദേശം വിശുദ്ധമാണ് എന്ന വിവരക്കേട്  ഒരു കൂട്ടർ പറയുമ്പോൾ, നമ്മൾ അവരോട് പറയുന്നു ഈ ഭൂമിലോകം മുഴുവൻ സാക്ഷാൽ ദൈവം തമ്പുരാന്റേതാണെന്ന്. ദൈവം തമ്പുരാന്റെ ഭൂമി മുഴുവനും വിശുദ്ധമാണ്. അതിനെ അശുദ്ധമാക്കാൻ നിങ്ങൾ ശ്രമിക്കരുത്. വിശുദ്ധ ഖുർആനിൽ, അവർക്ക് അധികാരം കിട്ടിയാൽ അവരുടെ എല്ലാ പദ്ധതികളുമായി അവരീ ഭൂമിയിൽ അതിവേഗം ബഹുദൂരം മുന്നോട്ട് പോകുന്നത് കുഴപ്പങ്ങൾ ഉണ്ടാക്കാനായിരിക്കും എന്ന് പറയുന്നുണ്ട്.

അവർ തലമുറകളെ നശിപ്പിക്കും, കാർഷിക മേഖലകളെ സ്തംഭിപ്പിക്കും.  തലമുറകളെ വംശ ശുദ്ധി വരുത്തി ഈ രാജ്യത്തു നിന്ന് മുസ്ലിം സമുദായത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന് ഞങ്ങൾ സമ്മതിക്കില്ല എന്ന ഘോരമായ പ്രഖ്യാപനവുമായി നമ്മൾ തെരുവിൽ സജീവമാകുമ്പോൾ, കേന്ദ്ര ഭരണസിരാ കേന്ദ്രങ്ങളിൽ കർഷകരും സമരത്തിലാണ്. ഇത് യാദൃഛികമല്ല.  ഈ ഭൂമി മുഴുവൻ വിശുദ്ധമാണ്. അതിനെ മലിനമാക്കാൻ  വിവരം കെട്ട ആരെയും നമ്മൾ അനുവദിക്കില്ല.  ഭൂമിയെ സ്നേഹിക്കുന്ന, അതിലെ മനുഷ്യരോട് കാരുണ്യമുള്ള മനുഷ്യത്വത്തിന് വില കല്പിക്കുന്ന ഒരു കൂട്ടർക്കും അതിന് സാധ്യവുമല്ല. ഭൂമിയിൽ ഇങ്ങനെ  വംശ വിശുദ്ധി ഒരു കാഴ്ചപ്പാടായി വരുമ്പോൾ അത് വളരെ വലിയ കുഴപ്പങ്ങളിലേക്ക് പോകും എന്ന് സംശയമില്ല. അതിനെ കുറിച്ച് ആളുകളോട് പറയണം. നമ്മുടെ പ്രതിഷേധങ്ങൾ ഒക്കെയും ആശയപരമായ സംവാദങ്ങൾക്ക് അവസരം തുറന്നുവെക്കുകയാണ്. നമുക്ക് ആരോടൊക്കെയുള്ള പുച്ഛം, ദേഷ്യം, പക - ഇതൊക്കെ നമ്മളറിയാതെ  നമ്മളെ ഒരു വംശീയവാദിയാക്കുക എന്നതാവരുത് നമ്മുടെ സമരത്തിന്റെ മാനം.

ജമാഅത്തെ ഉസ്ലാമിയുടെ ആദ്യകാല പണ്ഡിത കേസരി സയ്യിദ് അബുൽ അഅ്ലാ മൗദൂദി, കമ്യൂണിസം ആശയംകൊണ്ടും ആയുധബലംകൊണ്ടും ലോകത്ത് ഒന്നടങ്കം തേരോട്ടം നടത്തിയ ഒരു ഘട്ടത്തിൽ   നടത്തിയ പ്രവചനം നിങ്ങൾ കേട്ടിരിക്കും: 'അങ്ങനെ ഒരു കാലം വരും, ആ കാലത്ത് കമ്യൂണിസത്തിന് അതിന്റെ ഈറ്റില്ലമായ മോസ്‌കോയിൽ പോലും നിലനിൽപില്ലാത്ത കാലം വരും. മുതലാളിത്തത്തിന്  അതിന്റെ ഈറ്റില്ലമായ വാഷിങ്ടണിലും ന്യൂയോർക്കിലും തന്നെ അഭയം കിട്ടാത്ത സ്ഥിതി വിശേഷം വരും. ലണ്ടനിലെയും പാരീസിലെയും യൂനിവേഴ്സിറ്റികളിൽ ബൗദ്ധിക നിർമതത്വത്തെ ഏറ്റെടുക്കാൻ ആളില്ലാത്ത സ്ഥിതി സംജാതമാവും.'  പറയുന്ന കൂട്ടത്തിൽ അദ്ദേഹം ഇങ്ങനെയും പറഞ്ഞു: നമ്മളീ പറയുന്ന  വംശീയതക്കും ദേശീയതക്കും ബ്രാഹ്മണരിലും ജർമൻകാരിലും അനുചരന്മാരെ കിട്ടാത്ത കാലം വരും.   ഈ ഘട്ടത്തിൽ തങ്ങളുടെ ചരിത്ര ദൗത്യം മറന്നു  അന്തം വിട്ട് മുസ്ലിം സമൂഹം നിന്നു എന്നത് ചരിത്രത്തിലെ ഗുണപാഠമായി അവശേഷിക്കും. ഇത്രയും പ്രതിസന്ധികൾ ഒരുമിച്ച് വന്നപ്പോൾ മൂസായുടെ അത്ഭുത സിദ്ധിയുള്ള മാന്ത്രിക വടി കക്ഷത്തിൽ വെച്ച് കേവലം കൊള്ളിക്കഷ്ണങ്ങളും കയറു തുണ്ടുകളും കണ്ടപ്പോൾ ഈ സമുദായം ഓച്ഛാനിച്ചു നിന്നു പോയി എന്നത് ചരിത്രത്തിന്റെ മറ്റൊരു ഗുണപാഠമാണ്.

വംശീയതയുടെ നാനാവിധ ഭാവങ്ങളും രൂപങ്ങളും പേറി ഒരു സംഘം നമ്മെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ രാഷ്ട്രീയമായ പ്രതിഷേധങ്ങൾക്ക്  വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ പ്രതിഷേധങ്ങളിൽ  നമ്മളോടൊപ്പം ആരൊക്കെ ചേരുന്നുവോ അവരെയൊക്കെ കൂടെ കൂട്ടണം.  മതനിരപേക്ഷരായ കോടിക്കണക്കിന് മനുഷ്യർ ഈ വിഷയത്തിൽ മുസ്ലിം സമൂഹത്തിന്റെ കൂടെയുണ്ട്. അവരുടെയൊക്കെ ശബ്ദങ്ങൾക്ക് നമ്മൾ കരുത്ത് പകരണം.  അതുകൊണ്ട് മാത്രം ഉത്തരവാദിത്വം തീരില്ല.  നമ്മുടെ കൈയിൽ പ്രപഞ്ച നാഥന്റെ സത്യസന്ദേശമുണ്ട്.  ഇസ്ലാമിന്റെയും മുസ്ലിമിന്റെയും പേര് കേൾക്കുമ്പോൾ തന്നെ നമ്മളോടുള്ള ഇവരുടെ വിഭ്രാന്തിയുടെ ഒരു കാരണം, ചരിത്രപരമായ  പ്രതികാരം തീർക്കലാണ്. ഏമാൻമാർ അവരുടെ മനകളുടെ മട്ടുപ്പാവിൽ ചാരു കസേരകളിൽ ഏമ്പക്കം വിട്ട് കിടക്കുമ്പോൾ, കാലിത്തൊഴുത്തിന്റെ തിണ്ണയിലിരുന്ന് പാളയിൽ കഞ്ഞി കുടിച്ചിരുന്ന പാവപ്പെട്ടവന്റെ കൈ പിടിച്ചു  ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്, സമത്വത്തിന്റെ യഥാർഥ  ആവിഷ്‌കാരത്തിലേക്ക് അവരുടെ ജീവിതത്തെ  പരിവർത്തിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തു എന്ന പുണ്യകർമത്തിനാണ്  ഈ പ്രതികാരം.

അന്നവർ ചെയ്തതിന് നമ്മൾ കൊടുക്കുന്ന ശിക്ഷയാണ് ഈ ഇസ്ലാം പേടി.  നമ്മൾക്കറിയാം ഈ സമരത്തിൽ മുമ്പ് വിജയിച്ചവരാണ് നാം. ഇനിയും വിജയിക്കും. നമുക്ക് ഈ സമരത്തിൽ നേരത്തെ മേൽക്കൈ കിട്ടിയിട്ടുണ്ടെങ്കിൽ ഇനിയും നമുക്ക് മേൽക്കൈ കിട്ടും. പ്രപഞ്ച നാഥൻ നൽകിയ വിമോചനത്തിന്റെ പദ്ധതി നമ്മുടെ കൈയിലുണ്ട്. അതാണ് മൂസായുടെ വടി. അത് കക്ഷത്തിലുള്ള കൂട്ടർ കേവലം കൊള്ളിക്കഷ്ണം  കാണുമ്പോൾ ഓഛാനിച്ചു പോകരുത് എന്നാണ് സയ്യിദ് മൗദൂദി ഉണർത്തിയത്. അത് വളരെ അർഥഗർഭമായ ആഹ്വാനമാണ്. ഇസ്ലാമിന്റെ ഓരോ സിദ്ധാന്തത്തിന്റെ മുന്നിലും ഫാഷിസ്റ്റുകൾ പതറും. അതുകൊണ്ട് നമ്മുടെ രാഷ്ട്രീയ പ്രതിഷേധങ്ങൾ, സെക്യുലരിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും സാധ്യമാകുന്ന വിധത്തിൽ ഒന്നിക്കുന്ന സമര വേദികൾ എല്ലാം  കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകട്ടെ. 

വംശീയവാദത്തിന്റെ അടിത്തറ തകർക്കുന്ന അധ്യാപനമാണ് മനുഷ്യന്റെ ഏകത്വം എന്ന  വിശുദ്ധ ഖുർആൻ പ്രഖ്യാപനം.  മനുഷ്യന്റെ ഉത്ഭവം ഒറ്റ നഫ്സിൽനിന്ന്. അതാണ് ലോകത്ത് തുല്യതയില്ലാത്ത പ്രഖ്യാപനം. രണ്ടാമത്തേത്, മനുഷ്യന്റെ മഹത്വം. ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു എന്ന് ഖുർആൻ.  മൂന്നാമത്തേത്, മനുഷ്യന്റെ സമത്വം. ഹേ മനുഷ്യരേ, നിങ്ങൾ ഒരേ മാതാപിതാക്കളുടെ മക്കളാണ് എന്ന പ്രഖ്യാപനം. നിങ്ങളുടെ പേരിന്റെ മുന്നിലും പിന്നിലും കുടുംബത്തെ സൂചിപ്പിക്കുന്ന അക്ഷരങ്ങൾ ഉണ്ട്.  മുന്നിലായാലും പിന്നിലായാലും അത് മേൽവിലാസം മാത്രം. മേൽവിലാസത്തെയല്ല, മനോഭാവത്തെയാണ് ഇസ്ലാം തിരുത്തിയത്. ദിനേന അഞ്ചു നേരമുള്ള സമത്വത്തിന്റെ പ്രായോഗി പരിശീലനം പകർന്നുനൽകിയാണ് അത് സാധിച്ചത്.  മനുഷ്യന്റെ ഏകത്വം, മഹത്വം, സമത്വം, മനുഷ്യ ജീവന്റെ വില - വംശീയതയുടെ മുഴുവൻ എലമെന്റുകളോടും ഈ ഓരോ തത്ത്വവും നിരന്തര കലഹത്തിലാണ്. നമ്മൾ സമത്വത്തെ കുറിച്ച് പറഞ്ഞത് അതൊരു സിദ്ധാന്തമായിട്ടല്ല.

പള്ളിയിൽനിന്നുള്ള ബാങ്കുവിളി കേട്ട് വളരെ വേഗത്തിൽ പള്ളിയിലെത്തിയവർക്ക് ഉള്ളതാണ് ആദ്യ സ്വഫ്. അല്ലാതെ മേലാളന്മാർക്കോ, പ്രമാണിമാരുടെ കുടുംബക്കാർക്കോ ഉള്ളതല്ല. പാവപ്പെട്ടവൻ വന്നാൽ ഹൗളിൻ കരയിൽ ഇരിപ്പിടം എന്നതല്ല ഇസ്ലാമിന്റെ തത്ത്വം. പാവപ്പെട്ടവനും ഉന്നതനും എന്ന വ്യത്യാസമില്ലാതെ, സ്ത്രീ-പുരുഷൻ എന്ന വ്യത്യാസമില്ലാതെ പള്ളികൾ എല്ലാവർക്കും സമമാണെന്ന് പ്രഖ്യാപിക്കുകയാണ്.  ആദ്യം വന്നത് പിന്നാക്കക്കാരൻ ആണെങ്കിലും മറ്റുള്ളവർ അവന്റെ പിറകിൽ നിന്ന് നമസ്കരിക്കണം. ദിനേന ഈ സമത്വത്തിന്റെ സിദ്ധാന്തം പകർന്നുനൽകുന്ന ഒരു ആദർശ വിഭാഗത്തിന് ഫാഷിസത്തിന്റെ മുന്നിൽ പതറേണ്ട കാര്യമില്ല.

കണ്ടാൽ നമുക്ക് വേണ്ടത്ര മതിപ്പ് തോന്നാത്ത, സ്പ്രിംഗ് പോലെ മുടിയുള്ള, ചുളിഞ്ഞ ശരീരമുള്ള കറുകറുത്ത ബിലാലിനെ ചരിത്രം രേഖപ്പെടുത്തിയില്ലേ? ആദ്യമായി പ്രവാചകനെ പറ്റി കേട്ട് ഒന്ന് കണ്ടാൽ കൊള്ളാം എന്ന് വെച്ച് കൂരിരുളിന്റെ മറവിൽ ഒരു ദിവസം ബിലാൽ പ്രവാചകന്റെ മുന്നിലെത്തി. സ്വന്തമായി മേൽവിലാസമില്ലാത്ത,  ദുർഗന്ധം വമിക്കുന്ന എന്റെ ശരീരത്തെ പ്രവാചകൻ ആലിംഗനം ചെയ്തെന്ന് ബിലാൽ പറയുന്നു. അത് ചരിത്രമാണ്. നമ്മൾ ചെയ്യേണ്ട പണി നമ്മൾ ചെയ്‌താൽ ചരിത്രം ഇനിയും ആവർത്തിക്കും. വർണാശ്രമ ധർമം ലംഘിച്ചുകൊണ്ട് ആയോധന കല പഠിക്കാൻ പോയതിന്റെ പേരിൽ പെരുവിരൽ ഛേദിച്ചു കൊടുക്കേണ്ടി വന്ന ഏകലവ്യനും, സെൻട്രൽ യൂനിവേഴ്സിറ്റിയിലെ നല്ല മാർക്കോടെ പഠിക്കാനെത്തിയ, മേലാള വർഗത്തിന്റെ നിരന്തര മാനസിക പീഡനം സഹിക്ക വയ്യാതെ പാതി വഴിയിൽ ജീവിതം ഉപേക്ഷിക്കേണ്ടി വന്ന രോഹിത് വെമുലയും  ഇൻഫർമേഷൻ ടെക്നോളജിയുടെ അമരക്കാരാവുന്ന ഒരു കാലം വരും. 

നമ്മൾ ചെയ്യേണ്ട പണി ചെയ്യാതിരുന്നപ്പോൾ ഒരു സാഹചര്യം ഒരുക്കിത്തന്നതാണ് പടച്ചോൻ. നമ്മൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സമരം നമ്മൾ അറിയാതെ നമ്മളെ എവിടെയോ എത്തിക്കുന്നുവെങ്കിൽ അത് ഗൗരവപ്പെട്ട കാര്യമാണ്. ഫാഷിസത്തോട് വിരോധം വേണം, രാഷ്ട്രീയ സമരങ്ങൾ വേണം. പക്ഷേ, ആശയപരമായി സംവാദം നടത്തുമ്പോൾ അത് നീതിപൂർവകമാവണം. ഹമാസിന്റെ തടവിൽ മാസങ്ങളോളം കഴിഞ്ഞ ശേഷം പുറത്തുവന്നവർ പറഞ്ഞതും, ഇസ്രയേലിന്റെ തടവറയിൽനിന്ന് പുറത്തുവന്നവർ പറഞ്ഞതും നാം കേൾക്കുന്നില്ലേ? അവ തമ്മിലുള്ള വ്യത്യാസം മാത്രം മതി ഇസ്ലാമും വംശീയതയും വേർതിരിച്ചു മനസ്സിലാക്കാൻ. നമ്മൾ ബദ്ധവൈരികളായി കാണുന്ന കൂട്ടത്തിലെ ഒരു കുട്ടിയെയോ സ്ത്രീയെയോ യുവാവിനെയോ കിട്ടിയാൽ ഒരു മനുഷ്യൻ അർഹിക്കുന്ന മുഴുവൻ ആദരവും  കൊടുത്തുകൊണ്ട് പെരുമാറാൻ  നിങ്ങളെ പ്രാപ്തരാക്കുന്ന മനസ്സിന്റെ നീതിബോധത്തിന്റെ ആ വിശാല തലമുണ്ടല്ലോ, അത് ലവലേശം ചോർന്നുപോകാതെ നോക്കണം.  സമരം തലക്കു പിടിച്ച് നമ്മൾ ആരാണെന്ന് തന്നെ മറന്നുപോകുന്നുവെങ്കിൽ നമ്മെക്കൊണ്ട് ഈ പണി പറ്റില്ല എന്നാണർഥം.
നമ്മൾ നമ്മുടെ കരുത്ത് വേണ്ട വിധത്തിൽ പ്രകടിപ്പിക്കാത്തതുകൊണ്ട്, എടുക്കേണ്ട പണി എടുക്കാത്തതുകൊണ്ട് പ്രപഞ്ച നാഥൻ ഒരു അവസരം തന്നിരിക്കുന്നു. ജെൻഡർ ന്യൂട്രാലിറ്റി ഉൾപ്പെടെ സദാചാര ധാർമിക രംഗത്തെ ആകെ  കുഴച്ചുമറിച്ചു ഒരുപാട് ചർച്ചകൾ ഈ നാട്ടിൽ നടക്കുന്നു.

അതിലെല്ലാം ഫലപ്രദമായി  ഇടപെടാൻ അവസരം തന്നിരിക്കുന്നു. ഇസ്ലാമിലെ സദാചാരത്തെയും ധാർമികതയെയും സംബന്ധിച്ച മുഴുവൻ അധ്യാപനങ്ങളും നിങ്ങൾക്ക് പറയാം. ദൈവിക ദീനിന്റെ അധ്യാപനങ്ങളെ കുറിച്ച് പറയാനാണ് നിങ്ങൾക്ക് അവസരം വന്നിരിക്കുന്നത്. ആഗോള തലത്തിൽ ദീനിന്റെ ഭരണ രാഷ്ട്രീയ സിദ്ധാന്തങ്ങളെ കുറിച്ച് പറയണോ, നിങ്ങൾ മുതലാളിത്തം സൃഷ്‌ടിച്ച ഐ.എസിനെ കുറിച്ച് പറഞ്ഞോളൂ. നാശഹേതു ആയിട്ടുള്ള ആ നിർമിതിയെ കുറിച്ച് ജമാഅത്തെ ഇസ്ലാമി തക്കസമയത്ത് പറഞ്ഞു, അത് ഇസ്ലാമല്ല എന്ന്. ഖിലാഫത്ത്, അമീർ, ജിസ്്യ, ബൈഅത്ത് ഇങ്ങനെ എല്ലാറ്റിനെ സംബന്ധിച്ചും നിങ്ങൾക്ക് പറയാൻ പറ്റും. ലോകം നിങ്ങളെ കാതോർക്കുന്നു;  സംസാരിക്കാൻ നിങ്ങൾക്ക് സമയം ഉണ്ടെങ്കിൽ. ഇനി പ്രപഞ്ച നാഥന്റെ വിധി വിലക്കുകളുടെ മനോഹാരിതയാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഹലാൽ വിവാദം ഉണ്ടാക്കിത്തന്നിരിക്കുന്നു. നിങ്ങൾ സംസാരിച്ചുകൊള്ളുക. ഇനി അതല്ല, സമഗ്ര ദീനിനെ കുറിച്ച് പറയാൻ നിങ്ങൾ വാചാലരാണെങ്കിൽ ഏക സിവിൽ കോഡ് വന്നിരിക്കുന്നു; ദൈവിക കോഡിനെ കുറിച്ച് നിങ്ങൾ വാചാലരായിക്കൊള്ളുക. ഈ സമരത്തിന്റെ ആവേശം ലവലേശം കെടാതെ, പ്രതിഷേധാഗ്നി അല്പം പോലും മനസ്സിൽ തണുത്തുപോകാതെ,  അത് വെറുപ്പും പകയും ആയി മാറാതെ, പ്രതിപക്ഷ ബഹുമാനത്തോടെ  ഈ കാലഘട്ടത്തിന്റെ ദൗത്യം ഏറ്റെടുക്കാൻ നമുക്ക് കഴിയും. എങ്കിൽ ഫാഷിസത്തെ തോല്പിക്കാൻ ഏറ്റവും കരുത്തുള്ള ആയുധം മൂസായുടെ കക്ഷത്തിലെ വടിയായിരിക്കും എന്ന് ഓർമപ്പെടുത്തട്ടെ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 08-10
ടി.കെ ഉബൈദ്

ഹദീസ്‌

ചോദിക്കാനുള്ളത് സുജൂദിൽ ചോദിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്