ജമാഅത്ത് വിരോധത്തിന്റെ നാല്‍പത് വര്‍ഷങ്ങള്‍
![](https://www.archive.prabodhanam.net/storage/uploads/volno80_issueno7/2.png)
'മതേതര മുസ്്‌ലിം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോളമിസ്റ്റും പ്രഭാഷകനുമായ ഹമീദ് ചേന്ദമംഗല്ലൂരിന് പ്രായം 75 തികഞ്ഞത് പ്രമാണിച്ച് അദ്ദേഹവുമായി നടത്തിയ അഭിമുഖങ്ങളുണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലും (2023 ജൂണ്‍ 25) വാരാന്തപ്പതിപ്പിലും (ജൂണ്‍ 18). മാതൃഭൂമിയിലെ മുഖാമുഖങ്ങളില്‍ താനിതുവരെ നടത്തിയ പോരാട്ടത്തിന്റെ മുഖം ജമാഅത്തെ ഇസ്്‌ലാമിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. നാല് പതിറ്റാണ്ട് നീണ്ട ജമാഅത്ത് വിരുദ്ധ ആശയ സമരത്തിന്റെ ന്യായീകരണത്തിന്റെ വിശദാംശങ്ങളാണ് മുഖാമുഖങ്ങളിലുടനീളം. 1980-ല്‍ ആരംഭിച്ചതായി ഹമീദ് തന്നെ ചൂണ്ടിക്കാട്ടുന്ന ഈ ആക്രമണത്തിന്റെ പ്രധാന വേദിയും മാധ്യമവുമായിരുന്നത് 'മാതൃഭൂമി'യാണെന്ന സത്യം അദ്ദേഹം തുറന്നു പറയുന്നില്ലെങ്കിലും അതാണ് സത്യം. ദേശീയ സ്വാതന്ത്ര്യ സമരമാണ് മാതൃഭൂമി 100 വര്‍ഷം മുമ്പ് പിറവിയെടുക്കാന്‍ പശ്ചാത്തലമൊരുക്കിയതെങ്കിലും അന്ന് മുതല്‍ ഇന്നു വരെ ഹൈന്ദവ ദേശീയതയുടെ താല്‍പര്യങ്ങളും അഭിരുചികളുമാണ് ആ ദേശീയ പത്രത്തില്‍ പ്രതിഫലിക്കുന്നതെന്ന വസ്തുത നിഷേധിക്കാനാവില്ല. ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ അന്തര്‍ധാര സത്യം, സമത്വം, സ്വാതന്ത്ര്യം എന്ന പ്രഖ്യാപിതാദര്‍ശത്തിന്റെ മുഖം മൂടിക്ക് പിന്നില്‍ എല്ലായ്‌പ്പോഴും ഒളിഞ്ഞിരുന്നിട്ടുണ്ട്. ഡെമോക്രസിയോടും സെക്യുലരിസത്തോടും പ്രതിബദ്ധത പുലര്‍ത്തിയ പ്രഗത്ഭര്‍ തലപ്പത്ത് വല്ലപ്പോഴും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും പത്രത്തിന്റെ മൗലിക സ്വഭാവം തിരുത്താന്‍ അവരുടെ സാന്നിധ്യം നിമിത്തമായിരുന്നിട്ടില്ല. അതേസമയം ഇസ്്‌ലാമിനെയും മുസ്്‌ലിംകളെയും സംബന്ധിക്കുന്ന വിഷയങ്ങളിലും പ്രശ്‌നങ്ങളിലും കഴിഞ്ഞ കാലമത്രയും സെക്യുലരിസ്റ്റുകളോടും അള്‍ട്രാ സെക്യുലരിസ്റ്റുകളോടുമൊപ്പം നില്‍ക്കാനാണ് മാതൃഭൂമി ജാഗ്രത കാട്ടിയിട്ടുള്ളത്. ഇസ്്‌ലാമിന്റെയും മുസ്്‌ലിംകളുടെയും ഭാഗത്ത് നിന്നുള്ള പ്രതിരോധത്തിന് നാമമാത്ര പരിഗണന മാത്രമേ പത്രം നല്‍കിയിട്ടുള്ളൂ. ഹമീദ് അനുസ്മരിക്കുന്ന പോലെ '1980-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയ ലേഖനമാണ് ജമാഅത്തെ ഇസ്്‌ലാമിയെക്കുറിച്ച വിമര്‍ശനം മുഖ്യധാരയില്‍ ആദ്യമായി വരുന്നത് (സത്യത്തിൽ സണ്‍ഡേ വീക്കിലിയില്‍ വന്ന ഇംഗ്ലീഷ് ലേഖനം അപ്പാടെ പകർത്തിയതായിരുന്നു ആ വിമര്‍ശനമെന്ന സത്യം അദ്ദേഹം സൗകര്യപൂര്‍വം മറച്ചുവെക്കുന്നു). ആ ലേഖനത്തിന് ഞാന്‍ വൈകാതെ 'പ്രബോധനം' വാരികയില്‍ മറുപടിയും എഴുതിയിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം മാതൃഭൂമിയിലൂടെയും അല്ലാതെയും നാല് പതിറ്റാണ്ടായി ജമാഅത്തെ ഇസ്്‌ലാമിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ മിക്കവാറും ഒരേ വാദഗതികളുടെ ആവര്‍ത്തനമാണ് കാണാനാവുക. സാമൂഹിക ജീവിതത്തിലുടനീളം തുടർന്ന കടന്നാക്രമണത്തിലൂടെ ലേഖകന്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ആരോപണങ്ങള്‍ തന്നെയാണ് ഒടുവിലത്തെ മുഖാമുഖങ്ങളിലും അദ്ദേഹം ഉന്നയിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അതിങ്ങനെ സംഗ്രഹിക്കാം:
ഒന്ന്, ആര്‍.എസ്.എസ്സിന്റെ ആശയത്തോട് ഒട്ടിനില്‍ക്കുന്ന ഒരാശയമായിട്ടാണ് മതരാഷ്ട്രവാദത്തെ കണക്കാക്കുന്നത്. ആര്‍.എസ്.എസ് ഹിന്ദു രാഷ്ട്രം വേണമെന്ന് പറയുന്നതുപോലെ തന്നെയാണ് ഇസ്്‌ലാമിക രാഷ്ട്രം വേണമെന്ന് ജമാഅത്തെ ഇസ്്‌ലാമി പറയുന്നതും.
രണ്ട്, ഹുകൂമത്തെ ഇലാഹിയൊക്കെയാണ് അവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. മതേതരത്വം, ജനാധിപത്യം ഒന്നും അവര്‍ അംഗീകരിക്കുന്നില്ല.
മൂന്ന്, പൊളിറ്റിക്കല്‍ ഹിന്ദുയിസം പോലെ ഒരു യാഥാര്‍ഥ്യമാണ് പൊളിറ്റിക്കല്‍ ഇസ്്‌ലാം. രാഷ്ട്രീയ ഹിന്ദുത്വ ഇന്ത്യയിലൊതുങ്ങുമ്പോള്‍ രാഷ്ട്രീയ ഇസ്്‌ലാമിന് ആഗോള തലത്തില്‍ വേരുകളുണ്ട്. ഇവ രണ്ടും ഐഡിയോളജിക്കല്‍ കസിന്‍സാണ്.
നാല്, സംഘ് പരിവാര്‍ നൂറ് വീപ്പ വിഷം കൊണ്ടുനടക്കുമ്പോള്‍ ഇസ്്‌ലാമിസ്റ്റുകള്‍ പത്ത് വീപ്പ വിഷം കൊണ്ടുനടക്കുന്നു. വിഷം എത്രയായാലും വിഷം തന്നെയാണ്.
1999 മാര്‍ച്ചില്‍ ഇസ്്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച 'മതരാഷ്ട്രവാദവും ഇസ്്‌ലാമിക പ്രസ്ഥാനവും' എന്ന എന്റെ കൃതിയില്‍ ഈ ആരോപണങ്ങൾക്ക് ഞാന്‍ സുവ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞതാണ്. നിരവധി ലേഖനങ്ങളിലൂടെയും ഈ ആരോപണങ്ങളുടെ അര്‍ഥശൂന്യത വ്യക്തമാക്കാതിരുന്നിട്ടില്ല. ഐ.പി.എച്ച് തന്നെ പ്രസിദ്ധീകരിച്ച മറ്റു ഗ്രന്ഥങ്ങളിലുമുണ്ട് ഹമീദിന്റെയും സമാന മനസ്‌കരുടെയും ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്്‌ലാമി സമീകരണ വാദത്തിനുള്ള മറുപടി. അതൊന്നും ഹമീദിന് സ്വീകാര്യമല്ലാതിരിക്കാം. എങ്കില്‍, ആരോപണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിനു പകരം മറുപടികളോട് പ്രതികരിക്കാതിരിക്കാനുള്ള ന്യായം?
1925-ല്‍ ഡോ. കേശവ ബലി റാം ഹെഡ്ഗെവാര്‍ രാഷ്ട്രീയ സ്വയം സേവക സംഘം രൂപവത്കരിച്ചത് മുസ്്‌ലിം ആക്രമണത്തെ സായുധമായി നേരിടേണ്ടിവന്ന സാഹചര്യത്തിലാണെന്ന് സംഘ് സാഹിത്യങ്ങളും ചരിത്രവും വ്യക്തമാക്കിയിട്ടുണ്ട്. സംഘിന്റെ അടിസ്ഥാനമായി അദ്ദേഹം വിഭാവന ചെയ്തത് ഭാരതീയ ദേശീയതയും സംസ്‌കൃതിയുമാണെന്നും ചൂണ്ടിക്കാട്ടാതിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ എം.എസ് ഗോള്‍വാള്‍ക്കറാണ്, ആർ.എസ്.എസ്സിന്റെ വേദഗ്രന്ഥവും പ്രത്യയശാസ്ത്ര അടിത്തറയുമായി കരുതപ്പെടുന്ന വിചാരധാരയുടെ കര്‍ത്താവ്. അതിലും സംശയാതീതമായി ചൂണ്ടിക്കാട്ടിയത് അതി തീവ്ര ഭാരതീയ ദേശീയത തന്നെ. അതുള്‍ക്കൊള്ളാന്‍ തയാറാവില്ല എന്ന് ഗോള്‍വാള്‍ക്കര്‍ തീരുമാനിച്ച മുസ്്‌ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും രാജ്യക്കൂറില്ലാത്തവരാണെന്ന് വിധി എഴുതുകയും ചെയ്തു. മറിച്ച്, എല്ലാ തരത്തിലുള്ള ദേശീയതകളെയും നഖശിഖാന്തം വിമര്‍ശിച്ച മൗദൂദി ദേശ, ഭാഷ, വര്‍ഗ, വംശ വ്യത്യസ്തതകള്‍ക്കതീതമായി വിശ്വ മാനവികത ഉയര്‍ത്തിപ്പിടിച്ച ഇസ്്‌ലാമിനെയാണ് മനുഷ്യ വിമോചനത്തിന്റെ ഏക രക്ഷാമാര്‍ഗമായി അവതരിപ്പിച്ചത്. ഇതിനോട് ഹമീദിനും സമാന മനസ്‌കര്‍ക്കും നൂറ് ശതമാനം വിയോജിക്കാം. പക്ഷേ, രണ്ടാദര്‍ശങ്ങളും ഒരേ നാണയത്തിന്റെ ഇരു ഭാഗങ്ങളായി അവതരിപ്പിക്കുന്നതില്‍ സത്യസന്ധതയുടെ അംശലേശമില്ല. മിലിറ്റന്‍സിയും ബലപ്രയോഗവുമാണ് ആര്‍.എസ്.എസ്സിന്റെ മാര്‍ഗമെങ്കില്‍ ലക്ഷ്യപ്രാപ്തിക്ക് സമാധാനപരമായ മാര്‍ഗം മാത്രമേ ജമാഅത്തെ ഇസ്്‌ലാമി അംഗീകരിച്ചിട്ടുള്ളൂ. 1948-ല്‍ നിലവില്‍വന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമി ഇന്നുവരെ അതിന്റെ ഭരണഘടനയില്‍ അതിന്റെ ലക്ഷ്യം ഇസ്്‌ലാമിക രാഷ്ട്ര സംസ്ഥാപനമോ ഹുകൂമത്തെ ഇലാഹിയോ ആണെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ഇസ്്‌ലാമിക രാഷ്ട്രം സ്ഥാപിക്കുക ലക്ഷ്യമായി പ്രഖ്യാപിക്കാന്‍ മാത്രം മൗഢ്യവും സംഘടനക്കില്ല. പാകിസ്താന്‍ ഉള്‍പ്പെടെ മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ തന്നെ, ഇസ്്‌ലാമിക തത്ത്വങ്ങളിലും ശരീഅത്തിലും അടിയുറച്ച വിശ്വാസികള്‍ക്ക് നിര്‍ണായകാധികാരം ലഭിച്ചാല്‍ മാത്രമേ ഇസ്്‌ലാമിക രാഷ്ട്ര നിര്‍മിതി പ്രായോഗികമാവൂ എന്നാണ് മൗദൂദിയടക്കമുള്ള ചിന്തകന്മാരും പണ്ഡിതന്മാരും എഴുതിയതും പറഞ്ഞതും. ഒരു മതത്തോടും പ്രത്യേകാഭിമുഖ്യം പുലര്‍ത്താതെ എല്ലാ മതങ്ങൾക്കും തുല്യ പരിഗണന നല്‍കുന്ന മതനിരപേക്ഷതയാണ് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതയെന്ന് അതിന്റെ ശില്‍പികള്‍ മുതല്‍ എല്ലാ നിയമ വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ജമാഅത്തെ ഇസ്്‌ലാമിക്കാവട്ടെ അത്തരമൊരു മതനിരേപക്ഷതയോട് ഒരു വിയോജിപ്പുമില്ലെന്നും മതനിരാസപരമായ മതേതരത്വത്തോടാണ് മറ്റേത് വിശ്വാസികളെയും പോലെ ജമാഅത്തിനും വിയോജിപ്പുള്ളതെന്നും അസന്ദിഗ്ധമായി വ്യക്തമാക്കാതിരുന്നിട്ടില്ല. പക്ഷേ, തന്റെ തന്നെ വെളിപ്പെടുത്തലനുസരിച്ച്, വിശ്വാസിയോ മതപരമായ ജീവിതം നയിക്കുന്നവനോ അല്ലാത്ത ഹമീദിന് ഈ വിശദീകരണം ദഹിക്കാതെ പോയതില്‍ അത്ഭുതമില്ല. ഇസ്്‌ലാമിക സംസ്‌കാരം, സ്വത്വം, പലിശരഹിത ബാങ്കിംഗ്, മദ്‌റസാ വിദ്യാഭ്യാസം, ശരീഅത്തിലധിഷ്ഠിതമായ കുടുംബ നിയമങ്ങള്‍ തുടങ്ങിയ എല്ലാറ്റിനെയും എതിര്‍ത്തുകൊണ്ട് ഇക്കാലമത്രയും ജീവിച്ചുവന്ന ഹമീദിന് ജമാഅത്തെ ഇസ്്‌ലാമിയോട് ഒരു പോയന്റിലും യോജിക്കാനാവില്ലെന്ന സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അതേസമയം മൗദൂദിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും നഖശിഖാന്തം വിമര്‍ശിച്ച സെക്യുലരിസ്റ്റുകള്‍ തന്നെയായിരുന്ന അസ്ഗറലി എഞ്ചിനീയര്‍, സൈഫുദ്ദീന്‍ സോസ് മുതലായവര്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയോടുള്ള തങ്ങളുടെ സമീപനത്തില്‍ വരുത്തിയ കാതലായ മാറ്റം ഹമീദ് കണ്ടില്ലെന്ന് നടിക്കുന്നു. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ആര്‍.എസ്.എസ്സിനോട് ജമാഅത്തിനെ സമീകരിക്കുന്നതിലെ യുക്തിരാഹിത്യം തുറന്നു പ്രകടിപ്പിക്കുന്നവരാണ് നിരവധി മതേതര ബുദ്ധിജീവികളും രാഷ്ട്രീയ നിരീക്ഷകരും. ഹമീദിനോട് സംവദിച്ച മാധ്യമ പ്രവര്‍ത്തകരും അക്കാര്യത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയപ്പോള്‍ പോലും ഹിന്ദുരാഷ്ട്രവാദം പോലെ വിഷം വമിക്കുന്നതാണ് മുസ്്‌ലിം രാഷ്ട്രവാദം എന്ന സാമാന്യവത്കരണത്തില്‍നിന്ന് പിന്മാറാന്‍ തയാറായിട്ടില്ല. അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണിയായി 'പരിരക്ഷിക്കാന്‍' സംഘ് പരിവാര്‍ തയാറാവുന്നതിന്റെ പിന്നിലെ ചേതോവികാരവും അതുതന്നെ. അദ്ദേഹത്തെ പോലുള്ളവര്‍ കണ്ണുംചിമ്മി നൂറ്റൊന്നു വട്ടം ആവര്‍ത്തിക്കാറുള്ള പോലെ മുസ്്‌ലിംരാഷ്ട്രവാദത്തിന്റെ പ്രതികരണമാണ് ഹിന്ദുത്വവാദികളുടെ ഹിന്ദുരാഷ്ട്രവാദം എന്നോ, ജമാഅത്തെ ഇസ്്‌ലാമിയുടെ ആദര്‍ശമാണ് ഹൈന്ദവ മിലിറ്റന്‍സിയെ ശക്തിപ്പെടുത്തുന്നതെന്നോ തലക്ക് വെളിവുള്ളവരാരും കരുതാനും ന്യായമില്ല. എന്തുകൊണ്ടെന്നാല്‍ വി.ഡി സവര്‍ക്കറും ഗോള്‍വാള്‍ക്കറും അവരുടെ പിന്‍ഗാമികളും കൊണ്ടുനടക്കുന്നത് അതി തീവ്ര വംശീയത അഥവാ ദേശീയതയാണ്. ഇസ്്‌ലാമിനെയും ക്രിസ്തുമതത്തെയും കമ്യൂണിസത്തെയും സെക്യുലരിസത്തെയുമെല്ലാം അവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതും അവയൊന്നും ഭാരതീയമല്ല എന്ന കാഴ്ചപ്പാടിലൂടെയാണ് താനും. ഇന്ത്യക്കാരന്‍ ഏതെങ്കിലും ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും അവർക്ക് പ്രശ്‌നമേയല്ല. സംഘ് പരിവാര്‍ നേതാക്കളില്‍ പലരും വിശ്വാസികളുമല്ല. ഹൈന്ദവാചാരങ്ങളെയും ക്ഷേത്രങ്ങളെയും സംഘ് പരിവാര്‍ കൂട്ടുപിടിക്കുന്നത് തന്നെയും വംശീയതയുടെയും ദേശീയതയുടെയും പ്രതലത്തില്‍ നിന്നുകൊണ്ടാണ്.
അങ്ങനെയൊെക്കയാണെങ്കിലും ഹമീദിന്റെ ജീവിതവും സന്ദേശവും വൃഥാവിലായി എന്നെനിക്ക് അഭിപ്രായമില്ല. അദ്ദേഹം ജമാഅത്തെ ഇസ്്‌ലാമിക്കെതിരെയും പരോക്ഷമായി ഇസ്്‌ലാമിനെതിരെയും നിരന്തരം ഉന്നയിച്ച മത രാഷ്ട്രവാദാരോപണമാണ് ഇന്നും സി.പി.എമ്മിനെ പോലുള്ള പാര്‍ട്ടികളുടെയും ഒരു വിഭാഗം മതേതര ബുദ്ധിജീവികളുടെയും ആയുധം. എന്തിന്, ജമാഅത്തെ ഇസ്്‌ലാമിക്കെതിരെ മത സംഘടനകളില്‍ ചിലതിന്റെ ഭാഗത്ത് നിന്ന് ചിലര്‍ തൊടുത്തുവിടുന്ന ആരോപണം പോലും മതരാഷ്ട്രവാദമാണെന്നത്, തന്റെ ദൗത്യം പരാജയപ്പെട്ടിട്ടില്ലെന്ന് ആശ്വസിക്കാന്‍ ഹമീദിന് അവസരമൊരുക്കുന്നതാണ്. ആ സംഘടനകളുടെ ഉപജ്ഞാതാക്കളും നേതാക്കളുമായിരുന്ന പണ്ഡിത പ്രമുഖര്‍ ജമാഅത്തിനെതിരെ എഴുതിയതോ പറഞ്ഞതോ ആയ പ്രസ്താവനകളിലൊന്നും ഇങ്ങനെയൊരാരോപണം സ്ഥലം പിടിച്ചിരുന്നില്ലെന്നോര്‍ക്കണം. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ഖിലാഫത്തിന്റെ മാതൃകയും അവശേഷിക്കുന്നേടത്തോളം കാലം ഒരു ഇസ്്‌ലാമിക പ്രസ്ഥാനത്തിന്റെ പേരിലും മതരാഷ്ട്രവാദം ആരോപിക്കാന്‍ സാധ്യമായിരുന്നില്ല, ഇപ്പോഴും സാധ്യമല്ല എന്ന സത്യമാണ് കാരണം. ഐ.എസിനെയും താലിബാനെയും സദൃശ കൂട്ടായ്മകളെയും മുസ്്‌ലിം ലോകം പൊതുവേ എതിര്‍ക്കുന്നതും ഇസ്്‌ലാമില്‍ രാഷ്ട്രീയമില്ലെന്നതു കൊണ്ടല്ല, ആ രാഷ്ട്രീയത്തെ ദുര്‍വ്യാഖ്യാനിക്കുകയും ദുരുപയോഗിക്കുകയും ചെയ്തതുകൊണ്ടാണ്.
പിന്‍കുറി: ജമാഅത്തെ ഇസ്്‌ലാമിക്ക് അനിഷേധ്യ സ്വാധീനമുള്ള ചേന്ദമംഗല്ലൂരില്‍ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ശത്രുവായ ഹമീദ് മുക്കാല്‍ നൂറ്റാണ്ട് കാലം പോറലേല്‍ക്കാതെ പിടിച്ചുനിന്നത്, പിതാമഹന്ന് ബ്രിട്ടീഷ് ഭരണകാലത്ത് അധികാരിപ്പണിയും കുടുംബ സ്വാധീനവും ഉള്ളതുകൊണ്ടല്ല, ജമാഅത്തിന്റെ സഹിഷ്ണുതയും സമാധാനപ്രേമവും കൊണ്ടാണെന്ന് ജയശങ്കര്‍ വക്കീലിനെ പോലുള്ളവര്‍ ഒരിക്കലെങ്കിലും സ്ഥലത്ത് വന്ന് അന്വേഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. l
Comments