സ്ത്രീശാക്തീകരണം മുന്നേറ്റങ്ങളും പ്രതിബന്ധങ്ങളും |
ചോദ്യാവലി |
1. സ്ത്രീവിമോചന-ശാക്തീകരണ ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാണല്ലോ? സ്ത്രീവിമോചനം എന്നതുകൊണ്ട് താങ്കള്‍ എന്താണ് അര്‍ഥമാക്കുന്നത്? സ്ത്രീശാക്തീകരണത്തിനുള്ള വഴികള്‍ എന്തൊക്കെയാണ്? |
2. കേരളത്തിലെ മിക്ക സ്ത്രീ വിമോചന ഗ്രൂപ്പുകളും, നമ്മുടെ മത,സാംസ്കാരിക പശ്ചാത്തലം ഒട്ടും പരിഗണിക്കാതെ പാശ്ചാത്യ ഫെമിനിസ്റ് ചിന്തകള്‍ അപ്പടി ഇറക്കുമതി ചെയ്യുകയാണ് എന്ന് ആരോപണമുണ്ട്. ഈ വാദത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു? |
3. നിലവിലുള്ള ഫെമിനിസ്റ് ഗ്രൂപ്പുകള്‍ മുതലാളിത്ത ജീവിതരീതിയെയും അരാജക പ്രവണതകളെയും മഹത്വവത്കരിക്കുകയാണ് എന്ന് കരുതുന്നുണ്ടോ? |
4. ഇന്ത്യയിലെ സവിശേഷമായ ജാതി ഘടനയില്‍ ഏറ്റവുമധികം പീഡനമനുഭവിക്കുന്നത് സ്ത്രീകളാണ്. മാര്‍ക്സിസം പോലുള്ള വിപ്ളവ പ്രത്യയശാസ്ത്രങ്ങള്‍ വരെ ജാതിക്കെതിരെ ശക്തമായ സമരമുഖങ്ങള്‍ തുറക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. എന്നിരിക്കെ, ജാതീയതക്കെതിരെ സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള പോരാട്ടം ഏത് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ വേണമെന്നാണ് താങ്കളുടെ അഭിപ്രായം? |
5. പ്ളാച്ചിമടയിലും ചെങ്ങറയിലും മറ്റും സമരമുഖത്തുള്ളത് മുഖ്യമായും സ്ത്രീകളാണ്. ആദിവാസികള്‍ പോലുള്ള പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെ അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലും സ്ത്രീകള്‍ മുമ്പിലുണ്ട്. മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെയും പലപ്പോഴും അവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിര്‍പ്പുകള്‍ അതിജീവിച്ചും മുന്നേറുന്ന ഈ സമരങ്ങള്‍ നല്‍കുന്ന സ്ത്രീവിമോചന സന്ദേശങ്ങള്‍ എന്താണ്? ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതില്‍ അത് എങ്ങനെയെല്ലാം നിര്‍ണായകമാവും? |
6. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കം സകല മുഖ്യധാരാ കക്ഷികളുടെയും മൌനാനുവാദത്തോടെ തുരങ്കം വെക്കപ്പെടുകയാണ്. ഈ പാര്‍ട്ടികളില്‍ ആണ്‍കോയ്മ ഏതെല്ലാം നിലകളിലാണ് പ്രവര്‍ത്തിക്കുന്നത്? |
7. രാഷ്ട്രീയ കക്ഷികളുടെ നേതൃസ്ഥാനങ്ങളിലും മറ്റും സ്ത്രീപ്രാതിനിധ്യം കുറഞ്ഞുപോയതുകൊണ്ടാണ് ഈ അവഗണന എന്ന് കരുതുന്നുണ്ടോ? |
8. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമുണ്ട്. നിലവിലുള്ള സംവരണ ചട്ടങ്ങള്‍ പ്രകാരം കേരളത്തിലെ പല പഞ്ചായത്തുകളിലും സ്ത്രീകള്‍ പ്രസിഡന്റുമാരായിട്ടുണ്ട്. പക്ഷേ ഇവര്‍ കേവലം റബര്‍ സ്റാമ്പുകളാണെന്നും യഥാര്‍ഥത്തില്‍ ഭരണം കൈയാളുന്നത് പുരുഷന്മാരാണെന്നുമാണ് ആക്ഷേപം. 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയാലും ഇതുതന്നെയല്ലേ സംഭവിക്കുക? ഈ പ്രതിസന്ധി എങ്ങനെ മറികടക്കാനാവുമെന്നാണ് താങ്കള്‍ കരുതുന്നത്? |
9. മുസ്ലിം, ഈഴവ പിന്നാക്കാദി വിഭാഗങ്ങള്‍ കേരളത്തില്‍ സംഘടിത ശക്തിയാണെങ്കിലും സംസ്ഥാനത്തിന്റെ പൊതുബോധം സവര്‍ണമാണെന്ന വാദമുണ്ട്. പൊട്ടു തൊടുന്നതിലോ കന്യാസ്ത്രീകള്‍ അവരുടെ മതകീയ വസ്ത്രം ധരിക്കുന്നതിലോ ആരും തെറ്റ് കാണുന്നില്ല. മുസ്ലിം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. നമ്മുടെ പൊതുബോധത്തെ സൃഷ്ടിക്കുന്നതില്‍ 'ഇസ്ലാമോഫോബിയ'ക്ക് വലിയ പങ്കുണ്ട് എന്നല്ലേ ഇതിനര്‍ഥം? |
10. 'സാമൂഹ്യ വിപ്ളവത്തിന് സ്ത്രീശക്തി' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ജമാഅത്തെ ഇസ്ലാമി കുറ്റിപ്പുറത്ത് 2010 ജനുവരി 24-ന് സംസ്ഥാന വനിതാ സമ്മേളനം സംഘടിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി നടത്തുന്ന സമ്മേളനം ഒരുപക്ഷേ കേരള ചരിത്രത്തില്‍ ആദ്യത്തേതായിരിക്കും. സമ്മേളനത്തിന്റെ സ്ത്രീശാക്തീകരണ ചര്‍ച്ച ഏതു വിധത്തിലാവണമെന്നാണ് താങ്കളുടെ നിര്‍ദേശം? |
|